ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ്പ് സ്റ്റെഫാനോസ് മുഖ്യാതിഥി

ഫിലഡല്‍ഫിയ: വിശാല ഫിലഡല്‍ഫിയ റീജിയണിലെ ഇന്ത്യന്‍ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളതനിമയിലുള്ള കത്തോലിക്കരുടെ സ്നേഹ കൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (ഐ.എ.സി.എ) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. മികച്ച ആദ്ധ്യാത്മിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികത്തോലിക്കര്‍ക്കു മാതൃകയായി സേവനത്തിന്‍റെ 48 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി 2028 ല്‍ സുവര്‍ണജൂബിലിയിലേക്ക് കുതിക്കുന്ന ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്’ എന്ന ആപ്തവാക്യത്തിലൂന്നി ഇന്‍ഡ്യന്‍ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 10 ശനിയാഴ്ച വൈകുന്നേരം നാലു മണിമുതല്‍ ഫിലാഡല്‍ഫിയ സെ. തോമസ് സീറോ മലബാര്‍ പള്ളിയില്‍ (608 ണലഹവെ ഞീമറ, ജവശഹമറലഹുവശമ ജഅ 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സീറോമലങ്കര കത്തോലിക്കാസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് മാര്‍ ഫീലിപ്പോസ് സ്റ്റെഫാനോസ് ആണു. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലും, സ്നേഹകൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും സീറോമലങ്കര റീത്തിലുള്ള കൃതഞ്ജതാബലിയര്‍പ്പണം നടക്കും.

വിശിഷ്ടാതിഥികള്‍ക്കു സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയാണു ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇന്‍ഡ്യന്‍ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂര്‍വികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഒരേ കുടക്കീഴില്‍ അണിനിരന്ന് ഒന്നിച്ചര്‍പ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

2026 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പുതുതായി വിവാഹിതരായ ദമ്പതിമാരെയും, 2026 ല്‍ ദാമ്പത്യജീവിതത്തിന്‍റെ രജത ജൂബിലി, സുവര്‍ണജൂബിലി (25, 50) എന്നീ വിശേഷാല്‍ വിവാഹവാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ ബിഷപ് ആശീര്‍വദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.

ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴില്‍ പ്രവാസി-അഭയാര്‍ത്ഥി കാര്യാലയത്തിന്‍റെ (പാസ്റ്ററല്‍ കെയര്‍ ഫോര്‍ റഫ്യൂജീസ് ആന്‍റ് മൈഗ്രന്‍റ്സ്) ചുമതലവഹിക്കുന്ന ഡയറക്ടര്‍ സിസ്റ്റര്‍ ജെര്‍ത്രൂഡ് ബോര്‍സിനെ തദവസരത്തില്‍ ഐ. എ. സി. എ. ആദരിക്കും.

ഉപരിപഠനത്തിനും, വൈദഗ്ധ്യജോലികള്‍ക്കായും ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയില്‍ കുടിയേറി വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച മലയാളി കത്തോലിക്കര്‍ 1978 ല്‍ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്‍ഡ്യന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. സി. എ.) വളര്‍ച്ചയുടെ പടവുകള്‍ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ സ്നേഹകൂട്ടായ്മയായി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.

പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയില്‍പെട്ട സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കുടുംബങ്ങള്‍ സമൂഹവളര്‍ച്ചക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് അഞ്ചു ദശാബ്ദക്കാലം സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്കു നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുന്നവരാണു.

സെക്കന്‍റ് ജനറേഷനില്‍നിന്നും വൈദികരെയും, കന്യാസ്ത്രികളെയും സഭാശുശ്രൂഷക്കായി സംഭാവന നല്‍കിയിട്ടുള്ള ഇന്‍ഡ്യന്‍ അമേരിക്കന്‍ കത്തോലിക്കര്‍ ചെറുപ്പക്കാരായ ധാരാളം പ്രൊഫഷണലുകളെയും സമൂഹത്തിനു പ്രദാനം ചെയ്ത് അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാക്കിയിട്ടുണ്ട്.

ഫിലാഡല്‍ഫിയ ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തില്‍പറമ്പില്‍, സെ. തോമസ് സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ബിപ്പി മാത്യു തറയില്‍ എന്നിവര്‍ ഡയറക്ടര്‍മാരുമായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികളായ തോമസ് സൈമണ്‍ (പ്രസിഡന്‍റ്), ചാര്‍ലി ചിറയത്ത് (ജനറല്‍ സെക്രട്ടറി), സ്വപ്ന സജി സെബാസ്റ്റ്യന്‍ (ട്രഷറര്‍), ജോഷ്വാ ജേക്കബ് (വൈസ് പ്രസിഡന്‍റ്), മെര്‍ലിന്‍ അഗസ്റ്റിന്‍ (ജോ. സെക്രട്ടറി), ഫിലിപ് (ബിജു) ജോണ്‍ (ജോ. ട്രഷറര്‍), അനീഷ് ജയിംസ് (മുന്‍ പ്രസിഡന്‍റ്), സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍സ് ആയ ജോസ് മാളേയ്ക്കല്‍, ജോസഫ് മാണി, ജസ്റ്റിന്‍ തോമസ്, ഫിലിപ് എടത്തില്‍, സേവ്യര്‍ മൂഴിക്കാട്ട്, റോമിയോ ഡാല്‍ഫി, കുരുവിള ജയിംസ്, ജറിക്ക് എബ്രാഹം എന്നിവരും, വൈദികര്‍ക്കൊപ്പം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അലക്സ് ജോണ്‍, തോമസ് നെടുമാക്കല്‍, ജോസഫ് തോമസ്. ജോണ്‍സണ്‍ ഫെര്‍ണാണ്ടസ് എന്നിവരടങ്ങുന്ന (ഐ. എ. സി. എ.) എക്സിക്ക്യൂട്ടീവ് കമ്മിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ഐ. എ. സി. എ. യുടെ കാരുണ്യപ്രവര്‍ത്തികളുടെ ഭാഗമായി സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ വസ്ത്രശേഖരണം നടത്തുന്നുണ്ട്. പുതിയതോ, അധികം ഉപയോഗിക്കാത്തതോ, മുഷിയാത്തതോ ആയ അമേരിക്കന്‍ വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, കമ്പിളി വസ്ത്രങ്ങളും ഈ കാലയളവില്‍ അംഗദേവാലയങ്ങളായ സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി, സെ. തോമസ് സീറോമലബാര്‍ പള്ളി, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷന്‍ എന്നിവയുടെ ലോബിയിലുള്ള ബോക്സില്‍ നിക്ഷേപിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാര്‍ലി ചിറയത്ത് (ജനറല്‍ സെക്രട്ടറി) 215 791 0439

Leave a Comment

More News