- വോൺസാനിൽ നിന്ന് വിക്ഷേപിച്ച ആദ്യ മിസൈൽ 450 കിലോമീറ്റർ സഞ്ചരിച്ചതായി റിപ്പോർട്ട്
- രണ്ടാമത്തേതിന്റെ വിശദാംശങ്ങളിൽ വ്യക്തതയില്ല
- നിരീക്ഷണം ശക്തമാക്കി ദക്ഷിണ കൊറിയയും ജപ്പാനും
സോൾ: യുഎസുമായുള്ള സംഘർഷവും കൊറിയൻ ഉപദ്വീപിലെ സുരക്ഷാ ആശങ്കകളും തുടരുന്നതിനിടെ വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ഞായറാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് മിസൈലുകൾ വിക്ഷേപിച്ചാണ് പ്യോങ്‌യാങ് വീണ്ടും സൈനിക ശക്തി പ്രകടിപ്പിച്ചത്. വിക്ഷേപണങ്ങൾ ദക്ഷിണ കൊറിയയും ജപ്പാനും സ്ഥിരീകരിച്ചതോടെ മേഖലയിൽ ജാഗ്രത ശക്തമാക്കി.
ഉത്തരകൊറിയയുടെ കിഴക്കൻ തീരത്തെ വോൺസാൻ മേഖലയിൽ നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ മിസൈൽ വിക്ഷേപിച്ചതെന്നാണ് ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഏകദേശം 450 കിലോമീറ്റർ സഞ്ചരിച്ച മിസൈൽ കിഴക്കൻ കടലിൽ പതിച്ചു. ഹ്വാസോങ്-11 പരമ്പരയിൽപ്പെട്ട ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആയിരിക്കാമിതെന്നാണ് വിലയിരുത്തൽ.
ജപ്പാനും വിക്ഷേപണം സ്ഥിരീകരിച്ചു. ബാലിസ്റ്റിക് മിസൈലായി വിലയിരുത്തിയ പ്രൊജക്റ്റൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് പതിച്ചതെന്ന് അധികൃതർ അറിയിച്ചു. വിക്ഷേപണത്തെ തുടർന്ന് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയ ജപ്പാൻ, ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിൽ പ്രതിഷേധവും രേഖപ്പെടുത്തി.
ആദ്യ മിസൈൽ വിക്ഷേപിച്ച് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്തരകൊറിയ രണ്ടാമത്തെ പ്രൊജക്റ്റൈൽ വിക്ഷേപിച്ചത്. എന്നാൽ രണ്ടാമത്തേതിന്റെ തരം, സഞ്ചരിച്ച ദൂരം, പതിച്ച സ്ഥലം തുടങ്ങിയ കാര്യങ്ങളിൽ പ്രാഥമിക റിപ്പോർട്ടുകളിൽ വ്യക്തതയുണ്ടായിരുന്നില്ല. ദക്ഷിണ കൊറിയയും അമേരിക്കയും വിക്ഷേപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്യുകയും ജപ്പാനുമായി വിവരങ്ങൾ പങ്കിടുകയും ചെയ്തു.
കൊറിയൻ ഉപദ്വീപിൽ നേരത്തേ തന്നെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. അടുത്തിടെ ദക്ഷിണ കൊറിയയും ജപ്പാനും പങ്കെടുത്ത യുഎസ് നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങൾ മേഖലയിൽ നടന്നിരുന്നു. ഇത്തരം സംയുക്ത സൈനികാഭ്യാസങ്ങൾ തങ്ങളുടെ ദേശീയ സുരക്ഷയ്ക്കുള്ള ഭീഷണിയാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്.
ഈ പശ്ചാത്തലത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും ഭരണകൂടത്തിലെ പ്രമുഖ നേതാവുമായ കിം യോ ജോങ് യുഎസ് നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങളെ വിമർശിച്ചിരുന്നു. രാജ്യത്തിന്റെ ആണവനയത്തിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടും അവർ ആവർത്തിച്ചു.
അതേസമയം, മിസൈൽ വിക്ഷേപണങ്ങളെ ദക്ഷിണ കൊറിയ ശക്തമായി അപലപിച്ചു. ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾക്ക് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും വെല്ലുവിളിയാകുന്ന നടപടികളിൽ നിന്ന് പ്യോങ്‌യാങ് പിന്മാറണമെന്നാണ് ദക്ഷിണ കൊറിയയുടെ ആവശ്യം.
ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾ ജപ്പാന്റെ സുരക്ഷയ്ക്കു മാത്രമല്ല, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ജപ്പാൻ അധികൃതരും പ്രതികരിച്ചു. ബീജിങ്ങിലെ നയതന്ത്ര മാർഗങ്ങളിലൂടെ ഉത്തരകൊറിയയെ പ്രതിഷേധം അറിയിച്ചതായും ജപ്പാൻ വ്യക്തമാക്കി.
പുതിയ വിക്ഷേപണങ്ങളോടെ ഉത്തരകൊറിയയും യുഎസ്–ദക്ഷിണ കൊറിയ–ജപ്പാൻ കൂട്ടായ്മയും തമ്മിലുള്ള സൈനിക-നയതന്ത്ര സംഘർഷം വീണ്ടും ശക്തമാകുകയാണ്. മേഖലയിൽ സൈനികാഭ്യാസങ്ങളും മിസൈൽ പരീക്ഷണങ്ങളും തുടർന്നാൽ കൊറിയൻ ഉപദ്വീപിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
