ഭൃഗു മഹർഷിയുടെ കോപവും, തിരുപ്പതി വെങ്കിടേശ്വരന്റെ അവതാരവും
ഹിന്ദു പുരാണപാരമ്പര്യത്തിൽ ഭക്തിയുടെയും അഹങ്കാരത്തിന്റെയും ക്ഷമയുടെയും ദൈവികലീലകളുടെയും ആഴമേറിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ഐതിഹ്യ കഥകളുണ്ട്. അവയിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ഭൃഗു മഹർഷി മഹാവിഷ്ണുവിന്റെ തിരുമാറിൽ ചവിട്ടിയതും അതിനെത്തുടർന്ന് ലക്ഷ്മീദേവി വൈകുണ്ഠം വിട്ടു ഭൂമിയിലേക്ക് പിണങ്ങിപോയതും പിന്നീട് മഹാവിഷ്ണു ഭൂമിയിൽ ശ്രീനിവാസനായി അവതരിച്ച് തിരുമലയിൽ വെങ്കിടേശ്വരനായി എന്ന ഐതിഹ്യം. തിരുപ്പതി വെങ്കിടാചലപതിയുടെ ആവിർഭാവവുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ഈ കഥയിൽ ദൈവികമായ ക്ഷമയും ഭക്തിയുടെ മഹത്വവും മനുഷ്യന്റെ അഹങ്കാരത്തിന്റെ പരിണതഫലങ്ങളും മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
ഒരിക്കൽ മഹർഷിമാർ ഭൂമിയിൽ ഒരു മഹായാഗം നടത്താൻ തീരുമാനിച്ചു. യാഗത്തിന്റെ ഫലം ഏതു ദേവന് സമർപ്പിക്കണമെന്ന കാര്യത്തിൽ അവർക്കിടയിൽ സംശയമുണ്ടായി. സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവോ, ലോകസംരക്ഷകനായ മഹാവിഷ്ണുവോ, സംഹാരശക്തിയായ മഹാദേവനോ, ആരെയാണ് പരമമായ ആദരവിന് അർഹനായി കണക്കാക്കേണ്ടത്? ഈ സംശയത്തിന് ഉത്തരം കണ്ടെത്താൻ അവർ ജ്ഞാനിയായ ഭൃഗുമഹർഷിയെ നിയോഗിച്ചു. ത്രിമൂർത്തികളിൽ ആരാണ് ഏറ്റവും ഉന്നതനെന്നും ആരാണ് യാഗഫലം സ്വീകരിക്കാൻ ഏറ്റവും യോഗ്യനെന്നും നേരിട്ട് പരീക്ഷിച്ചറിയുകയായിരുന്നു അദ്ദേഹത്തിൽ ചാർത്തപ്പെട്ട ലക്ഷ്യം. ഇതിന്റെ ഭാഗമായി ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിന്റെ സന്നിധിയിലെത്തി. എന്നാൽ ബ്രഹ്മാവ് തന്റെ പത്നിയായ സരസ്വതിയോടൊപ്പം സൃഷ്ടികാര്യങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. മഹർഷിക്ക് പ്രതീക്ഷിച്ച ആദരവ് ലഭിച്ചില്ലെന്നു തോന്നിയ ഭൃഗു കോപാകുലനായി. തുടർന്ന് അദ്ദേഹം കൈലാസത്തിലെത്തി മഹാദേവനെ സന്ദർശിച്ചു. ശിവൻ ഭൃഗുവിനെ സ്വീകരിക്കാൻ മുന്നോട്ടുവന്നെങ്കിലും മഹർഷി അദ്ദേഹത്തെ ചുടല ചാര, പൂശിയാവാൻ എന്ന് പറഞ്ഞു തൃപ്തനായില്ല . ഇങ്ങനെ ബ്രഹ്മാവിന്റെയും ശിവന്റെയും സന്നിധികളിൽനിന്ന് മടങ്ങിയ ഭൃഗുമഹർഷി ഒടുവിൽ വൈകുണ്ഠത്തിലെത്തി.
വൈകുണ്ഠത്തിലെത്തിയ ഭൃഗുമഹർഷി കണ്ടത് ആദിശേഷനിൽ ശയിക്കുന്ന മഹാവിഷ്ണുവിനെയായിരുന്നു. മഹാലക്ഷ്മി ഭഗവാന്റെ തിരുവടികൾ സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹർഷി എത്തിയിട്ടും മഹാവിഷ്ണു ഉടൻ എഴുന്നേറ്റ് സ്വീകരിച്ചില്ലെന്ന് ഭൃഗുവിന് തോന്നി. തന്റെ വരവിനെ അവഗണിച്ചുവെന്ന ധാരണ അദ്ദേഹത്തിന്റെ കോപം വർധിപ്പിച്ചു. കോപാന്ധനായ മഹർഷി, മഹാവിഷ്ണുവിന്റെ തിരുമാറിൽ ശക്തിയായി ചവിട്ടി. ഭൃഗുവിന്റെ പാദത്തിൽ അഹങ്കാരത്തിന്റെ പ്രതീകമായി ഒരു മൂന്നാം കണ്ണുണ്ടായിരുന്നുവെന്നും അതാണ് അദ്ദേഹത്തിന്റെ വിവേചനശക്തിയെ മറച്ചതെന്നും ചില പുരാണവ്യാഖ്യാനങ്ങൾ പറയുന്നു. എന്നാൽ ഭൃഗുമഹർഷി ചവിട്ടിയപ്പോൾ മഹാവിഷ്ണു കോപിക്കുകയോ മഹർഷിയെ ശപിക്കുകയോ ചെയ്തില്ല. പകരം, ഭഗവാൻ ഉടൻ എഴുന്നേറ്റ് അദ്ദേഹത്തിന്റെ പാദങ്ങൾ കൈകളിലെടുത്ത് സ്നേഹത്തോടെ തടവുകയും, തന്റെ കഠിനമായ മാറിൽ ചവിട്ടിയപ്പോൾ മഹർഷിയുടെ പാദത്തിന് വേദനിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു. മഹാവിഷ്ണുവിന്റെ ഈ അസാധാരണമായ ക്ഷമയും വിനയവും കണ്ട ഭൃഗുമഹർഷിയുടെ അഹങ്കാരം അസ്തമിച്ചു. യഥാർഥ മഹത്വം,അറിവിലും, അധികാരപ്രകടനത്തിലല്ല, ക്ഷമയിലും കരുണയിലുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മഹാവിഷ്ണുവാണ് യാഗഫലം സ്വീകരിക്കാൻ ഏറ്റവും യോഗ്യനെന്ന് മഹർഷി തീരുമാനിച്ചു.
എന്നാൽ ഈ സംഭവത്തിൽ മഹാലക്ഷ്മീദേവിക്ക് അതീവ ദുഃഖമുണ്ടായി. കാരണം, മഹാവിഷ്ണുവിന്റെ തിരുമാറാണ് ലക്ഷ്മീദേവിയുടെ വാസസ്ഥാനമായി വിശ്വസിക്കപ്പെടുന്നത്. തന്റെ വാസസ്ഥാനത്തെ അപമാനിച്ച ഭൃഗുമഹർഷിയോട് ഭഗവാൻ ക്ഷമ കാണിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തതിൽ ദേവി അസന്തുഷ്ടയായി. ഭക്തന്റെ അഹങ്കാരത്തെ ശമിപ്പിക്കാനായി ഭഗവാൻ സ്വീകരിച്ച നിലപാട് ദേവിക്ക് തന്റെ മഹത്വത്തോടുള്ള അവഗണനയായി തോന്നുകയും, ദുഃഖവും കോപവും നിറഞ്ഞ ലക്ഷ്മീദേവി വൈകുണ്ഠം വിട്ട് ഭൂമിയിലേക്ക് പുറപ്പെട്ടു. ദേവിയുടെ വേർപാട് മഹാവിഷ്ണുവിന്റെ ദിവ്യജീവിതത്തിൽ വലിയ ദുഃഖത്തിനും, മാറ്റത്തിനനും കാരണമായി. മഹാലക്ഷ്മി വൈകുണ്ഠം വിട്ടുപോയതോടെ മഹാവിഷ്ണുവും അവളെ അന്വേഷിച്ച് ഭൂമിയിലേക്ക് ഇറങ്ങി. ഐതിഹ്യമനുസരിച്ച്, അദ്ദേഹം ആന്ധ്രാപ്രദേശിലെ തിരുമല പർവതനിരകളിലുള്ള വെങ്കടാചലത്തിൽ എത്തി, അവിടെ ഒരു പുളിമരത്തിന്റെ ചുവട്ടിലുള്ള ഉറുമ്പിൻപുറ്റിൽ തപസ്സനുഷ്ഠിച്ചു. ഭൂമിയിൽ ശ്രീനിവാസൻ എന്ന പേരിൽ അറിയപ്പെട്ട ഭഗവാൻ, ലക്ഷ്മീദേവിയുമായുള്ള പുനഃസംഗമത്തിനായി കാത്തിരിക്കുകയായിരുന്നു. കാലക്രമത്തിൽ പശുക്കളുടെ പാലിലൂടെ അദ്ദേഹത്തിന് പോഷണം ലഭിക്കുന്നതും, ആ പ്രദേശത്തെ ദൈവികസാന്നിധ്യം തിരിച്ചറിയപ്പെടുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഈ ഐതിഹ്യത്തിന്റെ വിവിധ രൂപങ്ങളിൽ വിവരിക്കപ്പെടുന്നു.
ഇതിനിടെ, ഭൂമിയിൽ ആകാശരാജൻ എന്ന രാജാവിന്റെ മകളായി പത്മാവതി വളർന്നു. പത്മാവതിയും ശ്രീനിവാസനും കണ്ടുമുട്ടിയതോടെ അവരെ വിവാഹത്തിലേക്ക് നയിക്കുകയും . ഇരുവരുടെയും വിവാഹത്തിന് ദേവന്മാരും മഹർഷിമാരും സാക്ഷികളായെന്നും, വിവാഹച്ചെലവുകൾക്കായി ശ്രീനിവാസൻ കുബേരനിൽനിന്ന് കടം വാങ്ങിയെന്നും ഐതിഹ്യം പറയുന്നു. ഈ കടം ഭക്തർ സമർപ്പിക്കുന്ന കാണിക്കകളിലൂടെ തിരിച്ചടയ്ക്കുന്നു എന്ന വിശ്വാസവും തിരുമല ക്ഷേത്രത്തിലെ ഭക്തിപാരമ്പര്യത്തിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ വെങ്കിടേശ്വരന് ഭക്തർ സമർപ്പിക്കുന്ന കാണിക്കകൾ വെറും വഴിപാടുകളല്ല, ഭഗവാനോടുള്ള സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകങ്ങളായാണ് കാണുന്നത്.
മഹാലക്ഷ്മിയുമായുള്ള വേർപാടും പത്മാവതിയുമായുള്ള വിവാഹവും സംബന്ധിച്ച് പുരാണപാരമ്പര്യങ്ങളിൽ വ്യത്യസ്ത വിവരണങ്ങളുണ്ട്. ചില പാരമ്പര്യങ്ങളിൽ ലക്ഷ്മീദേവി പിന്നീട് കൊളാപ്പൂരിൽ മഹാലക്ഷ്മിയായി വാഴുന്നതായും, തിരുമലയിൽ ശ്രീനിവാസൻ പത്മാവതിയോടൊപ്പം വാഴുന്നതായും വിവരിക്കുന്നു. ഈ കഥകളുടെ വിശദാംശങ്ങൾ വ്യത്യസ്തമായിരുന്നാലും, മഹാവിഷ്ണു ഭൂമിയിൽ ഭക്തരുടെ അഭയസ്ഥാനമായി വാഴുന്ന വെങ്കിടേശ്വരനായി മാറിയെന്ന വിശ്വാസമാണ് തിരുമലയുടെ ആരാധനാപാരമ്പര്യത്തിന്റെ കേന്ദ്രത്തിൽ നിലകൊള്ളുന്നത്. അങ്ങനെ, വൈകുണ്ഠത്തിൽ ഭൃഗുമഹർഷി മഹാവിഷ്ണുവിന്റെ തിരുമാറിൽ ചവിട്ടിയ സംഭവത്തിൽനിന്ന് ആരംഭിക്കുന്നതായി പറയപ്പെടുന്ന ഐതിഹ്യം തിരുമല വെങ്കിടേശ്വരന്റെ ആവിർഭാവത്തിലേക്കും ക്ഷേത്രമഹാത്മ്യത്തിലേക്കും നീളുന്നു. ഭക്തർ തിരുപ്പതി വെങ്കിടാചലപതിയെ കലിയുഗത്തിലെ പ്രത്യക്ഷദൈവമായി കണക്കാക്കുന്നു. ജീവിതദുഃഖങ്ങളിൽ ആശ്രയമായും പ്രതിസന്ധികളിൽ തുണയായും ആഗ്രഹങ്ങൾ ഭഗവാന്റെ സന്നിധിയിൽ സമർപ്പിക്കാനുള്ള പുണ്യസ്ഥലമായും തിരുമല കോടിക്കണക്കിന് ഭക്തരുടെ മനസ്സിൽ സ്ഥാനം നേടിയിരിക്കുന്നു.
ഈ ഐതിഹ്യത്തിന്റെ ആന്തരീകസന്ദേശം ഭഗവാന്റെ മഹത്വം വിവരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഭൃഗുമഹർഷിയുടെ അഹങ്കാരവും മഹാവിഷ്ണുവിന്റെ ക്ഷമയും ലക്ഷ്മീദേവിയുടെ ആത്മാഭിമാനവും ശ്രീനിവാസന്റെ ഭൂമിയിലെ വാസവും ചേർന്ന് മനുഷ്യ ഭൗതീക ജീവിതത്തെക്കുറിച്ചുള്ള നിരവധി ചിന്തകൾ ഉണർത്തുന്നു. അപമാനത്തിന് പ്രതികാരത്തിലൂടെ മറുപടി നൽകാതെ കരുണയിലൂടെ മറ്റൊരാളുടെ അഹങ്കാരം തിരിച്ചറിയാൻ സഹായിക്കുന്നതാണ് യഥാർഥ മഹത്വമെന്ന് മഹാവിഷ്ണുവിന്റെ പ്രവൃത്തി പഠിപ്പിക്കുന്നു. അതേസമയം, ക്ഷമയും കരുണയും ആത്മാഭിമാനത്തെ അവഗണിക്കുന്നതാകരുതെന്ന ചിന്തയും ലക്ഷ്മീദേവിയുടെ പ്രതികരണത്തിൽ വായിച്ചെടുക്കാം.
ഭൃഗുമഹർഷിയുടെ ഒരു ചവിട്ടിൽ ആരംഭിക്കുന്ന ഈ പുരാണകഥയുടെ മഹത്തായ സന്ദേശം എന്നത്, അഹങ്കാരം ദൈവികതയെ തിരിച്ചറിയാനുള്ള കണ്ണുകളെപ്പോലും മറയ്ക്കാം, എന്നാൽ ക്ഷമയും വിനയവും സ്നേഹവും കൊണ്ട് ആ അന്ധകാരത്തെ നീക്കാൻ കഴിയും. തിരുപ്പതി വെങ്കിടേശ്വരന്റെ ഐതിഹ്യം ഒരു ക്ഷേത്രത്തിന്റെ ഉത്ഭവകഥയായി മാത്രം കാണാതെ, അഹങ്കാരത്തിൽനിന്ന് വിനയത്തിലേക്കും വേർപാടിൽനിന്ന് സംഗമത്തിലേക്കും മനുഷ്യനെ നയിക്കുന്ന ആത്മീയകഥ കൂടിയായി കാണുന്നതാണ് കൂടുതൽ ഉത്തമം
