അയാൾ രാവിലെ ഉണർന്ന ഉടനെ കൈ, കാൽ, മുഖം, കണ്ണ്, മൂക്ക് എല്ലാം തപ്പി നോക്കി. എല്ലാം യഥാസ്ഥാനത്ത് തന്നെയുണ്ട്. ഇന്നലെ ഇവയെല്ലാം എവിടെയായിരുന്നു? അപ്പോഴാണ് അയാൾ ഓർത്തത് കഴിഞ്ഞ രാത്രി കുഷ്ഠരോഗാശുപത്രി സ്വപ്നo കണ്ടതും താൻ അവിടുത്തെ ഒരംഗവിഹീനനായ അന്തേവാസിയായിരുന്നതും…!
അയാൾ ധൃതിയിൽ താഴെയിറങ്ങി ഫോൺ ചെയ്യാൻ. ഫോൺ ഒരു നിമിഷം കൈയിൽ പിടിച്ചുകൊണ്ട് എന്തോ ഓർത്തു. തൽക്ഷണം ഫോൺ താഴെ വച്ചു… അടുക്കളയിലേക്ക് നടന്നു.
ഭാര്യ പ്രാതൽ തയ്യാറാക്കുകയായിരുന്നു. അവളോട് സ്വപ്നത്തെപ്പറ്റി പറഞ്ഞാലോ? വേണ്ട. അവളൊരിക്കലും അത് അംഗീകരിക്കയില്ല! ഇതിനേക്കാൾ ചെറിയ കാര്യങ്ങൾക്കു പോലും വാശി പിടിച്ചിട്ടുള്ള ആളാണ്! എങ്കിലും അല്പം ശങ്കിച്ച ശേഷം, ആ സ്വപ്നസാരം അവളെ ധരിപ്പിച്ചു.
അവളുടെ മറുപടി വൈകുന്നുവെന്ന് തോന്നിയപ്പോൾ അയാൾ സോഫയിലിരുന്നു.
അവൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം കൊടുത്തിട്ട്, ഗൗരവത്തോടെ സോഫയുടെ അറ്റത്ത് വന്നിരുന്നു.
അവരുടെയിടയിൽ മൗനം വളർന്നു…
അവൾ പതുക്കെ: ‘നിങ്ങളൊരു കിനാവ് കണ്ടെന്ന് വെച്ച് നല്ലൊരു ജോലി വിടാ?’
അയാൾ സ്വരം താഴ്ത്തിക്കൊണ്ട്: ‘തലേരാത്രി കണ്ട സ്വപ്നത്തിൽ ഞാൻ കുഷ്ഠരോഗാശുപത്രിയിൽ കൈ, കാൽ, മുഖo ഒക്കെ നഷ്ടപ്പെട്ട്, കുരുടനായി കിടന്നു വിഷമിക്കുകയായിരുന്നു. അപ്പോൾ പള്ളീലച്ചനെപ്പോലെയുള്ള ഒരു ദീർഘകായൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ‘വിഷമിക്കണ്ട എല്ലാം ശരിയാകും; ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂർ ആതുരസേവ ചെയ്താൽ മതി.’
അവൾ പെട്ടെന്ന് മറുപടി പറയാതെ വീണ്ടും ഒരു നിമിഷം നീണ്ട മൗനത്തിലേക്കിഴഞ്ഞു; ശേഷം ശബ്ദമുയർന്നു: ‘വീടിന്റെ അടവ്, കുട്ട്യേൾടെ ഫീസ്, ങ്ങടെ സ്റ്റുഡന്റ് ലോൺ ഒക്കെ ള്ളപ്പഴാ ജോലി വിട്ണത്?’
ആഴ്ചയിൽ അഞ്ചുദിവസം ഫുൾടൈമായും ശനിയാഴ്ച പാർട്ട്ടൈമായും ജോലിചെയ്യുന്നുണ്ട്. ശനിയാഴ്ചത്തെ ജോലി ഉപേക്ഷിച്ചു നഴ്സിങ് ഹോമിലെ അന്തേവാസികളെ ഊട്ടിക്കണമെന്നും ബാക്കിനേരം സാമൂഹികകാര്യങ്ങളിൽ പ്രവർത്തിക്കണമെന്നും, ഞായറാഴ്ച കുടുംബത്തോടോടൊപ്പം ചെലവഴിക്കണമെന്നും പറയാൻ ഭാവിച്ചെങ്കിലും, വാക്കുകൾ മറ്റൊരു തരത്തിലാണ് ചിതറിവീണത്: ‘സ്വപ്നത്തിൽ കണ്ട ആൾക്ക് ഞാൻ വാക്ക് കൊടുത്തുപോയി!’
അവളുടെ സ്വരം ഉച്ചത്തിലായി: ‘എന്ത് വാക്കാ നിങ്ങൾ കൊടുത്തത്, ആർക്കാ കൊടുത്തത്? നിങ്ങക്ക് നൊസ്സുണ്ടോ, ഒരു പേക്കിനാവ് കണ്ടെന്ന് വെച്ച് നല്ലൊരു ജോലിവിടാൻ… അതും ജോലിക്ക് ബുദ്ധിമുട്ടുള്ളപ്പോൾ!’
അയാൾ മറുപടി പറയാതെ വീടിന്റെ പുറകുവശത്തെ പൂപ്പാത്രത്തിലെ കടുംചുവപ്പും വെളുപ്പും വയലറ്റും നിറമുള്ള പൂക്കളിൽ കണ്ണ് നട്ടിരുന്നു. അയാൾക്ക് വേനലിൽ വിരിയുന്ന നിറപ്പകിട്ടാർന്ന പൂക്കളെ നോക്കിയിരിക്കുന്നത് ഇഷ്ടമാണ്. ഒരിക്കൽ ആ പൂക്കളുടെ മനോഹാരിതയിൽ അഭിരമിച്ച് അതിന്റെ അടുക്കൽ ചെന്ന് വാസനിച്ചു. പക്ഷേ അവയ്ക്ക് ആകർഷണമല്ലാതെ സൗരഭ്യമില്ലായിരുന്നു.
പൂപ്പാത്രങ്ങൾ വീടിന്റെ അകത്തും പുറത്തും തൂക്കുന്നത് മകന്റെ വിനോദമാണ്. അവന്റെ അമ്മ വീട്ടിലെവിടെയും ചെടിച്ചട്ടികളാണെന്ന് പരാതിപ്പെടുമ്പോൾ അവൻ പറയും: ചെടികൾ കിളിർക്കുന്നതുo അ തിന്റെ മുന നീളുന്നതുo അവയുടെ തളിരിലകൾ തൊടുന്നതുo അവനിഷ്ടമെന്നും, പുത്തൻ ദളങ്ങൾ വിരിയുന്നത് വീടിന്നൈശ്വര്യമെന്നും.
അവൾ മുഖം വീർപ്പിച്ചിരിക്കുന്നു. അവൾ കോപിച്ചിരിക്കുമ്പോൾ അവളുടെ കവിളിണകൾ ശോഭിക്കുന്നതും ചുണ്ടുകൾ ചുവക്കുന്നതും കുറുനിരകൾ എഴുന്നുനിൽക്കുന്നതും ഭാവനയിൽ കാണാമെങ്കിലും, പൂക്കളിൽ നട്ട കണ്ണുകൾ പറിച്ചെടുത്ത് അവളുടെ അഴകാർന്ന മുഖത്തേക്ക് നോക്കാൻ ധൈര്യപ്പെട്ടില്ല!
സ്വപ്നത്തിലെ താടിക്കാരനു കൊടുത്ത വാക്ക് നിറവേറ്റാൻ കഴിഞ്ഞില്ലല്ലോ എന്നാകുലപ്പെട്ടിരിക്കുമ്പോൾ, അയാൾ ഡോക്ടറുടെ വാക്കുകൾ സ്മരിച്ചു: ‘അധിക രക്തസമ്മർദ്ധം ഉള്ളപ്പോൾ മാനസികസംഘർഷം ഒഴിവാക്കണമെന്ന്.’
എവിടൊക്കെയോ ചിന്തിച്ചിരിക്കുമ്പോൾ, അയാൾക്കു തോന്നി ജോലിക്കു പോകേണ്ട സമയം ആയിരിക്കുന്നു. അപ്പോൾ ആറു വയസ്സായ മകൾ വന്നുപറഞ്ഞു അവളുടെ കേടായ സൈക്കിൾ ശരിയാക്കിക്കൊടുക്കാൻ…
അയാൾ ഒന്നും പറയാതെ മകളെ ചേർത്തു പിടിച്ചു അവളുടെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു. മകളുടെ സാമീപ്യം അയാൾക്ക് അവാച്യമായ ആശ്വാസമേകി.
അവളെ ഗൗനിക്കുന്നില്ലെന്ന് കണ്ടപ്പോൾ, അവൾ കരവലയം വിടുവിച്ചു പോകാനൊരുങ്ങി. അപ്പോൾ അവളുടെ അമ്മ ഉറക്കെ പറഞ്ഞു: ‘ടെൽ യൂവർ ബ്രദർ.’
അയാൾ തിടുക്കത്തിൽ ജോലിക്കു പോകാനൊരുങ്ങുമ്പോൾ, ഓർത്തു: ഇനിമുതൽ ശനിയാഴ്ച ജോലിക്കു വരില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ കോലാഹലങ്ങൾ നടക്കുമായിരുന്നു…?

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ തികച്ചും വ്യത്യസ്തമായ ഒരു നോവലാണ്. കഥയിലെ ഷാഫി തികച്ചും ദൗർഭാഗ്യവാനായ ഒരു കഥാപാത്രമാണ്. അവനവനെയും രണ്ടു ജീവിതപങ്കാളികളെയും അവർ ജീവിച്ചിരുന്ന സാഹചര്യങ്ങളെയും തിരിച്ചറിയാൻ കഴിയാതെ വന്നതാണ് ഷാഫിക്ക് പറ്റിയ അബദ്ധo. അത് മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം കൈയിൽ നിന്നും പിടിവിട്ടുപോകുന്നു! ഷാഫിക്ക് സ്വന്തം മടിയിലേക്ക് വച്ച് നീട്ടിയ സ്വപ്നതുല്യമായ ജീവിതം അപ്പോഴേക്കും വളരെ വിദൂരതയിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. സിന്ധ്യയെ രത്നങ്ങളിൽ രത്നമായും സാബിയെ ഉരച്ചു മിനുസ്സപ്പെടുത്തി തിളങ്ങിയേക്കാവുന്ന രത്നമായി മാറ്റിയാൽപ്പോലും, ഇവർ രണ്ടും കഥാനായകനു നഷ്ടപ്പെടുകയാണ്.
റിട്ടയർമെന്റ് കഴിയുമ്പോൾ മാനസികമായും ശാരീരികമായും വളരെ സമ്മർദ്ദമനുഭവിക്കുന്ന ഒരാൾക്ക് എത്രമാത്രം ശ്രമിച്ചാലും ജീവിതം തിരിച്ചു പിടിക്കൽ അപ്രായോഗികമായി അനുഭവപ്പെടുന്നു. ആ നിലക്ക് ഷാഫി നഴ്സിംഗ് ഹോമിൽ ആകുമ്പോൾ മകൻ മുസ്തഫയുടെ സന്ദർശനം അദ്ദേഹത്തിനു അല്പം ആശ്വാസം പകരുന്നതിനു വകയുള്ളതായി തോന്നുന്നു.
സിന്ധ്യ തൊലിയുടെ നിറത്തിലൊ, വളർന്നു വന്ന സാഹചര്യങ്ങളിലെ വ്യത്യാസങ്ങളിലൊ, ജാതിമത പൊരുത്തക്കേടുകളിലൊ, അസഹിഷ്ണുതയില്ലാതെ അവയെ ഉൾക്കൊണ്ടു നല്ലൊരു ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ്.
സാബിയെ ഈ നോവലിൽ തന്റെ സ്വകാര്യത സംരക്ഷിക്കാൻ തീവ്രമായി ശ്രമിക്കുന്നവളും വിട്ടുവീഴ്ചക്ക് തയ്യാറില്ലാത്തവളുമായി കാണപ്പെടുന്നു. ഷാഫിയെ മനസ്സിലാക്കുവാൻ സാബി ശ്രമിക്കുന്നതായി കാണുന്നില്ല! അവളുടെ സമീപനരീതികളിൽ നിന്നും നിർബന്ധബുദ്ധിയിൽ നിന്നും മാറിയാലേ ജീവിതം സുഗമവും സാരസമ്പുഷ്ടവുമാകൂ എന്നവൾ ചിന്തിക്കുന്നില്ല.
സാബി, മദ്യം മാരകവും നിഷിദ്ധവുമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ചുറ്റുപാടിലാണ് വളർന്നത്. അവൾ മദ്യപാനത്തെ നിശിതമായി വെറുക്കുന്നു. ഒരു സോഷ്യൽ ഡ്രിങ്കു പോലും അവളുടെ ചിന്തക്കതീതമാണ്. സോഷ്യൽ ഡ്രിങ്കിങ് ലോകത്തുടനീളം പരക്കെ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണെന്ന കാര്യo സാബി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നില്ല. അവൾ നോവലിലുടനീളം മദ്യത്തിനെതിരായ ന്യായവാദങ്ങളും തെളിവുകളും നിരത്തുന്നു. സാബി കുടിക്കുന്നവരെ കണ്ടിരുന്നത് അവർ കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നവരെന്നാണ്.
പല കുടുംബങ്ങളും ഒന്ന് ആഞ്ഞു ശ്രമിച്ചാൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളുടെ ഒരു ദർപ്പണമായി ഈ നോവലിനെ കാണാo. ജീവിതം പലതും ചോദിക്കാതെ തന്നെ മുന്നിലേക്ക് വച്ച് നീട്ടിയിട്ടും അതിനെ സ്വീകരിക്കാൻ കെൽപ്പില്ലാത്ത കഥാനായകൻ.
ഭാര്യാഭർതൃബന്ധം എത്രയോ ഊഷ്മളമാണ്. ഒരുപക്ഷേ കാരണവന്മാർ ചെയ്ത കൃപ പോലുമാവണം അത്. അങ്ങനെയുള്ള ബന്ധങ്ങളിൽ പ്രശ്നങ്ങൾ വന്നാൽ പോലും സഹചാരിയെ ഉൾക്കൊള്ളാനുള്ള ഒരു വ്യത്യസ്ത തലമുണ്ടായിരിക്കണം. അതിൽ പുറംമോടിയുടെ കുത്തൊഴുക്കിൽപ്പെടാതെ മൂല്യങ്ങൾ അടിത്തട്ടിൽ ഭദ്രമായി കിടപ്പുണ്ടാകും. അത് മനസ്സിലാക്കാൻ പറ്റാത്ത ഷാഫിക്ക് തന്റെ സ്വർഗ്ഗതുല്യമായ ബന്ധങ്ങൾ നഷ്ടമാകുക മാത്രമല്ല, ആ ബന്ധം വിട്ടുപോയിട്ടു പോലും അയാൾ അതിൽ ബന്ധനസ്ഥനാകേണ്ടി വരുന്നു!
പറുദീസയിൽ നിന്ന് നീർക്കയത്തിലേക്ക്…!