കോഴിക്കോട്: പണം കടം നൽകാൻ വിസമ്മതിച്ചതിലുള്ള പ്രതികാരമായാണ് താമരശ്ശേരിയിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് അറസ്റ്റിലായ സ്വകാര്യ ബസ് ജീവനക്കാർ പോലീസിന് മൊഴി നൽകിയതായി വിവരം. യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയ പ്രതികൾ, അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ബസിനുള്ളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽവെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മലിൽ താമസിക്കുന്ന ബസ് ഡ്രൈവർ കെ.കെ. അനീഷ് (കുട്ടൻ, 38), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മലിൽ താമസിക്കുന്ന ബസ് ക്ലീനർ പി.എസ്. സജിത്ത് (അക്കു, 24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിവാരം–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ഇരുവരും.
യുവതിയുടെ പിതാവിന്റെ സുഹൃത്തുക്കളായിരുന്ന പ്രതികൾ കുടുംബവുമായുള്ള പരിചയം മുതലെടുത്താണ് യുവതിയെ സമീപിച്ചതെന്നാണ് വിവരം. യുവതിയുടെ ജോലിസ്ഥലത്തെത്തിയ ഇരുവരും പണം കടമായി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. ഇതോടെ പ്രതികൾ യുവതിയുടെ പഴ്സ് തട്ടിയെടുക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ കുടുംബാംഗങ്ങൾ പ്രതികളിൽനിന്ന് പഴ്സ് തിരിച്ചുവാങ്ങി.
ഈ സംഭവത്തിലുള്ള വൈരാഗ്യമാണ് പിന്നീട് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മയക്കുമരുന്ന് നൽകിയ ശേഷമാണ് യുവതിയെ പീഡനത്തിനിരയാക്കിയതെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നതായി വിവരമുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പീഡന സംഭവങ്ങളുടെ തുടക്കമെന്നാണ് യുവതിയുടെ മൊഴി. ജോലി കഴിഞ്ഞ് നരിക്കുനിയിലേക്കുള്ള ബസ് പിടിക്കാൻ നടന്നുപോകുന്നതിനിടെ അത്താണിയിൽവെച്ച് പ്രതി തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയതായി യുവതി പോലീസിനോട് വെളിപ്പെടുത്തി.
തുടർന്ന് മയക്കുമരുന്ന് നൽകി ബോധം മങ്ങിയ അവസ്ഥയിലാക്കിയ യുവതിയുടെ കണ്ണുകൾ കെട്ടി ലോഡ്ജിലെത്തിക്കുകയും അവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനിടെ പ്രതി യുവതിയുടെ നഗ്നദൃശ്യങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു.
പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ വീണ്ടും ലൈംഗിക ചൂഷണത്തിനിരയാക്കിയത്. സ്വകാര്യ ബസിനുള്ളിൽവെച്ചും നിരവധി തവണ പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എ. ബോസ് അറിയിച്ചു. യുവതിയെ പീഡിപ്പിക്കാൻ ഉപയോഗിച്ചതായി പരാതിയിൽ പറയുന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തുകയും തെളിവുകൾ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അതേസമയം, ബസ് പാർക്ക് ചെയ്തിരുന്ന സമയത്ത് നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും അതിനാൽ സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. യുവതിയുടെ വിശദമായ മൊഴിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വിപുലീകരിക്കാനാണ് സാധ്യത. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
