മലപ്പുറം: സംസ്ഥാനത്ത് ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന മെർക്കുറി (പാര) അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന കണ്ടെത്തുന്നതിനും തടയുന്നതിനുമായി കർശന പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത്തരം സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന നിയന്ത്രിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ സമർപ്പിച്ച പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടർ മുഖ്യമന്ത്രിയെ സമീപിച്ചത്. പരാതിയിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
മുഖചർമത്തിന്റെ നിറം വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വിവിധ വ്യാപാര സ്ഥാപനങ്ങൾ വഴിയും വിൽക്കുന്നുണ്ട്. ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ അളവിൽ മെർക്കുറിയോ മറ്റ് അപകടകരമായ രാസവസ്തുക്കളോ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ഡോ. കെ. പ്രതിഭയുടെ ആവശ്യം. ഇതിനായി ജില്ലാതലത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പരിശോധന ശക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് ഇൻസ്റ്റഗ്രാം വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ച 17കാരിക്കാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. മെർക്കുറിയുടെ സാന്നിധ്യത്തെ തുടർന്ന് വൃക്കകളിലെ സൂക്ഷ്മ അരിക്കൽ സംവിധാനത്തെ ബാധിക്കുന്ന ‘മെംബ്രനസ് നെഫ്രോപതി’ എന്ന രോഗമാണ് പെൺകുട്ടിക്ക് പിടിപെട്ടത്. വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു.
കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് ദശലക്ഷത്തിൽ 12,500 ഭാഗത്തിന് (12,500 പിപിഎം) തുല്യമായ അളവാണ്.
ഏകദേശം ഒരു വർഷത്തോളമായി പെൺകുട്ടി ഈ ഫെയർനെസ് ക്രീം ഉപയോഗിച്ചുവരികയായിരുന്നു. ആദ്യഘട്ടത്തിൽ പ്രകടമായ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. തുടർന്ന് മുഖത്തും കൈകാലുകളിലും നീർവീക്കം അനുഭവപ്പെട്ടതോടെയാണ് കുടുംബം വൈദ്യസഹായം തേടിയത്.
വിശദമായ വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ രക്തത്തിൽ മെർക്കുറിയുടെ അളവ് ഉയർന്നതായി കണ്ടെത്തി. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫെയർനെസ് ക്രീം പരിശോധിച്ചത്. ലബോറട്ടറി പരിശോധനയിൽ ക്രീമിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചർമത്തിന്റെ നിറം നിർണയിക്കുന്ന മെലാനിന്റെ ഉൽപ്പാദനം കുറയ്ക്കുന്നതിനാണ് ചില ഫെയർനെസ് ക്രീമുകളിൽ മെർക്കുറി ചേർക്കുന്നത്. എന്നാൽ, ഇത്തരം ഉൽപ്പന്നങ്ങളുടെ ദീർഘകാല ഉപയോഗം വൃക്കകളെയും നാഡീവ്യൂഹത്തെയും പ്രതികൂലമായി ബാധിക്കാം. ചർമത്തിൽ നിറവ്യത്യാസം, അലർജി, ഓർമക്കുറവ്, അമിത ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും മെർക്കുറി വിഷബാധ കാരണമാകാം.
നിർമാതാവിന്റെ വിവരങ്ങൾ, ചേരുവകൾ, ഉൽപ്പന്നത്തിന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ എന്നിവ വ്യക്തമാക്കാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. സമൂഹമാധ്യമങ്ങളിലെ ആകർഷകമായ പരസ്യങ്ങളും അതിവേഗം ചർമത്തിന്റെ നിറം മാറുമെന്ന വാഗ്ദാനങ്ങളും വിശ്വസിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതും അപകടകരമാണ്.
അതേസമയം, പെൺകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയ ക്രീമിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം. സംസ്ഥാനത്ത് സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധനയും വിപണി നിരീക്ഷണവും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്.
