മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണം; മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നീക്കം.  മുൻ മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതായാണ് വിവരം.

ആഭ്യന്തര വകുപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വി. അബ്ദുറഹ്മാനെ മൂന്നാം പ്രതിയാക്കി കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

മുൻ മന്ത്രിയുടെ അടുത്ത അനുയായികളുടെയും കായിക ഭരണരംഗത്തെ പ്രമുഖരുടെയും പങ്കും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വി. അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലനെ നാലാം പ്രതിയായും മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റുമായ യു. ഷറഫലിയെ അഞ്ചാം പ്രതിയായും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ കേസിലെ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷൻ രണ്ടാം പ്രതിയുമാണ്.

ലയണൽ മെസ്സിയുടെയും അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന ആരോപണമാണ് അന്വേഷണത്തിന് ആധാരം. മുൻ മന്ത്രിക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുകയാണ്.

Leave a Comment

More News