അബുദാബി ടി10 ക്രിക്കറ്റിൽ സൈനബ് സഹ്‌റ റിസ്‌വി; യുണൈറ്റഡ് ടൈഗേഴ്‌സിന്റെ സഹ ഉടമയായി പുതിയ ചുവടുവയ്പ്പ്

അബുദാബി (യുഎഇ): ക്രിക്കറ്റ് ഫ്രാഞ്ചൈസി രംഗത്ത് തന്റെ സാന്നിധ്യം ശക്തമാക്കി യുവ സംരംഭക സൈനബ് സഹ്‌റ റിസ്‌വി. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (ഡബ്ല്യുസിഎൽ) ഇന്ത്യ ചാമ്പ്യൻസ് ടീമിന്റെ സഹ ഉടമയായ സൈനബ്, അബുദാബി ടി10 ലീഗിലെ യുണൈറ്റഡ് ടൈഗേഴ്‌സ് ടീമിന്റെ സഹ ഉടമയായാണ് പുതിയ അധ്യായത്തിന് തുടക്കമിട്ടിരിക്കുന്നത്.

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ ഇന്ത്യ ചാമ്പ്യൻസ് ഫ്രാഞ്ചൈസിയുടെ ഓഹരി സ്വന്തമാക്കിയാണ് സൈനബ് ക്രിക്കറ്റ് ടീം ഉടമസ്ഥതാ രംഗത്തേക്ക് കടന്നുവന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മത്സരപരവും വാണിജ്യപരവുമായ സാധ്യതകൾ അടുത്തറിയാൻ ഈ അവസരം സഹായിച്ചു. ഇതിലൂടെ ലഭിച്ച അനുഭവവും ആത്മവിശ്വാസവുമാണ് അബുദാബി ടി10 ലീഗിലേക്കുള്ള പുതിയ ചുവടുവയ്പ്പിന് വഴിയൊരുക്കിയത്.

അബുദാബി ടി10 ലീഗിൽ യുണൈറ്റഡ് ടൈഗേഴ്‌സ് മികച്ച പ്രകടനത്തോടെയാണ് തുടക്കമിട്ടിരിക്കുന്നത്. ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ടീം ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. അതേസമയം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിന്റെ മൂന്നാം സീസണിൽ ഇന്ത്യ ചാമ്പ്യൻസിന് സെമിഫൈനലിൽ പ്രവേശിക്കാനായിരുന്നില്ല. എന്നാൽ യുണൈറ്റഡ് ടൈഗേഴ്‌സിന്റെ തുടക്കത്തിലെ വിജയങ്ങൾ സൈനബിന് പുതിയ പ്രതീക്ഷയും ആവേശവും നൽകുന്നു.

യുഎഇയിൽ വളർന്ന സൈനബ്, വിവിധ മേഖലകളിൽ സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേക്ക് ഉയരുന്നത് തനിക്ക് എന്നും പ്രചോദനമായിട്ടുണ്ടെന്ന് വ്യക്തമാക്കി. കായികരംഗത്ത് യുവ സംരംഭകർക്ക് വലിയ അവസരങ്ങളാണുള്ളതെന്നും പുതിയ ആശയങ്ങളും വ്യത്യസ്തമായ സമീപനങ്ങളും ഈ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നും അവർ അഭിപ്രായപ്പെട്ടു.

പുതിയ സംരംഭത്തെക്കുറിച്ച് പത്രക്കുറിപ്പിലൂടെ പ്രതികരിച്ച സൈനബ് തന്റെ സന്തോഷവും ആവേശവും പങ്കുവെച്ചു. ”ഇതെല്ലാം ഒരു സ്വപ്നം യാഥാർഥ്യമായതുപോലെയാണ് അനുഭവപ്പെടുന്നത്. ഞാൻ ഏറെ ആവേശത്തിലാണ്. ഉത്തരവാദിത്വത്തിന്റെ സമ്മർദമുണ്ടെങ്കിലും ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” അവർ പറഞ്ഞു.

യുഎഇയിലെ വളർച്ചയും അനുഭവങ്ങളും തന്റെ സംരംഭക യാത്രയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സൈനബ് കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങൾ നേരിൽ കാണാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും അവർ വ്യക്തമാക്കി.

യുണൈറ്റഡ് ടൈഗേഴ്‌സിന്റെ ഭാവിയെക്കുറിച്ചും സൈനബിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ”ഞങ്ങൾ ഈ രംഗത്ത് പുതിയവരാണെന്ന് അറിയാം. എന്നാൽ വെറുതെ മത്സരങ്ങളിൽ പങ്കെടുക്കാനല്ല ഞങ്ങൾ എത്തിയിരിക്കുന്നത്. വിജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” സൈനബ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

ലോകമെമ്പാടും ക്രിക്കറ്റ് ഇന്ന് കേവലം ഒരു കായികമത്സരം എന്നതിലുപരി വൻ വാണിജ്യ, വിനോദ വ്യവസായമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഫ്രാഞ്ചൈസി ലീഗുകളുടെ വ്യാപനത്തോടെ ടീം മാനേജ്‌മെന്റ്, ബ്രാൻഡിംഗ്, ആരാധകരുമായുള്ള ബന്ധം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകളും രൂപപ്പെടുന്നു.

ഈ സാഹചര്യത്തിൽ യുവ സംരംഭകരുടെയും വനിതാ നേതൃത്വത്തിന്റെയും കടന്നുവരവ് ക്രിക്കറ്റ് വ്യവസായത്തിന് പുതിയ ദിശാബോധം നൽകുമെന്നാണ് വിലയിരുത്തൽ. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ നിന്ന് അബുദാബി ടി10 ലീഗിലേക്കുള്ള സൈനബ് സഹ്‌റ റിസ്‌വിയുടെ മുന്നേറ്റം, അന്താരാഷ്ട്ര ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള അവരുടെ ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുകയാണ്.

Leave a Comment

More News