ദുബായ്: ലോകമെമ്പാടുമുള്ള ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരുങ്ങുന്നു. ടീമുകളുടെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താവുന്ന വിദേശ താരങ്ങളുടെ എണ്ണം നാലായി പരിമിതപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർണായക പരിഷ്കാരങ്ങളാണ് പരിഗണനയിലുള്ളത്. പുതിയ നിർദേശങ്ങൾ നടപ്പായാൽ യുഎഇയിലെ ഇന്റർനാഷണൽ ലീഗ് ടി20 (ഐഎൽടി20), അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് (എംഎൽസി) എന്നിവയ്ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുക.
ക്രിക്കിൻഫോയുടെ റിപ്പോർട്ട് പ്രകാരം, ഐസിസിയുടെ ഫ്രാഞ്ചൈസി ലീഗ് റിവ്യൂ ഗ്രൂപ്പാണ് പുതിയ നിയന്ത്രണങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്. ബാലിയിൽ ഈ വാരാന്ത്യത്തിൽ നടക്കുന്ന ഐസിസിയുടെ ത്രൈമാസ യോഗങ്ങളിൽ വിവിധ ക്രിക്കറ്റ് ബോർഡുകളുടെ മേധാവികളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരും നിർദേശങ്ങൾ ചർച്ച ചെയ്യും. അംഗീകാരം ലഭിച്ചാൽ ഫ്രാഞ്ചൈസി ലീഗുകളുടെ നടത്തിപ്പ്, താരങ്ങളുടെ പങ്കാളിത്തം, സ്പോൺസർഷിപ്പ് കരാറുകൾ, അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഐസിസിയുടെ ഇടപെടൽ ശക്തമാകും.
ഒരു ടീമിന്റെ പ്ലെയിംഗ് ഇലവനിൽ പരമാവധി നാല് വിദേശ താരങ്ങളെ മാത്രമേ അനുവദിക്കാവൂ എന്നതാണ് പ്രധാന നിർദേശം. 2023ൽ വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണങ്ങളിൽ നിന്ന് ഐഎൽടി20, എംഎൽസി ലീഗുകൾക്ക് പ്രത്യേക ഇളവ് നൽകിയിരുന്നു. നിലവിൽ ഐഎൽടി20യിൽ അസോസിയേറ്റ് അംഗരാജ്യത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ ഒമ്പത് വിദേശ താരങ്ങളെ കളിപ്പിക്കാൻ അനുമതിയുണ്ട്. അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിൽ ആറ് വിദേശ താരങ്ങൾക്കാണ് അവസരം. പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വന്നാൽ ഇരു ലീഗുകൾക്കും വിദേശ താരങ്ങളുടെ സാന്നിധ്യം ഗണ്യമായി കുറയ്ക്കേണ്ടിവരും.
ഇതോടെ യുഎഇയിലെയും അമേരിക്കയിലെയും പ്രാദേശിക ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെങ്കിലും ലീഗുകളുടെ മത്സരനിലവാരത്തെയും അന്താരാഷ്ട്ര വിപണിയിലെ ആകർഷണത്തെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഐഎൽടി20യിലെ ആറ് ഫ്രാഞ്ചൈസികളിൽ അഞ്ചെണ്ണത്തിനും എംഎൽസിയിലെ നാല് ഫ്രാഞ്ചൈസികൾക്കും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ഉടമകളുമായി ബന്ധമുണ്ടെന്നതും ശ്രദ്ധേയമാണ്.
ഫ്രാഞ്ചൈസി ലീഗുകൾക്ക് ക്രിക്കറ്റ് ബോർഡുകൾ നൽകുന്ന അംഗീകാരങ്ങൾ പരിശോധിക്കാനും ആവശ്യമെങ്കിൽ ഓഡിറ്റ് നടത്താനും ഐസിസിക്ക് അധികാരം നൽകണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. നിലവിലെ സംവിധാനമനുസരിച്ച് പൂർണ അംഗത്വമുള്ള ക്രിക്കറ്റ് ബോർഡുകൾക്ക് സ്വന്തം രാജ്യങ്ങളിലെ ആഭ്യന്തര ലീഗുകൾക്ക് നേരിട്ട് അംഗീകാരം നൽകാം. എന്നാൽ അസോസിയേറ്റ് അംഗരാജ്യങ്ങളിലെ ലീഗുകൾക്ക് ഐസിസിയുടെ അനുമതി ആവശ്യമാണ്.
പുതിയ വ്യവസ്ഥകൾ നടപ്പിലായാൽ, അംഗരാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ ലീഗുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുകയോ ചെയ്താൽ ഐസിസിക്ക് നേരിട്ട് ഇടപെടാനാകും. ആവശ്യമെങ്കിൽ ലീഗുകൾക്ക് നൽകിയ അംഗീകാരം പിൻവലിക്കാനും അധികാരമുണ്ടാകും.
ചൂതാട്ടം നിയമപരമായി നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസി ലീഗുകൾ വാതുവെപ്പ് കമ്പനികളുമായോ അവയുടെ പരോക്ഷ ബ്രാൻഡുകളുമായോ സ്പോൺസർഷിപ്പ് കരാറുകളിൽ ഏർപ്പെടുന്നത് നിയന്ത്രിക്കണമെന്നും അവലോകന സമിതി ശുപാർശ ചെയ്തു.
നിയമവിരുദ്ധ വാതുവെപ്പും മത്സരങ്ങളിലെ അഴിമതിയും തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം കമ്പനികളുടെ സാമ്പത്തിക ഇടപെടൽ ക്രിക്കറ്റിന്റെ വിശ്വാസ്യതയെ ബാധിക്കാനും കായിക ഭരണസംവിധാനങ്ങളുടെ സുതാര്യതയെക്കുറിച്ച് സംശയങ്ങൾ ഉയർത്താനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ഫ്രാഞ്ചൈസി ലീഗുകളിലെ അഴിമതി വിരുദ്ധ നിരീക്ഷണത്തിനായി ഐസിസിയുടെ ആന്റി കറപ്ഷൻ യൂണിറ്റിനെയോ (എസിയു) ഐസിസി അംഗീകരിച്ച ഏജൻസികളെയോ നിയോഗിക്കണമെന്ന വ്യവസ്ഥയും നിർദേശത്തിലുണ്ട്.
അഴിമതി സാധ്യത കൂടുതലുള്ള മത്സരങ്ങളിൽ ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ സേവനം നിർബന്ധമാക്കാനും സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവുകൾ ലീഗ് സംഘാടകർ തന്നെ വഹിക്കേണ്ടിവരും. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും അഴിമതി തടയാനുള്ള നടപടികളും ഉറപ്പാക്കാത്ത ലീഗുകൾക്ക് അംഗീകാരം നിഷേധിക്കാനും നിർദേശമുണ്ട്.
ഇതിനുപുറമെ ഫ്രാഞ്ചൈസി ലീഗുകൾക്ക് അംഗീകാരം നൽകുന്നതിന് പ്രത്യേക ഫീസ് ഈടാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന തുക ലീഗുകളുടെ പശ്ചാത്തല പരിശോധനകൾക്കും സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണത്തിനും അഴിമതി സംബന്ധിച്ച അന്വേഷണങ്ങൾക്കും വിനിയോഗിക്കാനാണ് പദ്ധതി.
ലോക ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ടീം ഉടമസ്ഥതയിലെ മാറ്റങ്ങൾ, താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച തർക്കങ്ങൾ, സാമ്പത്തിക സുതാര്യതയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ വർധിക്കുന്ന സാഹചര്യത്തിലാണ് ഐസിസിയുടെ പുതിയ നീക്കം.
നിർദേശങ്ങൾക്ക് അംഗീകാരം ലഭിച്ചാൽ ആഗോള ടി20 ലീഗുകളുടെ പ്രവർത്തനരീതിയിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന യുഎഇ, അമേരിക്കൻ ലീഗുകൾക്ക് പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ടീമുകളുടെ ഘടനയിലും താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും.
