ഭവന പ്രതിസന്ധിക്കെതിരെ സ്പെയിനിൽ വൻ പ്രതിഷേധം; 14 വർഷത്തിനുശേഷം രാജ്യവ്യാപക പണിമുടക്ക്

മാഡ്രിഡ്: രൂക്ഷമായ ഭവന പ്രതിസന്ധിക്കും കുതിച്ചുയരുന്ന വീട്ടുവാടകയ്ക്കുമെതിരെ സ്പെയിനിൽ രാജ്യവ്യാപക പണിമുടക്ക്. ദശലക്ഷക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രതിഷേധം രാജ്യത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. 14 വർഷത്തിനിടെ സ്പെയിൻ സാക്ഷ്യം വഹിക്കുന്ന ആദ്യത്തെ വലിയ പൊതുപണിമുടക്കാണിത്. പൊതുഗതാഗതം, വ്യവസായശാലകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പലയിടങ്ങളിലും തടസ്സപ്പെട്ടു. യൂറോ മേഖലയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ സ്പെയിനിൽ പണിമുടക്ക് സാമ്പത്തിക മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ പത്തുവർഷത്തിനിടെ സ്പെയിനിലെ ശരാശരി വീട്ടുവാടക ഇരട്ടിയായതാണ് ജനരോഷം ശക്തമാകാനുള്ള പ്രധാന കാരണം. വാടകയിലെ അനിയന്ത്രിതമായ വർധന സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും ജീവിതച്ചെലവ് കുത്തനെ ഉയർത്തിയിരിക്കുകയാണ്. വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കായി മാറ്റിവയ്ക്കേണ്ടിവരുന്നതിനാൽ സ്വന്തമായി വീട് വാങ്ങുകയെന്ന സ്വപ്നവും നിരവധി കുടുംബങ്ങൾക്ക് അപ്രാപ്യമായി മാറി.

ഇതിനിടെ, മാഡ്രിഡിൽ താമസിച്ചിരുന്ന 87 വയസ്സുകാരി മാരിക്കാർമെന്റെ മരണം പ്രതിഷേധത്തിന് കൂടുതൽ ശക്തിപകർന്നു. താമസിച്ചിരുന്ന വീട്ടിൽനിന്ന് ബലമായി ഒഴിപ്പിക്കപ്പെട്ട ഇവർ അധികം വൈകാതെ മരണപ്പെടുകയായിരുന്നു. സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിവച്ചു. ഭവന പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ പ്രതീകമായി മാരിക്കാർമെൻ മാറി.

ജനരോഷം ശക്തമായതോടെ ഭവനാവകാശ പ്രവർത്തകർ രാജ്യവ്യാപക പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യുകയായിരുന്നു. സ്പെയിനിലെ പ്രമുഖ തൊഴിലാളി സംഘടനകളായ യുജിടിയും സിസിഒഒയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. വിനോദസഞ്ചാരികൾക്കായി അപ്പാർട്ടുമെന്റുകൾ ഹ്രസ്വകാല വാടകയ്ക്ക് നൽകുന്നത് നിരോധിക്കുക, വാടകക്കരാറുകൾ സ്വയമേവ പുതുക്കുന്നതിനുള്ള നിയമസംരക്ഷണം ഉറപ്പാക്കുക, ഭവന വിപണിയിൽ സർക്കാർ ഇടപെടൽ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നത്. ‘വേതനം, ഭവനം, വിലകൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം.

ഭവന പ്രതിസന്ധി പരിഹരിക്കാനും വാടകക്കാർക്ക് ആശ്വാസം നൽകാനുമായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടിയന്തര നടപടികൾ പ്രഖ്യാപിച്ചെങ്കിലും പാർലമെന്റിലെ വലതുപക്ഷ പാർട്ടികളുടെ എതിർപ്പ് തിരിച്ചടിയായി. നിർദേശിക്കപ്പെട്ട നിയന്ത്രണങ്ങൾ വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ സാഹചര്യത്തിൽ ഒക്ടോബർ അഞ്ചിന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സാഞ്ചസ് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ഇടതുപക്ഷ സഖ്യത്തിന്റെ അധികാരത്തുടർച്ച ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തിനിടെ 69 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടവും സർക്കാരിന് കനത്ത വെല്ലുവിളിയായി.

തീവ്ര വലതുപക്ഷ പാർട്ടികൾ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപക പണിമുടക്ക് സ്പെയിനിലെ രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. ഭവന പ്രതിസന്ധിയും ജീവിതച്ചെലവിലെ വർധനയും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളാകുമെന്നിരിക്കെ, ജനകീയ പ്രതിഷേധം സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ സഖ്യകക്ഷികൾക്കും രാഷ്ട്രീയമായി ഗുണം ചെയ്യുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Leave a Comment

More News