അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ തള്ളി; മെഡിക്കൽ ബോർഡ് റിപ്പോർട്ട് നിർണായകമായി

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി.  പ്രതിയുടെ മാനസികാവസ്ഥ പ്രായപൂർത്തിയായ ഒരു കുറ്റവാളിയുടേതിന് സമാനമാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും പ്രോസിക്യൂഷന്റെ വാദങ്ങളും പരിഗണിച്ചാണ് ബോർഡിന്റെ നടപടി.

പ്രതിക്ക് വിചാരണ നേരിടുന്നതിന് മാനസികാരോഗ്യപരമായ തടസ്സങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ, പ്രതിയുടെ മാനസികനിലയും കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം തിരിച്ചറിയാനുള്ള ശേഷിയും വിലയിരുത്തുന്നതിനായി കോടതി ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അവിടെ നടത്തിയ വിശദമായ പരിശോധനകൾക്കും കൗൺസലിങ്ങിനും ശേഷമാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് സമർപ്പിച്ചത്.

പ്രായപൂർത്തിയായിട്ടില്ലെന്ന പരിഗണനയിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടർനടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദവും മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകളും പരിഗണിച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ നിരസിച്ചത്.

അഭിരാമിന്റെ തലയോട്ടിയിലേറ്റ ഗുരുതര പരിക്ക് തേങ്ങ കൊണ്ടുള്ള ആക്രമണത്തെ തുടർന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രതിയായ 17കാരനെ കൗൺസലിങ്ങിന് വിധേയനാക്കിയപ്പോഴാണ് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവസ്ഥലത്തുണ്ടായ തർക്കത്തിനിടെ അഭിരാമിന്റെ തലയ്ക്ക് തേങ്ങ ഉപയോഗിച്ച് പ്രഹരിച്ചതായി പ്രതി വെളിപ്പെടുത്തിയെന്നാണ് വിവരം.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് അഭിരാമിനെ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമിനെ ഒന്നാം പ്രതിയും കൂട്ടാളിയായ ഉമറും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.

Leave a Comment

More News