ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന് എംഎല്‍എ. സ്വന്തം താല്പര്യങ്ങള് നേടിയെടുക്കുന്നതിനായി ഓരോരുത്തരും അനാവശ്യ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://www.malayalamdailynews.com/784716/ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരുണ്ടെങ്കില്‍ അവരെ ഉടന്‍ തന്നെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും സുധാകരന് പറഞ്ഞു.
ചില എംപിമാര്‍ മന്ത്രിമാരാകാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്. അനാവശ്യമായ ആഭ്യന്തര തര്‍ക്കങ്ങളും വ്യക്തിപരമായ അസംതൃപ്തികളും അവസാനിപ്പിച്ച് മികച്ച ഭരണം കാഴ്ചവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. ഇപ്പോഴും മികച്ച ഭരണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരില്‍ കാര്യക്ഷമതയില്ലാത്തവരുണ്ടെങ്കില് അവരെ ഉടന്‍ മാറ്റണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരാള്‍പോലും മന്ത്രിസഭയില്‍ തുടരാന്‍ പാടില്ല. അത്തരം സമീപനം ഭരണഘടനാവിരുദ്ധമാണെന്നും സുധാകരന് അഭിപ്രായപ്പെട്ടു. മന്ത്രിസ്ഥാനത്ത് തുടരുന്നതിന് മുഖ്യമന്ത്രിയുടെ വിശ്വാസമാണ് പ്രധാനം. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പരസ്യപ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ല. അങ്ങനെ ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അവരെ ഉടന്‍ പുറത്താക്കി പകരം മറ്റൊരാളെ നിയമിക്കണം. അതിനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍, വിവിധ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടിവരുന്നതിനാലാണ് മുഖ്യമന്ത്രി അത്തരം നടപടികളിലേക്ക് കടക്കാത്തതെന്ന് തനിക്ക് അറിയാമെന്നും ജി. സുധാകരന് പറഞ്ഞു.
