ദുബായ്: ദുബായിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. https://www.malayalamdailynews.com/786209/ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ആശുപത്രി വിടാൻ അനുമതി നൽകിയതെന്നാണ് ലഭിക്കുന്ന വിവരം. സുധാകരനെ ഇന്ന് രാത്രി തന്നെ ഡൽഹിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും സൂചനയുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ യാത്ര സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
അതിനിടെ, ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധാകരനെ സന്ദർശിക്കാൻ മകൻ സംജോഗ് സുധാകരന് ആശുപത്രി അധികൃതർ അനുമതി നൽകി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും നാടകീയ സംഭവവികാസങ്ങൾക്കും ഒടുവിലാണ് തീവ്രപരിചരണ വിഭാഗത്തിലെത്തി പിതാവിനെ കാണാൻ മകന് അവസരമൊരുങ്ങിയത്.
നേരത്തെ, പിതാവിനെ കാണാൻ മകന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. സന്ദർശനാനുമതി വൈകിയതിന്റെ കാരണങ്ങളെക്കുറിച്ചും സുധാകരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും വിവിധ ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഒടുവിൽ മകന് സന്ദർശനാനുമതി നൽകിയത്.
വൈദ്യപരിശോധനയ്ക്കായി കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കെ. സുധാകരൻ ദുബായിലെ ആശുപത്രിയിലെത്തിയത്. എന്നാൽ, പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. എന്ത് സാഹചര്യത്തിലാണ് ഐസിയുവിലേക്ക് മാറ്റിയതെന്നോ നിലവിലെ ആരോഗ്യനില എന്താണെന്നോ സംബന്ധിച്ച് ആശുപത്രി അധികൃതർ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.
അണുബാധയ്ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് പിതാവിനെ സന്ദർശിക്കുന്നതിൽനിന്ന് ആശുപത്രി അധികൃതർ തന്നെ വിലക്കിയതെന്ന് മകൻ സഞ്ജോഗ് പറഞ്ഞു. സുധാകരൻ ആശുപത്രിയിൽ തന്നെയുണ്ടോ എന്ന കാര്യത്തിൽ പോലും തുടക്കത്തിൽ സംശയം തോന്നിയിരുന്നതായി അദ്ദേഹത്തിന്റെ മരുമകൻ അജിത് കുമാറും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ചികിത്സയുടെ ചുമതലയുള്ള ഡോക്ടറുടെ പ്രതികരണങ്ങളിലും പെരുമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് സഞ്ജോഗ് ആരോപിച്ചിരുന്നു. സുധാകരനെ കാണാൻ ആരെയും അനുവദിക്കരുതെന്ന് തന്റെ ‘ബോസ്’ നിർദേശം നൽകിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞതായും അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു. ആരാണ് ഈ നിർദേശം നൽകിയതെന്ന് ചോദിച്ചപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിൽനിന്ന് ഫോൺവിളി ലഭിച്ചതായി ഡോക്ടർ പറഞ്ഞുവെന്നായിരുന്നു സഞ്ജോഗിന്റെ വെളിപ്പെടുത്തൽ. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽനിന്ന് എന്തിനാണ് വിളിച്ചതെന്ന് കൂടുതൽ വിശദീകരണം തേടിയപ്പോൾ ഡോക്ടർ നിലപാട് മാറ്റിയെന്നും നിരവധി ആളുകൾ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന മറുപടിയാണ് പിന്നീട് നൽകിയതെന്നും സഞ്ജോഗ് ആരോപിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയിൽനിന്ന് ഇപ്പോൾ ഡിസ്ചാർജ് ചെയ്തെങ്കിലും സുധാകരന്റെ നിലവിലെ ആരോഗ്യസ്ഥിതി, തുടർചികിത്സ, യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഡൽഹിയിലെത്തിയ ശേഷം അദ്ദേഹം തുടർചികിത്സയ്ക്ക് വിധേയനാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സുധാകരന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന വാർത്ത ആശ്വാസകരമാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും തുടർചികിത്സയും സംബന്ധിച്ച ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകരും അനുയായികളും.
