ഇന്ത്യ – യുഎഇ കരാര്‍: അഭിവൃദ്ധിയുടെ നാഴികക്കല്ല് (മാധവന്‍ ബി നായർ)

ഇന്ത്യയും യുഎഇയുമായി 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഇന്നോളമുള്ള ഇന്ത്യ- യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ്. ഇന്ത്യയും യു എ ഇയും ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ കരാറാണിത്. “പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു അറബ് മാധ്യമങ്ങള്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കരാറിന്റെ വ്യാപ്തിയും പ്രാധാന്യവും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോവുകയായിരുന്നു.

യുഎഇ ഇന്നോളം അന്യരാജ്യങ്ങളുമായി ഒപ്പിട്ടതില്‍ ഏറ്റവും വലിയ വ്യാപാര വ്യവസായ തൊഴില്‍ കരാര്‍ മാറിയ കാലത്തെ ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് വര്‍ഷം കൊണ്ട് 100 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍. അതായത് 7.5 ലക്ഷം കോടിയുടെ വ്യാപാരം.

ഇതുവരെ ചൈനക്കാരായിരുന്നു യുഎഇയുടെ പ്രധാന വിപണി. പുതിയ കരാര്‍ പ്രകാരം ആ സ്ഥാനം ഇനി ഇന്ത്യയ്ക്കാണ്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരായി ഇന്ത്യ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഈ കരാറിന് പ്രാധാന്യമേറെയാണ്. മതത്തിന്റെയും മറ്റും പേരില്‍ യുഎഇയില്‍ ഇന്ത്യയെക്കാള്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്ന പാകിസ്ഥാനെ യുഎഇ പരിഗണിച്ചിട്ടേയില്ല എന്നതും ആശാവഹമാണ്.

സമ്പദ് വ്യവസ്ഥ, ഊര്‍ജ്ജം, കാലാവസ്ഥാ പ്രവര്‍ത്തനം, സാങ്കേതിക മേഖല, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയടക്കമുള്ള വിവിധമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നതൊക്കെ കരാറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്. കരാറില്‍ ഒപ്പുവച്ചതോടെ നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയും. ഒട്ടേറെ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് യുഎഇയില്‍ വിപണി കണ്ടെത്താനും കരാര്‍ വഴിവയ്ക്കും. ഇന്ത്യയില്‍ നിന്നുള്ള 90% ഉല്പന്നങ്ങളെയും ഇറക്കുമതി നികുതിയില്‍ നിന്നും ഒഴിവാക്കും. അഞ്ച് വര്‍ഷത്തിനകം ഇത് 99% ആകും. അതുപോലെ യുഎഇയില്‍ നിന്നുള്ള 80 ശതമാനം ഉല്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി ഈടാക്കില്ല. 10 വര്‍ഷത്തിനകം ഇത് 90% ആകും. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളാണ് ഈ ഇളവുകൾ സൃഷ്ടിക്കുന്നത്.

അതേസമയം ഇന്ത്യയിലെ സുപ്രധാന ഉല്‍പ്പന്നങ്ങളെ സുരക്ഷിതമായ വിഭാഗത്തില്‍ പെടുത്തി കരാറില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുമുണ്ട്. പാലുല്‍പ്പന്നങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, റബ്ബര്‍, പുകയില, തേയില, ധാന്യങ്ങള്‍, കാപ്പി, ഹെയര്‍ഡൈ, സോപ്പ്, ടയര്‍, പാദരക്ഷ, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങ ഘടകങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ആഭരണ കയറ്റുമതിയില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വിപണിയാണ് യുഎഇ. സംസ്‌കരിച്ച പെട്രോളിയം, മൊബൈല്‍ ഫോണ്‍, വജ്രം, ഇരുമ്പ്, സ്റ്റീല്‍, ഓര്‍ഗാനിക് കെമിക്കല്‍, ധാന്യങ്ങള്‍, വെസലുകള്‍ എന്നിവയാണ് ഇന്ത്യ യുഎഇയിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത്.

സ്വര്‍ണം, ക്രൂഡോയില്‍, പ്ലാസ്റ്റിക്, ചെമ്പ്, അലുമിനിയം തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ യു.എ.ഇ.യില്‍ നിന്ന് വാങ്ങുന്നത്. സ്വര്‍ണം ഇറക്കുമതിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ സ്രോതസ്സാണ് യു.എ.ഇ.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഒരു ഐഐടി സ്ഥാപിക്കപ്പെടുന്നത്. കരാറിന്റെ ഭാഗമായി മികവിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യ യുഎഇയില്‍ സ്ഥാപിക്കുന്നത് പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്കും അനുഗ്രഹമാകും.

എണ്ണപ്പണത്തിന്റെ കാലം കഴിയാന്‍ പോകുന്നുവെന്ന ബോധ്യം യുഎഇ ഭരണാധികാരികള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് രാജ്യത്തിന്റെ വാതായനങ്ങള്‍ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഭരണാധികാരികളുടെ ഈ തിരിച്ചറിവില്‍ നിന്നാണ് ഗള്‍ഫിലെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബായി യുഎഇ മാറിയത്. എണ്ണപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞത് ഗള്‍ഫിലെ ഇന്ത്യന്‍ പണിക്കാരെയും പ്രതികൂലമായി ബോധിച്ചിട്ട് കാലങ്ങളായി. ഭാവിയിലേക്കുള്ള പോംവഴി ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹം തിരയുന്നതിനിടയിലാണ് പ്രത്യാശയായി ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക സഹകരണകരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അബുദാബി കിരീടാവകാശി ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും ചേര്‍ന്ന് നടത്തിയ വെര്‍ച്ച്വല്‍ ഉച്ചകോടിയില്‍ പുതിയ കരാറില്‍ ഒപ്പുവയ്ക്കപ്പെട്ടപ്പോള്‍ സാധ്യതകളുടെ വന്‍ ലോകമാണ് തൊഴില്‍ മേഖലയ്ക്കും തൊഴിലന്വേഷകര്‍ക്കും സംരംഭകര്‍ക്കും തുറന്നു കിട്ടിയിരിക്കുന്നത്.

ഈ കരാര്‍ വഴി മാത്രം യുഎഇയില്‍ തന്നെ ഒന്നരലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. നിതാഖത്തും കോവിഡും സാമ്പത്തികമാന്ദ്യവും ഗള്‍ഫിലെ തൊഴിലുകള്‍ ഇല്ലാതാക്കിയ വേളയിലാണ് ഭീമന്‍ തൊഴില്‍ അവസരങ്ങള്‍ കരാർ നമുക്ക് സൃഷ്ടിച്ചു തരുന്നത്. ഇന്ത്യയില്‍ യുഎഇ നടത്താന്‍ പോകുന്ന നിക്ഷേപങ്ങള്‍ വഴി ഇന്ത്യയില്‍ പത്ത് ലക്ഷം തൊഴിലുകള്‍ വേറെയും ഇന്ത്യക്കാര്‍ക്കായി സൃഷ്ടിക്കപ്പെടും എന്ന് വിദഗ്ധര്‍ പറയുന്നു.

യുഎഇയുമായുള്ള ഇന്ത്യയുടെ ഈ കരാറിനെ ഒരു തുടക്കമായി മാത്രം കണ്ടാല്‍ മതി. കാരണം ഇന്ത്യയുമായുള്ള വാണിജ്യ വ്യവസായ സംരംഭങ്ങള്‍ വഴി യുഎഇയില്‍ സംഭവിക്കുന്ന സാമ്പത്തികാഭിവൃദ്ധി മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് കാണാതിരിക്കാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍. ക്രിയാത്മക മായ ഇത്തരം പങ്കാളിത്തം അസമത്വങ്ങളുടെ അതിർ വരമ്പുകളെയാണ് ഇല്ലാതാക്കുന്നത്.

*മാധവന്‍ ബി നായര്‍ 2023 വേൾഡ് ഹിന്ദു പാർലമെന്റിന്റെ ചെയർമാനും ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാണ്.

Print Friendly, PDF & Email

Leave a Comment

More News