റഷ്യ ഉക്രൈൻ യുദ്ധവും നൊമ്പരങ്ങളും (മാധവൻ ബി നായർ)

ഒരു യുദ്ധത്തിലും തത്വത്തിൽ ആരും ജയിക്കുന്നില്ല എന്ന പ്രസ്താവത്തിന് ഈ ആഗോളവൽക്കരണകാലത്ത് പ്രസക്തിയേറെയാണ്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏതൊരു കോണിലും സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇന്ന് അന്തർദ്ദേശീയമായ ചലനങ്ങളും പ്രത്യാഘാതവും സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കോവിഡ്-19.

ചൈനയുടെ ഒരു പ്രവിശ്യയായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി എത്ര പെട്ടെന്നാണ് ലോകത്തെ മുഴുവൻ സ്തംഭനാവസ്ഥയിലാക്കി കളഞ്ഞത്? ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് റഷ്യ ഉക്രൈൻ യുദ്ധത്തെയും നോക്കി കാണേണ്ടത്. 2022 ഫെബ്രുവരി 24 ന് ഇന്ത്യൻ സമയം രാവിലെ 8.30നാണ് ഉക്രൈനെതിരെ സൈനികനീക്കം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചതും തുടർന്ന് അധിനിവേശം ആരംഭിച്ചതും. റഷ്യ രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ ഉക്രൈനും അവരുടേതായ രീതിയിൽ ചെറുത്തുനില്പ് ആരംഭിച്ചു. മാർച്ച് 24 ആയപ്പോൾ യുദ്ധം തുടങ്ങിയിട്ട് ഒരു മാസമായി.

റഷ്യ – ഉക്രൈൻ യുദ്ധത്തിൽ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷണറുടെ കണക്കനുസരിച്ച് ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 953 സാധാരണക്കാരാണ്. ഇതിൽ 78 പേർ കുട്ടികളാണ്. 1559 പേർക്ക് പരിക്കേറ്റു. ഇതിൽ 105 കുട്ടികളും ഉൾപ്പെടുന്നു. 15,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായായാണ് ഉക്രൈൻ പറയുന്നത്. എന്നാൽ ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. 1300 ഉക്രൈൻ പട്ടാളക്കാർ കൊല്ലപ്പെട്ടതായി റഷ്യയും അവകാശപ്പെടുന്നു. 35 ലക്ഷത്തിലധികം പേരാണ് ഉക്രൈനിൽ നിന്ന് പലായനം ചെയ്തത്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ആരാണ് ജയിച്ചത്? ആരാണ് തോറ്റത്? റഷ്യയുടെ 15,000 പട്ടാളക്കാർ കൊല്ലപ്പെട്ടുവെന്ന് പറയുമ്പോൾ അത്രയും കുടുംബങ്ങളിലെ ആശ്രിതർ അനാഥരും നിരാശ്രയരുമായി എന്നാണ് അനുമാനിക്കേണ്ടത്. അതുപോലെ തന്നെയാണ് ജീവൻ നഷ്ടപ്പെട്ട ഉക്രൈൻ സൈനികരുടെ കുടുംബങ്ങളുടെ കാര്യവും. ഒരു ജീവിതകാലയളവിൽ കെട്ടിപ്പടുത്തതൊക്കെയും ഉപേക്ഷിച്ചാണ് 35 ലക്ഷം ജനങ്ങൾ പലായനം ചെയ്തിരിക്കുന്നത്. ഇവർക്ക് എന്നാണ് അവരുടെ ജീവിതം തിരികെ കിട്ടുക? റഷ്യൻ – ഉക്രൈൻ യുദ്ധത്തിന്റെ കെടുതികളും ദുരിതങ്ങളും ഈ പ്രത്യക്ഷ ദുരന്തങ്ങളിൽ മാത്രമല്ല ഒതുങ്ങുന്നത്. അത് കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിച്ചതോടെ അന്തർദ്ദേശീയ തലത്തിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ വന്നതോടെ ആ രാജ്യത്തുനിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങൾ ബുദ്ധിമുട്ടിലായി. അതുപോലെ തന്നെ ഉക്രൈനിൽ നിന്നും ഒട്ടേറെ മിനറൽസ് ലോകത്തിന്റെ പലഭാഗത്തേക്കും കയറ്റുമതി ചെയ്തിരുന്നത് നിലച്ചതോടെ വ്യവസായ വാണിജ്യമേഖലകളും തിരിച്ചടി നേരിടുകയാണ്. ഇതിനൊക്കെ പുറമേയാണ് വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഉക്രൈനിൽ കഴിഞ്ഞിരുന്ന വിദേശപൗരന്മാർ അനുഭവിച്ച ദുരിതങ്ങൾ.

ചർച്ചകളിലൂടെയും സമവായത്തിലൂടെയും പരിഹരിക്കാനാവുമായിരുന്ന പ്രശ്നങ്ങളെ മുഷ്ക്കുകൊണ്ടും സൈനികബലം കൊണ്ടും സ്വേച്ഛാധിപതികളായ ഭരണത്തലവൻമാർ നേരിടാൻ ശ്രമിക്കുമ്പോൾ ആ രാഷ്ട്രത്തിലെ നിഷ്കളങ്കരായ പൗരന്മാർക്കൊപ്പം ലോകജനതയും അതിന്റെ വില നൽകേണ്ടിവരികയാണ്.

പ്രത്യക്ഷത്തിൽ അനാവശ്യമെന്നും അകാരണമെന്നും തോന്നാവുന്ന റഷ്യ- ഉക്രൈൻ യുദ്ധത്തിന് പിന്നിൽ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ വസ്തുതകൾ മറഞ്ഞുകിടപ്പുണ്ട്.

നാറ്റോ സഖ്യത്തിൽ ചേരാനുള്ള ഉക്രൈന്റെ ആഗ്രഹമാണ് അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ പ്രേരിപ്പിച്ചത്. 2021 ജനുവരിയിൽ ഉക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി യു. എസ്. പ്രസിഡന്റ് ജോബൈഡനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യ ഈ നീക്കത്തെ എതിർക്കുകയും നാറ്റോ ഉക്രൈനിൽ ഒരു തരത്തിലുള്ള സൈനിക പ്രവർത്തനവും നടത്തില്ലെന്ന് പാശ്ചാത്യരാജ്യങ്ങൾ ഉറപ്പുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാറ്റോ സഖ്യത്തിലുള്ള നോർവേ, പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങൾ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ്. ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലും ഉക്രൈനിലും നാറ്റോ സൈന്യത്തെ വിന്യസിക്കുന്നത് റഷ്യക്ക് ഭീഷണിയാകുമെന്ന് പുടിൻ കണക്കുകൂട്ടുന്നു. ഈ ആശങ്കകളുടെ അടിസ്ഥാനത്തിലാണ് പുടിൻ ഉക്രൈൻ അധിനിവേശത്തെ ന്യായീകരിക്കുന്നത്. സോവിയറ്റ് യൂണിയൻ സാമ്രാജ്യത്വ കാലഘട്ടത്തിൽ അമേരിക്കയുമായി നിലനിന്ന ശീതയുദ്ധഭീഷണി മറ്റൊരു തരത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. നാറ്റോ സഖ്യത്തിലൂടെ അമേരിക്ക തങ്ങളുടെ അധികാരവും സ്വാധീനവും വർദ്ധിപ്പിക്കുന്നത് വിഘടിച്ചുപോയ സോവിയറ്റ് യൂണിയനിലെ കേന്ദ്ര രാഷ്ട്രമായ റഷ്യക്ക് ഇപ്പോഴും അംഗീകരിക്കാനാവുന്നില്ല.

സോവിയറ്റ് യൂണിയന്റെ പതനത്തോടെ പലപ്രദേശങ്ങളും വിഘടിച്ചുപോയി. സ്വതന്ത്രരാഷ്ട്രങ്ങളായി മാറിയെങ്കിലും അവയെല്ലാം തന്നെ റഷ്യയോട് കൂറുപുലർത്തുന്ന രാഷ്ട്രങ്ങളായിരിക്കണമെന്ന് ഇപ്പോഴത്തെ ഭരണാധികാരിയായ പുടിൻ ശഠിക്കുന്നു.

റഷ്യൻ അനുകൂലിയായിരുന്ന ഉക്രൈൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ റഷ്യയും ഉക്രൈനും തമ്മിൽ സംഘർഷ സാഹചര്യം നിലനിന്നിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഒട്ടേറെ ഏറ്റുമുട്ടലുകളും ഇരുരാജ്യങ്ങളും തമ്മിൽ നടന്നിരുന്നു.

അതേസമയം, ഉക്രൈൻ ഇന്നൊരു സ്വതന്ത്രരാഷ്ട്രമാണ്. വിസ്തൃതിയുടെ കാര്യത്തിൽ യൂറോപ്പിലെ രണ്ടാമത്തെ വലിയ രാഷ്ട്രം കൂടിയായ ഉക്രൈന് തീർച്ചയായും സ്വന്തം നയങ്ങൾ തീരുമാനിക്കാനുള്ള അധികാരമുണ്ട്. പക്ഷേ, നയങ്ങൾ സ്വീകരിക്കുമ്പോൾ വേണ്ടത്ര നയതന്ത്രജ്ഞത പ്രകടിപ്പിക്കേണ്ടിയിരുന്നു. നാറ്റോവിൽ ഇനിയും അംഗത്വമാകാത്ത ഉക്രൈന് അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാഷ്ട്രങ്ങൾ സൈനിക ഉപകരണങ്ങളും മറ്റും നൽകുന്നതല്ലാതെ യുദ്ധത്തിൽ നേരിട്ട് പങ്കാളികളാവുന്നില്ല. യുദ്ധമുഖത്ത് ഉക്രൈൻ ജനത ഏറെക്കുറെ തനിച്ചു തന്നെയാണ്. ഇപ്പോഴും ലോകത്തെ രണ്ടാമത്തെ സൈനികശക്തിയായ റഷ്യ എന്ന അയൽ ശത്രുവിനെ നയചാതുരിയോടെ കൈകാര്യം ചെയ്യുന്നതിൽ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി രാഷ്ട്രീയമായി പരാജയപ്പെടുകയും ചെയ്തു. എങ്കിലും റഷ്യയിൽ പുടിനെതിരെ കടുത്ത ജനകീയരോഷം ഉയരുമ്പോഴും സെലെൻസ്കി സ്വന്തം ജനതയുടെ അപ്രിയം അത്ര അറിയുന്നില്ല.

യുദ്ധം തുടങ്ങി അഞ്ചാം ദിവസം സമാധാന ചർച്ചകൾ തുടങ്ങിയെങ്കിലും ഫലവത്തായില്ല. ഇനിയും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ തന്നെയായിരിക്കും യുദ്ധവിരാമത്തിന് പോംവഴി. കാരണം യുദ്ധം ഇപ്പോൾ റഷ്യയെയും ഉക്രൈനെയും മാത്രം ബാധിക്കുന്ന കാര്യമല്ലാതായി മാറിയിട്ടുണ്ട്.

ഉക്രൈൻ- റഷ്യ യുദ്ധം ഇന്ത്യയെയും ഒട്ടേറെ നയതന്ത്രപ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടത്. റഷ്യയും നാറ്റോ രാഷ്ട്രങ്ങളും ഉക്രൈനും ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുഹൃത്ത് രാഷ്ട്രങ്ങളാണ്. പക്ഷം പിടിക്കാനാവാത്ത അവസ്ഥയിൽ ഇന്ത്യ അധികം പരിക്കുകളേൽക്കാത്ത നയതന്ത്രസമീപനമാണ് കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ ഉക്രൈനിൽ അവശേഷിച്ച അവസാന ഇന്ത്യാക്കാരനെയും ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിലൂടെ നാട്ടിലെത്തിക്കാൻ ഇന്ത്യയ്ക്കായി. ഉക്രൈനിൽ കുടുങ്ങിയ ഇരുപതിനായിരത്തിലേറെ ഇന്ത്യാക്കാരെയാണ് ഓപ്പറേഷൻ ഗംഗാദൗത്യത്തിലൂടെ കേന്ദ്ര സർക്കാർ രക്ഷിച്ചുകൊണ്ടുവന്നത്. ഹാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ടത് നമ്മുടെ നൊമ്പരമായി അവശേഷിക്കുന്നു.

*വേൾഡ് ഹിന്ദു പാർലമെന്റ് (യു.എസ്.എ) ചെയർമാനാണ് ലേഖകൻ

Print Friendly, PDF & Email

Leave a Comment

More News