യാഗശാലയായി അമൃതപുരി; ലോകശാന്തിയ്ക്കായി വിശ്വകല്യാണ യജ്ഞം നടന്നു

അമൃതപുരി: ലോകശാന്തിയ്ക്കായി മാതാ അമൃതാന്ദമയീ മഠത്തിൽ സന്യാസിനി,ബ്രഹ്‌മചാരിണിമാരുടെ കാർമ്മികത്വത്തിൽ വിശ്വകല്യാണ യജ്ഞം നടന്നു. 108 പേരാണ് യജ്ഞത്തിന് കാർമ്മികത്വം വഹിച്ചത്. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ യജ്ഞവേദി ബുധനാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ തന്നെ വേദമന്ത്രങ്ങളാലും ഭജനകളാലും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു. ആറ് മണിയോടെ സ്വാമി തുരീയാമൃതാനന്ദ പുരിയും സ്വാമിനി കൃഷ്ണാമൃത പ്രാണയും ചേർന്ന് നിലവിളക്ക് തെളിയിച്ച് യജ്ഞത്തിന് ആരംഭം കുറിച്ചു. തുടർന്ന് വേദമന്ത്രങ്ങളുടെയും അഗ്‌നിയുടെയും പ്രഭാവത്തിൽ അന്തരീക്ഷം ആത്മീയതയുടെ ഭാവത്തിൽ ലയിക്കുന്ന അപൂർവമായ നിമിഷങ്ങൾക്കാണ് അമൃതപുരി സാക്ഷ്യം വഹിച്ചത്.

ആശ്രമത്തിന്റെ പ്രധാന ഹാളിൽ ഭക്തരെ സാക്ഷിയാക്കി I08 ഗണപതി,നവഗ്രഹ,മൃത്യുഞ്ജയ ഹോമങ്ങൾ സന്യാസിനിമാരും ബ്രഹ്‌മചാരിണിമാരും ചേർന്ന് നിർവഹിച്ചു. ‘മുന്നിൽ നിന്ന് നയിക്കാൻ സ്ത്രീയെ പ്രാപ്തയാക്കണം’ എന്ന സന്ദേശം കൂടിയാണ് 108 സന്യാസിനിമാരും ബ്രഹ്‌മചാരികളും ചേർന്ന് വിശ്വകല്യാണ യജ്ഞത്തിലൂടെ ലോകത്തിനായി സമർപ്പിച്ചത്. കടലിലും പുഴകളിലും മലകളിലും വനത്തിലും പക്ഷിമൃഗാദികളിലും മനുഷ്യരിലുമെല്ലാം ശാന്തിയുടെ വെളുത്ത പുഷ്പങ്ങൾ വീഴുന്ന മനോഹരമായ നിമിഷം ധ്യാനനിരതമായ മനസ്സിൽ തെളിയിക്കാൻ എല്ലാവർക്കും സാധിക്കട്ടേയെന്ന് യജ്ഞത്തിന്റെ സമാപനത്തിൽ മാതാ അമൃതാനന്ദമയീദേവി പറഞ്ഞു.

നന്മയുടെ പൂക്കൾ പൊഴിയുന്ന മനസ്സ് എപ്പോഴും ഉന്മേഷത്തോടെയിരിക്കും. യുദ്ധത്തിന്റെയും മഹാമാരിയുടെയും ഈ കാലത്ത് എല്ലാവർക്കും നല്ലത് വരാനും, ലോകം മുഴുവൻ ശാന്തി പടരാനും നമ്മൾ ഓരോരുത്തരും മനസ്സിനെ റീചാർജ് ചെയ്യണമെന്നും അമ്മ കൂട്ടിച്ചേർത്തു. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രസാദ വിതരണത്തോടെയാണ് വിശ്വകല്യാണ യജ്ഞം പൂർണമായത്. എങ്ങും ‘ലോകാ സമസ്താ സുഖിനോ ഭവന്തൂ’ എന്ന മന്ത്രധ്വനികൾ അലയടിച്ച് അമൃതപുരി സമാധാന സന്ദേശവാഹക ഭൂമിയായ് മാറുന്ന കാഴ്ച അതീവ സുന്ദരമായിരുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവെട്ടം ലോകമാകെ പരക്കുന്നതിനായി മാതാ അമൃതാനന്ദമയീദേവി വിഭാവനം ചെയ്ത ‘ശിവം സുന്ദരം’- വിശ്വ കല്യാണ യജ്ഞം അമൃതപുരിയ്ക്ക് പുറമേ മാതാ അമൃതാന്ദമയീമഠത്തിന് കീഴിലുള്ള ലോകത്തെ എല്ലാ ആശ്രമങ്ങളിലും ബുധനാഴ്ച നടന്നു.

Print Friendly, PDF & Email

Leave a Comment

More News