മരണമില്ലാത്ത ജന്മദിനസ്മരണകൾ

സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല. കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി. ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു, കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയിൽ ആർത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നു.വീടിനു മുൻപിൽ കാവൽക്കാരനായി നിന്നിരുന്ന നായയുടെ നിർത്താതെയുള്ള മോങ്ങൽ .ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല . തൊട്ടടുത്ത ബെഡിൽ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്.

പെട്ടെന്നാണ് മിന്നാമിനുങ്ങിൻ വെട്ടം പോലെ എന്തോ വീടിന്റെ മുൻപിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദ്ര്ഷ്ടിയിൽ പെട്ടത് .സൂക്ഷിച്ചു നോക്കിയപ്പോൾ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി തന്നെയാണ് വരുന്നതെന്നു മനസ്സിലായി . അടുത്ത് വരും തോറും പ്രകാശം വർദ്ധിച്ചു കൊണ്ടേയിരുന്നു ആരാണ് ഈ അസമയത്തു അന്ധകാരത്തിലൂടെ വീടിന്റെ മുൻപിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ വരുന്നത്? . സൂക്ഷിച്ചു നോക്കുന്നതിനു അവസരം ലഭിക്കുന്നതിന് മുൻപുതന്നെ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം.വാതിൽ തുറക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ പരിചിതമായൊരു ശബ്ദം “സണ്ണി വാതിൽ തുറക്കൂ , ഇത് ഞാനാണ് നിന്റെ പ്രിയപ്പെട്ട സ്നേഹിതൻ ശങ്കരൻ ” . ശബ്ദം തിരിച്ചറിഞ്ഞതോടെ വാതിലിന്റെ സാക്ഷാ സാവകാശം നീക്കി. പാതി തുറന്ന വാതിൽ പാളികൾക്കിടയിലൂടെ അരിച്ചിറങ്ങിയ അരണ്ട വെളിച്ചത്തിൽ അതിഥിയെ തിരിച്ചറിയാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.

“ശങ്കരാ നീ എന്താണ് ഇവിടേ ഈ അസമയത്തു പതിവില്ലാതെ”?

പെട്ടെന്ന് മനസ്സിനകത്തൊരു ഇടിമിന്നലേറ്റതുപോലെ. എന്റെ സുഹ്‌റത്തു ശങ്കരൻ ചില മാസങ്ങൾക്കു മുൻപേ തന്നെ മരിച്ചുപോയിരുന്നല്ലോ.

ഞാനും ശങ്കരനും ഒരേ ഗ്രാമത്തിൽ ജനിച്ചു വളർന്നവരാണ് മതത്തിന്റെയോ വർഗത്തിന്റെയോ വര്ണത്തിന്റേയോ അതിർവരമ്പുകലില്ലാതെ ചെറുപ്പം മുതൽ ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചു കളിച്ചു വളർന്ന ആത്മാർത്ഥ സ്നേഹിതരായിരുന്നു.

ശങ്കരന്റെ മാതാപിതാക്കൾ പറമ്പിലെ ജോലിക്കാരായിരുന്നു .പക്ഷെ പഠിപ്പിൽ എന്നേക്കാൾ സമര്ഥനായിരുന്നു ശങ്കരൻ. രണ്ടുപേരും ഒരേ സമയത്താണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതു . രണ്ടുപേർക്കും ഉയർന്ന ശമ്പളത്തിൽ രണ്ടു വ്ത്യസ്ത ബാങ്കകളിൽ ജോലി ലഭിക്കുകയും ചെയ്തു .ജോലിക്കു ചേർന്നു ഒരുവർഷം പോലും തികഞ്ഞിരുന്നില്ല .ഒരു ദിവസം ബാങ്കിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടയിൽ എവിടെ നിന്നോ ചീറി പാഞ്ഞു വന്ന വാഹനം ശങ്കരന്റെ ജീവനെടുക്കുകയായിരുന്നു.പ്രായമായ മാതാപിതാക്കളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശങ്കരൻ.

മുൻപിൽ വന്നു നില്‍ക്കുന്നത് ശങ്കരനാണെന്നു തീർത്തും ഉറപ്പു വരുത്തിയതോടെ എല്ലാ ധൈര്യവും സംഭരിച്ചു വാതിൽ പൂർണമായും തുറന്ന് ഒന്നുകൂടെ പുറത്തേക്കു നോക്കി .പക്ഷെ പുറത്തു ആരെയും കാണുന്നില്ല .അപ്പോഴും ശങ്കരെന്റെ ശബ്ദം കാതിൽ അലയടിച്ചുകൊണ്ടേയിരുന്നു .വീടിന് വെളിയിൽ ഇറങ്ങി ശബ്ദത്തെ അനുധാവനം ചെയ്ത് എത്ര ദൂരം പോയി എന്നറിയില്ല. സ്ഥലകാല ബോധം തിരിച്ചുകിട്ടിയപ്പോൾ കാണുന്നതു വീടിനടുത്തുള്ള പൊതു ശ്മശാനത്തിൽ ശങ്കരന്റെ മൃതുദേഹം അഗ്നി നാളങ്ങൾ ഏറ്റുവാങിയ അതേ സ്ഥാനത്തു നിൽക്കുന്നതാണ്. ആപരിസരത്തെങ്ങും ആരെയും കാണാൻ കഴിഞ്ഞില്ല .ഇതിനിടെ നേരം പരുപരാ വെളുത്തു തുടങ്ങിയിരുന്നു. ഇന്നലെ വീട്ടിലേക്ക് വന്നത് ശങ്കരൻ തന്നെ ആയിരുന്നില്ലേ? ഇന്നലെ അവന്റെ ജന്മദിനമായിരുന്നു. ഓര്‍മ്മ വെച്ച നാൾമുതൽ എല്ലാ വർഷവും ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ഒരുപക്ഷെ ഈ ജന്മദിനത്തിലും ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യപ്പെടാനായിരുക്കുമോ അവൻ എന്ന കാണാൻ വന്നതു. പ്രഭാതത്തിൽ സൂര്യ കിരണങ്ങൾ തെളിഞ്ഞതോടെ അവൻ തൻറെ വിശ്രമ സ്ഥലത്തു അഭയം തേടിയതായിരിക്കാം .

പൊതു ശ്മശാനത്തിൽ നിന്നും തിരിച്ച് വീട്ടിലേക്ക് നടന്നടുക്കുമ്പോൾ ഗേറ്റിനു മുൻപിൽ ഒരു കപ്പു ചുടു കാപ്പിയുമായി ഭാര്യ നില്പുണ്ട്. സാധാരണയായി പ്രഭാത സവാരിക്കായി പോയി തിരിച്ചുവരുമ്പോൾ തന്നെ സ്വീകരിക്കാറുള്ളതുപോലെ. പക്ഷെ പതിവിനു വിപരീതമായി അർധരാത്രി മുതൽ പ്രഭാതം വരെ സംഭവിച്ചതൊന്നും ഭാര്യ അറിഞ്ഞിരുന്നില്ല. ചുടു കാപ്പി ചുണ്ടിനോടടുപ്പിക്കുമ്പോൾ കഴിഞ്ഞതെല്ലാം വെറുമൊരുസ്വപ്നമായിരുന്നോ, യാഥാർഥ്യമായിരുന്നോ എന്ന് തിരിച്ചറിയാനാകാതെ ഇതികർത്തവ്യാമൂഢനായി നിന്നുപോയി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News