ജോർജിയയിൽ ഒരു വയസുകാരന് കാറിലിരുന്ന് ചൂടേറ്റു മരിച്ചു

മാഡിസൻ കൗണ്ടി (ജോർജിയ): മൂന്നു മിക്കൂറിലധികം കാറിലിരിക്കേണ്ടിവന്ന ഒരു വയസുകാരന് ഒടുവിൽ ചൂടേറ്റ് ദാരുണാന്ത്യം. മാഡിസ‌ൺ കൗണ്ടിയിലെ സാനിയേൽസ് വില്ലയിൽ ജൂൺ 30 നായിരുന്നു സംഭവം.

കുട്ടിയേയും കൊണ്ട് ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു മാതാവ്. എന്നാൽ ഡെ കെയറിൽ കു‌‌‌‌ട്ടിയെ ഇറക്കിവിടാൻ മറന്ന മാതാവ്, നേരെ വാൾഗ്രീൻ പാർക്കിംഗ് ലോട്ടിൽ കാർ പാർക്കു ചെയ്ത ശേഷം മൂന്നു നാലു മണിക്കൂറിനുശേഷമാണ് തിരികെ കാറിൽ എത്തുന്നത്. ഈ സമയം മുഴുവൻ പുറത്തെ ശക്തമായ ചൂടിൽ കാറിനുള്ളിലിരുന്ന കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവം അപകടമരണമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക റിപ്പോർട്ട്. മാതാവിനെതിരെ കേസെടുക്കുമോ എന്ന് അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാകൂവെന്ന് ഡിസ്ട്രിക് അറ്റോർണി ഓഫീസ് അറിയിച്ചു.

ജോർജിയയിൽ ഈ വർഷം നടക്കുന്ന എട്ടാമത്തെ മരണമാണിത്. കടുത്ത വേനൽ ആരംഭിച്ചതോടെ അടുത്തിടെ നാലിലധികം കുട്ടികളാണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാറിലിരുന്നു ചൂടേറ്റ് മരിച്ചത്. ഇത്തരം മരണങ്ങളിൽ ദുരൂഹതയൊന്നും ഇല്ലെങ്കിലും മുതിർന്നവരുടെ അശ്രദ്ധയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കാർ പാർക്കു ചെയ്യുന്പോൾ പിന്നിലെ സീറ്റിൽ കുട്ടികൾ ആരും ഇല്ലെന്നു ഉറപ്പുവരുത്തുക, കു‌ട്ടികൾ സ്കൂളിലോ, ഡെ കെയറിലോ എത്തിയിട്ടില്ലെങ്കിൽ ഉടൻതന്നെ വിളിച്ചു കാര്യങ്ങൾ തിരക്കുക, ഡ്രൈവേയിൽ കാർ എപ്പോഴും ലോക്ക് ചെയ്തിടണം തുടങ്ങിയ മുന്നറിയിപ്പുകൾ പോലീസ് നൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment