എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണവും സംരംഭകത്വവും വികസിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും: മന്ത്രി

തിരുവനന്തപുരം: എൻജിനീയറിംഗ് വിദ്യാർഥികൾക്കിടയിൽ ഗവേഷണവും സംരംഭകത്വവും വികസിപ്പിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും ഇത്തരം വിദ്യാർത്ഥികളുടെ പങ്ക് വളരെ പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം സിഇടിയിൽ നടന്ന എക്‌സലൻസ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ആശയങ്ങളും കണ്ടെത്തലുകളും യാഥാർത്ഥ്യമാക്കി ഉദ്യോഗാർത്ഥികൾ എന്നതിലുപരി തൊഴിൽ ദാതാക്കളാകാൻ വിദ്യാർത്ഥികൾക്ക് കഴിയണം. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വലിയ മുന്നേറ്റം നടത്തിയതായി മന്ത്രി പറഞ്ഞു.

ഗവേഷണാനന്തര പേറ്റന്റ് നേടിയ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും, ഉന്നത റാങ്ക് നേടിയ വിദ്യാർഥികൾക്കുമുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. ഇന്ത്യൻ നേവിയുടെ വിദേശ വിന്യാസം 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഉജ്ജ്വല്‍ പ്രകാശ്, ഇന്ത്യയിലെ എൻ.സി.സി കേഡറ്റുകളിൽ നിന്ന് കേരളത്തിലെ മികച്ച എൻജിനീയറിംഗ് കോളേജ് അദ്ധ്യാപികക്കുള്ള ISTE യുടെ 2021 ലെ അവാർഡ് നേടിയ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറും സി.ഇ.ടിയിലെ ഇന്റർനാഷണൽ അഫയേഴ്സ് ഡീന്‍ ഡോ. ബിന്ദു ജി.ആർ എന്നിവരെ വേദിയിൽ ആദരിച്ചു.

ഓട്ടോമേറ്റഡ് ഡക്റ്റ് ഫാൻ ബേസ്ഡ് വാൾ ക്ലൈമ്പിംഗ് ഡിവൈസിന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിലെ പ്രൊഫ. രശ്മി ഭൂഷൺ, പ്രവീൺ ശേഖർ, ലിയ ജോസഫ് എന്നിവർക്കും ഹൈ പവർ ഗിയേർഡ് ഇലക്ട്രിക് വാഹനത്തിന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിലെ ഡോ. ഉഷാകുമാരി എ സി., ഡോ. ജിനോ ജോയ് എന്നിവർക്കുമാണ് പേറ്റന്റ് ലഭിച്ചത്.

ഗ്രീൻ കട്ടിംഗ് ഫ്ലൂയിഡ് എമൽഷൻ കോമ്പസിഷന് ഡോ. റാണി എസ്.(മെക്കാനിക്കൽ), ഡോ.മുഹമ്മദ് ആരിഫ് (കെമിസ്ട്രി), എഡ്ല സ്നേഹ, അനന്തൻ പി. തമ്പി, വിഷ്ണു വി.എസ്., അഭിജിത്ത് പി.കെ പിള്ള (മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥികൾ) എന്നിവർക്കും സിന്തസിസ് ഓഫ് പ്രോമിസിങ് ഫാർമസ്യൂട്ടിക്കൽ ഏജന്റിന് ഡോ. ഷൈനി പി. ലൈല, ഡോ.അരുൺ കുമാർ ബി., ഡോ. ആൻഫെർണാണ്ടസ് (ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി) എന്നിവർക്കും പേറ്റന്റ് ലഭിച്ചു.

കയർ ഫൈബർ ലാറ്റക്സ് കോമ്പസിറ്റ് ഷീറ്റുകൾക്ക് ഡോ. ജയശ്രീ പി.കെ., ഡോ. കെ ബാലൻ, സുമേഷ് സി., ആനന്ദ് സി.ജി.( ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്) എന്നിവർക്കും ഇലക്ട്രോൺ ഭീം പ്രോപ്പൽഷൻ സിസ്റ്റത്തിന് മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി എ. ശ്രുതിനുമാണ് പേറ്റന്റ് ലഭിച്ചത്.

പുരസ്‌കാരദാന ചടങ്ങിൽ എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എസ്.പി.എഫ്.യു ഡയറക്ടർ ഡോ. വൃന്ദ വി നായർ, സി.ഇ.ടി പ്രിൻസിപ്പൽ ഡോ. വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News