തെലങ്കാനയിൽ ഭരണകക്ഷി എം‌എല്‍‌എമാര്‍ക്ക് കോഴ നല്‍കാന്‍ ശ്രമം; ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്; നവംബര്‍ 21-ന് ഹൈദരാബാദില്‍ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാർക്ക് കൈക്കൂലി നൽകി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്. തെലങ്കാന പോലീസ് സംഘം തുഷാറിന്റെ കണിച്ച്‌കുളങ്ങരയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. നൽഗൊണ്ട എസ്പി രമാ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്. തുഷാറിന്റെ അഭാവത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.

അതേസമയം, കേസ് അന്വേഷിക്കുന്ന തെലങ്കാന പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ തമ്പടിച്ച് തിരച്ചില്‍ നടത്തിവരികയാണ്. കേസിലെ പ്രതികളിലൊരാളായ മതപ്രഭാഷകന്‍ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ള മലയാളിയെ തിരഞ്ഞാണ് തെലുങ്കാന സംഘം കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് തുഷാറിനെ രാമചന്ദ്ര ഭാരതിക്ക് പരിചയപ്പെടുത്തിയത്.

ഭരണകക്ഷി എം എൽ എമാർക്ക് നൂറ് കോടി വാഗ്ദാനം ചെയ്ത ഒരു സംഘത്തെ തെലങ്കാന പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാർത്താ സമ്മേളനം നടത്തിയാണ് തുഷാർ വെള്ളാപ്പള്ളിക്കും ബി ജെ പിക്കുമെതിരെ കോഴ ആരോപണമുയർത്തിയിരുന്നത്. വീഡിയോ തെളിവും പുറത്തുവിട്ടിരുന്നു.

കേന്ദ്രമന്ത്രി അമിത് ഷായുടെ നോമിനിയായാണ് തുഷാർ പ്രവർത്തിച്ചതെന്നും തുഷാറിന്റെ നിർദേശപ്രകാരമാണ് ഇടനിലക്കാർ കൂറുമാറ്റത്തിനായി ടിആർഎസ് നിയമസഭാംഗങ്ങളെ സമീപിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുഷാറിന്റെ ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാണ്.

Print Friendly, PDF & Email

Leave a Comment

More News