ഭൂമി പുനഃക്രമീകരണം: 206162 അപേക്ഷകൾ പ്രോസസ്സ് ചെയ്തു; ആറ് മാസം കൂടി മിഷൻ മോഡിൽ പ്രവർത്തനം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി പരിവർത്തന അപേക്ഷകൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206,162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അപേക്ഷകൾ തീർപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മിഷൻ മോഡ് ഓപ്പറേഷൻ അടുത്ത ആറുമാസത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആകെ ലഭിച്ച 212169 ഓഫ്‌ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകൾ തീർപ്പാക്കി. ഓഫ്‌ലൈൻ അപേക്ഷകൾ തീര്‍പ്പാക്കുന്നതില്‍ 91.87 ശതമാനം പുരോഗതി കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 163171 അപേക്ഷകൾ ലഭിച്ചതിൽ 11250 എണ്ണം തീർപ്പാക്കാനായി. മുൻഗണനാ ക്രമത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ട രീതിയിൽ 19 റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും ഇതിനോടകം തീർപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആർഡിഒ ഓഫിസുകളിൽ നവംബർ 30നകം എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കും.

നവംബർ 14 വരെ, 17257 ഓഫ്‌ലൈൻ അപേക്ഷകളും 151921 ഓൺലൈൻ അപേക്ഷകളും തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്. പ്രതിദിനം ശരാശരി 500 പുതിയ അപേക്ഷകളാണ് സമർപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആറു മാസമായി തുടർന്നുവന്ന മിഷൻ മോഡിലുള്ള പ്രവർത്തനം ആറു മാസത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതു പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച 990 ക്ലാർക്കുമാരുടെ സേവനം ഒരു നിശ്ചിത ദിവസത്തെ ഇടവേളയ്ക്കു ശേഷം ആറു മാസത്തേക്കുകൂടി തുടരും. ഇവർക്ക് വാഹന സൗകര്യവും ലഭ്യമാക്കും. ഇത്തരത്തിൽ ആറു മാസംകൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണമായി തീർപ്പാക്കുകയാണു ലക്ഷ്യം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് കൊച്ചി ആർഡിഒ ഓഫീസിലാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി വർക്ക് അറേഞ്ച്മെന്റ് സംവിധാനത്തിൽ പ്രത്യേക സംഘത്തെ നിയമിക്കുകയും അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ മാത്രം 165 താൽക്കാലിക ജീവനക്കാരെയും 65 വാഹനങ്ങളെയും ഇതിനായി നിയോഗിച്ചു.

താത്കാലിക ജീവനക്കാരുടെ കാലാവധി അവസാനിച്ച ശേഷവും തരം മാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലേക്ക് കൊച്ചി ആർഡിഒ ഓഫീസിലേക്ക് മറ്റു ഓഫീസുകളിൽ നിന്നും ജോലി ക്രമീകരണ വ്യവസ്ഥയിൽ ഒരു സ്പെഷ്യൽ ടീമിനെ നിയോഗിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നു. കൊച്ചി ആർഡിഒ ഓഫീസിൽ നിലവിലുണ്ടായിരുന്ന 22616 ഓഫ് ലൈൻ അപേക്ഷകളിൽ 14178 അപേക്ഷകളും തീർപ്പാക്കാൻ കഴിഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള പുരോഗതി സമയബന്ധിതമായി വിലയിരുത്തുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുകയും ദൈനംദിന പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കലും റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലും യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു. ഭൂമിയുടെ തരം മാറ്റവുമായി ബന്ധപ്പെട്ട് ആളുകളെ സഹായിക്കാനെന്ന പേരിൽ ചില ഏജൻസികൾ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News