ഓഗസ്റ്റ് 15 ന് ഇറച്ചിക്കടകളും അറവുശാലകളും നിരോധിച്ചത് ഭരണഘടനാ വിരുദ്ധം: അസദുദ്ദീൻ ഒവൈസി

ഇന്ത്യന്‍ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ്. എന്നാൽ, ഇത്തവണ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) ഉൾപ്പെടെ രാജ്യത്തെ പല മുനിസിപ്പൽ കോർപ്പറേഷനുകളും ഓഗസ്റ്റ് 15, 16 തീയതികളിൽ അറവുശാലകളും മാംസക്കടകളും അടച്ചുപൂട്ടാൻ ഉത്തരവുകൾ പുറപ്പെടുവിച്ചത് പുതിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കി.

1955 ലെ ജിഎച്ച്എംസി നിയമത്തിലെ സെക്ഷൻ 533 (ബി) പ്രകാരം പൊതു ക്രമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് പ്രകാരം, എല്ലാ കശാപ്പുശാലകളും ബീഫ് കടകളും ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം) നും ഓഗസ്റ്റ് 16 (ശ്രീകൃഷ്ണ ജന്മാഷ്ടമി) നും അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽം ഈ തീരുമാനം നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസദുദ്ദീൻ ഒവൈസി ഈ ഉത്തരവിനെ “ക്രൂരവും ഭരണഘടനാ വിരുദ്ധവു”മാണെന്ന് വിശേഷിപ്പിച്ചു. തെലങ്കാനയിലെ 99% ജനങ്ങളും മാംസാഹാരികളാണെന്നും മാംസാഹാരം കഴിക്കുന്നത് സ്വാതന്ത്ര്യദിനാഘോഷത്തിന് വിരുദ്ധമല്ലെന്നും അദ്ദേഹം വാദിച്ചു. വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനമാർഗ്ഗം, സംസ്കാരം, പോഷകാഹാരം, മതം എന്നിവയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന് പുറമെ, കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷനും (കെഡിഎംസി) ഓഗസ്റ്റ് 15 ന് മാംസ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്, ഇതിനെ എൻസിപി, ശിവസേന (യുബിടി) നേതാക്കൾ എതിർത്തു. ഇത് ഭക്ഷണ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എംഎൽഎ ജിതേന്ദ്ര അവാദ് പറഞ്ഞു, ഓഗസ്റ്റ് 15 ന് ഒരു മട്ടൺ പാർട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

More News