വിദ്യാലയങ്ങളിൽ ആഘോഷവേളകളിൽ കുട്ടികൾക്ക് ഇഷ്ടമുള്ള നിറമുള്ള വസ്ത്രങ്ങൾ (കളർ ഡ്രസ്സ്) ധരിക്കാൻ അനുവാദം നൽകുമ്പോൾ,ഒരു ദിവസം യൂണിഫോമിൽ നിന്ന് മാറി സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുമ്പോൾ കുട്ടികൾക്ക് സന്തോഷം ലഭിക്കുമെങ്കിലും,ഗുണത്തേക്കാളേറെ ദോഷങ്ങളാണ്.
അധ്യാപകരെ സംബന്ധിച്ചിടത്തോളം യൂണിഫോമിൽ നിന്നും മാറുമ്പോൾ സ്കൂൾ കുട്ടികളെയും മറ്റുള്ളവരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുകയും സ്ഥാപനത്തിൻറെ അച്ചടക്കത്തെ ബാധിക്കുകയും ചെയ്യും.
രക്ഷിതാക്കളെ സംബന്ധിച്ച് അധിക ബാധ്യത വരുത്തിവെക്കുന്നു. കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി വ്യത്യസ്ത ഡിസൈനിലോ കളറിലോ ഉള്ള ഡ്രസ്സുകൾ തീരുമാനിക്കുകയും, പലപ്പോഴും അവർ തെരഞ്ഞെടുക്കുന്നത് ആ ഒരു ദിവസത്തേക്ക് മാത്രം അണിയാൻ തരത്തിലുള്ള വസ്ത്രങ്ങളായിരിക്കും. ഇത് രക്ഷിതാക്കൾക്ക് അമിത സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് ബാധ്യതയാകുന്നു.
അതിലുപരി കളർ ഡ്രസ്സ് കുട്ടികൾക്കിടയിൽ സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നു.
കളർ ഡ്രസ്സ് ധരിക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികമായുള്ള വേർതിരിവാണ്. സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾ പുതിയതും വിലകൂടിയതുമായ വസ്ത്രങ്ങൾ ധരിച്ചെത്തുമ്പോൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അത്തരം വസ്ത്രങ്ങൾ വാങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ഇത് അവർക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കും. കളർ ഡ്രസ്സ് ധരിച്ചെത്തുന്ന ദിവസങ്ങളിൽ പലതരം താരതമ്യങ്ങൾ കുട്ടികൾക്കിടയിൽ സാധാരണമാണ്. ഇത്തരം സംസാരങ്ങൾ പുതിയ വസ്ത്രങ്ങൾ ഇല്ലാത്ത കുട്ടികളിൽ അപകർഷതാബോധം ഉണ്ടാക്കിയേക്കാം. ഇത് അവരുടെ ആത്മവിശ്വാസത്തെയും സ്വഭാവത്തെയും ദോഷകരമായി ബാധിക്കുകയും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുട്ടികളും ആഘോഷ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ വരാതെ ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും കാണാം.
യൂണിഫോം എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്ന ഒരു ഘടകമാണ്. അത് സാമ്പത്തികമായോ സാമൂഹികമായോ ഉള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കുന്നു. എന്നാൽ കളർ ഡ്രസ്സ് ധരിക്കുമ്പോൾ ഈ ഏകത്വം ഇല്ലാതാകുകയും കുട്ടികൾക്കിടയിൽ വേർതിരിവുകൾക്ക് സാധ്യത വർധിക്കുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികാരികൾ ആഘോഷങ്ങൾക്കായി പ്രത്യേക വസ്ത്രങ്ങൾക്ക് അനുവാദം നൽകാതെ യൂണിഫോമിന് മാത്രമേ അനുവാദം നൽകാവൂ.
കളർ ഡ്രസ്സ് നൽകുന്ന സന്തോഷത്തേക്കാളുപരി അത് സൃഷ്ടിക്കുന്ന അച്ചടക്കപരവും സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ വളരെ വലുതാണ്. അതിനാൽ, ഈ വിഷയത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കിടയിൽ സ്നേഹവും സാഹോദര്യവും തുല്യതയും വളർത്തുന്ന അന്തരീക്ഷം ഉണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്.


സ്കൂള്‍ യൂണിഫോം എന്നു മുതലാണ് ആരംഭിച്ചതെന്ന് അറിയാവുന്ന ആരും ഇങ്ങനെയൊരു വാര്‍ത്ത എഴുതുകയില്ല. സ്കൂളുകളില്‍ യൂണിഫോം പ്രാബല്യത്തിലാക്കാന്‍ കാരണം തന്നെ വാര്‍ത്തയില്‍ എഴുതിയ വിവരങ്ങള്‍ തന്നെയാണ് (യൂണിഫോം എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്ന ഒരു ഘടകമാണ്. അത് സാമ്പത്തികമായോ സാമൂഹികമായോ ഉള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കുന്നു). 80-കളിലായിരുന്നു അത്. എന്നു വെച്ച് സ്വന്തം മക്കള്‍ക്ക് ഡ്രസ് വാങ്ങാന്‍ കഴിവില്ലാത്ത മാതാപിതാക്കളല്ല കേരളത്തിലെ ബഹുഭൂരിഭാഗവും. അതൊന്നും മനസ്സിലാക്കാതെയുള്ള ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് അല്പജ്ഞാനികളാണ്.