ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കെ.എച്ച്.എസ്.എന്‍.ടി സംഘടിപ്പിച്ച ഓണാഘോഷം അതിഗംഭീരമായി

ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്സാസ് (കെ. എച്ച് എസ് എന്‍ ടി) സംഘടിപ്പിച്ച ഓണാഘോഷം എല്ലാവരുടേയും മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങി.

അത്തം മുതല്‍ തിരുവോണം വരെ മനോഹരമായ പൂക്കളം തീര്‍ത്ത് ക്ഷേത്രം ഓണാഘോഷത്തിനു തയ്യാറെടുത്തു. സെപ്റ്റംബര്‍ 5 ന് തിരുവോണ ദിവസം (വാമന ജയന്തി) ചന്ദന മുഖക്കാപ്പണിഞ്ഞ ശ്രീ ഗുരുവായൂരപ്പന് ഭക്തജനങ്ങള്‍ അന്‍പൊലിയും, ചുറ്റുവിളക്കും പ്രത്യേക പുഷ്പ്പാജ്ഞലിയും അര്‍പ്പിച്ച് അനുഗ്രഹം നേടി. മറ്റു സ്റ്റേറ്റുകളില്‍ നിന്നും സജ്ജനങ്ങള്‍ ഗുരുവായൂരപ്പ ദര്‍ശനത്തിനായി തിരുവോണ ദിവസം രാവിലെ മുതല്‍ വരികയുണ്ടായി എന്ന് ക്ഷേത്രം പൂജാരിമാരായ കാരക്കാട്ട് പരമേശ്വരന്‍ നമ്പൂതിരി, കല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, സുദേവ് ആലമ്പാടി എന്നിവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 6 ന് വിപുലമായ ഓണാഘോഷം കെ എച്ച് എസ് എന്‍ ടി കമ്മിറ്റി ഭാരവാഹികളും മെമ്പേഴ്സും നിത്യ സപ്പോര്‍ട്ടേഴ്സും ചേര്‍ന്ന് അണിയിച്ചൊരുക്കി. ആത്മീയ ആചാര്യന്‍ സ്വാമി ബോധാനന്ദ ഭഗവാന് മുന്‍മ്പില്‍ തിരി തെളിയിച്ചു കഴിഞ്ഞു ഓണ സദ്യ വിളമ്പി. ക്ഷേത്രത്തിന്‍റെ കിച്ചണില്‍ പാചകം ചെയ്ത , രുചിയേറും 25 വിഭവങ്ങളുമായി ഓണസദ്യ നാടന്‍ വാഴയിലയില്‍, തുമ്പപ്പൂ ചോറുമായി 800 ഓളം പേര്‍ക്ക് നല്‍കിയത് നവ്യാനുഭവമായി എന്ന് കലവറ കൈകാര്യം ചെയ്ത ട്രസ്റ്റി സെക്രട്ടറി ശ്രീ ടി. എന്‍ നായരും വൈസ് ചെയര്‍ ശ്രീമതി രമണി കുമാറും, ട്രഷറര്‍ രമേശ് കുട്ടാട്ടും അഭിപ്രായപ്പെട്ടു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ട്രസ്റ്റി ചെയര്‍മാന്‍ ശ്രീ സതീഷ് ചന്ദ്രനും പ്രസിഡന്‍റ് ശ്രീ വിപിന്‍ പിള്ളയും, സെക്രട്ടറി ശ്രീ ജലേഷ് പണിക്കരും, ട്രസ്റ്റി മെമ്പര്‍ ശ്രീ. രാമചന്ദ്രന്‍ നായരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ട്, എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു നിര്‍വ്വഹിച്ചു.

അതേ തുടര്‍ന്ന് ആടയാഭരണങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ മഹാബലി തമ്പുരാനെ ചെണ്ടമേളത്തിന്‍റേയും താലപ്പൊലികളുടെയും അകമ്പടിയോടു കൂടി വേദിയിലേക്ക് സ്വാഗതം ചെയ്തു അവിടെ ചെണ്ടമേളങ്ങളുടെ അതിമനോഹരമായ നാദവിസ്മയവും കേരളിയ കലാരൂപമായ തിരുവാതിര കളി അരങ്ങേറുകയും ചെയ്തു. മഹാബലി എല്ലാ പ്രജകളേയും ആശീര്‍വദിക്കുകയും ചെണ്ടമേളവും തിരുവാതിരയും ആസ്വദിച്ച്, വിഭവസമ്യദ്ധമായ ഓണ സദ്യയും കഴിച്ച് മടങ്ങി.

തുടര്‍ന്ന് വ്യത്യസ്തമായ കലാപരിപാടികള്‍ സ്റ്റേജില്‍ കള്‍ച്ചറല്‍ കമ്മറ്റി ലീഡ് ബോര്‍ഡ് മെമ്പര്‍ ശ്രീമതി. ഹെന വിനോദ് അണിയിച്ചൊരുക്കി. സീനിയേഴ്സ് അവതരിപ്പിച്ച സംഘഗാനം എല്ലാവരേയും ഓണക്കാലത്തിന്‍റെ ഗ്യഹാതുരത്വത്തിലേക്കു കൊണ്ടു പോയതായി ജോയിന്‍റ് സെക്രട്ടറി രവീന്ദ്രന്‍ നായര്‍ പറഞ്ഞു. ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായ പാര്‍ത്ഥസാരഥി വള്ളം ഏവരേയും അതിശയിപ്പിക്കുകയും, വള്ളപ്പാട്ടും വഞ്ചിതുഴയലും കാണികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കുകയും ചെയ്തതായി ട്രസ്റ്റി മെമ്പര്‍ ശ്രീ കേശവന്‍ നായര്‍ പറഞ്ഞു. വള്ളം കളിക്കു വേണ്ടി നിര്‍മ്മിച്ച വഞ്ചിയുടെ കരവിരുത് എടുത്തു പറയേണ്ടതാണ് തന്നെയാണ് എന്ന് ട്രസ്റ്റി മെമ്പര്‍ ശ്രീ. വിനോദ് നായര്‍ പറഞ്ഞു. തുടര്‍ന്ന് സംഘന്യത്തം, സംഘഗാനം, മ്യൂസിക്ക് ഇന്‍സ്ട്രമെന്‍റ്സ് പെര്‍ഫോമന്‍സ് എന്നിങ്ങനെ ഒട്ടനവധി പരിപാടികള്‍ അരങ്ങേറി. കേരളക്കരയില്‍ ഇരുന്നു കാണുന്ന ഒരു കലാവിരുന്നിന്‍റെ അനുഭവം പ്രേക്ഷകര്‍ക്ക് ഉണ്ടായി എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല എന്ന് ബോര്‍ഡ് മെമ്പര്‍ രജ്ഞിത് നായര്‍ അഭിപ്രിപ്പെട്ടു. അതിമനോഹരമായ പൂക്കളങ്ങളും ഹാസ്യാത്മകമായ ഫോട്ടോബൂത്തും ഡെക്കറേഷന്‍സും ബോര്‍ഡ് മെമ്പര്‍ ശ്രീമതി. സുജ ഇന്ദിരയുടെ നേത്യത്വത്തില്‍ തയ്യാറാക്കിയത് പ്രത്യേക ആകര്‍ഷണമായി, ഏറ്റവും ഒടുവിലായി ഓണക്കാലത്തെ പ്രധാന കായിക വിനോദമായ വടംവലിയും നടത്തിയ ഭാരവാഹികള്‍ പ്രത്യക പ്രശംസ അര്‍ഹിക്കുന്നു. വോളന്‍റീര്‍ ചെയ്തവര്‍ക്കും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്ത എല്ലാവര്‍ക്കും കമ്മറ്റിയുടെ പേരിലും ഭഗവല്‍ നാമത്തിലും സെക്രട്ടറി നന്ദി പറഞ്ഞു. വീണ്ടുമൊരു ഓണക്കാലത്തിനായി നമ്മുക്ക് കാത്തിരിക്കാം.

Leave a Comment

More News