കേരള സർക്കാരിൻ്റെ വന്യജീവി സംരക്ഷണ നിയമഭേദഗതി ബിൽ: ചില വസ്തുതകൾ

കേരളത്തിൽ വന്യ ജീവി ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. ആന, കടുവ, കരടി, പുലി തുടങ്ങി നിരവധി വന്യജീവി ആക്രമണങ്ങളുടെ ഫലമായി സാധാരണ ജനങ്ങളുടെ ജീവനും സ്വത്തുക്കളും അപകടത്തിലാണ്. കർഷകരുടെ ജീവിതം പ്രയാസകരമാകുകയും ചെയ്തിട്ടുണ്ട്. പല പ്രദേശങ്ങളിലും ജനങ്ങൾ രാത്രിയും പകലും വ്യത്യാസമില്ലാതെ പേടിയോടെ ജീവിക്കേണ്ട സാഹചര്യമാണിപ്പോൾ.

ഈ പശ്ചാത്തലത്തിലാണ് കേരള സർക്കാർ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്രനിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിൽ ഇപ്പോൾ ‘ആക്രമണോത്സുകങ്ങളായ വന്യമൃഗത്തെ കൊല്ലാനുള്ള വ്യവസ്ഥകൾ’ വ്യക്തമല്ല. കേന്ദ്രനിയമമായ വന്യജീവി സംരക്ഷണ നിയമം, 1972 (Wild Life Protection Act, 1972) പ്രകാരം വന്യമൃഗങ്ങളെ പരമാവധി സംരക്ഷിക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പോലും ആക്രമണോത്സുകങ്ങളായ വന്യമൃഗത്തെ കൊല്ലുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകളില്ലെന്നതാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രനിയമത്തിലെ പ്രധാന വകുപ്പുകൾ :
വകുപ്പ് 9 – വന്യജീവികളെ വേട്ടയാടുന്നത് നിരോധിച്ചിരിക്കുന്നു.

വകുപ്പ് 11 – എന്നാൽ മനുഷ്യജീവിതത്തിന് ഭീഷണിയായോ, അതീവ അപകടകാരിയായോ വരുന്ന വന്യമൃഗത്തെ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശപ്രകാരം കൊല്ലാൻ കഴിയുമെന്ന് പരാമർശമുണ്ട്. എന്നാൽ നിയമപരമായി ഇതിന്റെ പ്രയോഗം അതീവ പരിമിതമാണ്.

വകുപ്പ് 62 – സംസ്ഥാന സർക്കാരുകൾക്ക് ചില വന്യമൃഗങ്ങളെ “ഹാനികരായവ” (vermin) ആയി പ്രഖ്യാപിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ് ആണ്. എന്നാൽ, ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി അനിവാര്യമാണ്.

സംസ്ഥാനത്തിന്റെ ഭേദഗതി ലക്ഷ്യം: കേരള സർക്കാർ ഉദ്ദേശിക്കുന്ന ഭേദഗതി, വകുപ്പുകൾ 11, 62 എന്നിവയിലാണ്. അതായത്, ആക്രമണോത്സുകങ്ങളായ വന്യമൃഗങ്ങളെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര സാഹചര്യങ്ങളിൽ കൊല്ലാൻ കഴിയുന്ന വിധത്തിലുള്ള വ്യക്തമായ നിയമ പരമായ അധികാരം സംസ്ഥാന ഉദ്യോഗസ്ഥർക്കും, ചില സന്ദർഭങ്ങളിൽ ജനങ്ങൾക്കും നൽകുവാനാണ് ഉദ്ദേശിക്കുന്നത്.

നിയമപരമായ സാധുത : വന്യജീവി സംരക്ഷണവും വനസംരക്ഷണവും കേന്ദ്രവും സംസ്ഥാനവും ചേർന്ന് നിയമനിർമാണം നടത്താവുന്ന വിഷയങ്ങളാണ്. അതിനാൽ, സംസ്ഥാന നിയമസഭ ഭേദഗതി പാസാക്കുകയാണെങ്കിൽ തന്നെ , അത് രാഷ്ട്രപതിയുടെ അനുമതിക്ക് വിധേയമായി മാത്രമേ നിലവിൽ വരൂ.

കേന്ദ്രനിയമത്തോട് വസ്താ പരമായി വിരുദ്ധമാകുന്നില്ലെങ്കിൽ സംസ്ഥാന ഭേദഗതി പ്രാബല്യത്തിൽ വരും. എന്നാൽ, കേന്ദ്രനിയമത്തിലെ ഏതെങ്കിലും വകുപ്പുകൾ എതിരെയാണ് സംസ്ഥാന നിയമം എങ്കിൽ, അവിടെ കേന്ദ്രനിയമത്തിനാണ് മുൻഗണന.

സുപ്രധാന കോടതി വിധികൾ:

Centre for Environmental Law, WWF vs Union of India (സുപ്രീം കോടതി, 2013) – വന്യമൃഗ സംരക്ഷണം പരമാവധി ഉറപ്പാക്കണമെന്നും, വന്യമൃഗങ്ങളെ കൊല്ലുന്നത് അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം അനുവദനീയമാണെന്നും സുപ്രീം കോടതി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി.

Animal Welfare Board of India vs A. Nagaraja (സുപ്രീം കോടതി, 2014) – ജീവജാലങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും സുപ്രീം കോടതി പറഞ്ഞു.

In Re: Human-Wildlife Conflict (കേരള ഹൈക്കോടതി, 2023) – മനുഷ്യജീവിതം സംരക്ഷിക്കുക സംസ്ഥാന സർക്കാരിൻ്റെ കടമയാണ്. എന്നാൽ, വന്യമൃഗ സംരക്ഷണത്തിനുള്ള നിയമങ്ങളും പാലിക്കേണ്ടതുണ്ട് എന്ന് കേരള ൈ ഹക്കേ ാടതിയും വ്യക്തമാക്കി.

അത് പോലെ, ജസ്റ്റിസ് സുരേന്ദ്ര മോഹൻ്റെ ബെഞ്ച്, കേരള ഹൈക്കോടതി (2019 ൽ) ഒരു സുപ്രധാന വിധി
പറയുക ഉണ്ടായി .

കടുവയെ കൊല്ലാനുള്ള സർക്കാർ ഉത്തരവിനെതിരെ ഒരു പൊതുതാൽപര്യ ഹർജി വന്നപ്പോൾ കോടതി ഇങ്ങിനെ വ്യക്തമാക്കി: “മനുഷ്യജീവിതം രക്ഷിക്കുന്നതിനുള്ള അനിവാര്യാവസ്ഥയിൽ മാത്രമേ ഒരു വന്യമൃഗത്തെ കൊല്ലാനാകൂ”

നിയമ പ്രശ്നങ്ങൾ: വന്യമൃഗ സംരക്ഷണവും മനുഷ്യരുടെ ജീവൻ രക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കും എന്നതാണ് കാതലായ പ്രശ്നം.

സംസ്ഥാനത്തിന് ഒരു കേന്ദ്ര നിയമത്തിൽ ഒരു ഭേദഗതി കൊണ്ടുവരാനുള്ള അധികാരപരിധി എത്രത്തോളം എന്നതും പരിശോധിക്കപ്പെടേണ്ടതാണ്’

വന്യജീവി സംരക്ഷണത്തിന്റെ അന്തർദേശീയ കരാറുകൾ (ഉദാ: ജൈവ വൈവിധ്യ കരാർ, CITES എന്നിവ) ലംഘിക്കപ്പെടുമോ എന്നതും പ്രസക്തമാണ്.

“ആക്രമണോത്സുകനായ വന്യമൃഗം” എന്നു നിർവചിക്കുന്നത് ആരുടെ അധികാരത്തിൽ വരും എന്നതാണ് അടുത്ത പ്രശ്നം.
അത് ഉദ്യോഗസ്ഥ തീരുമാനമാണെങ്കിൽ ദുരുപയോഗ സാധ്യത കൂടുതലാണ് എന്നതും പ്രസക്തമാണ്.

എന്നാൽ, കേരള സർക്കാരിന്റെ ഈ നീക്കം കാലോചിതവും, ജനങ്ങളുടെ ദീർഘകാല ആവശ്യമുമാണ്. എന്നാൽ, ഭേദഗതി കൊണ്ടുവരുമ്പോൾ നിയമപരമായും ഭരണഘടനാപരമായും ശരിയായ നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള കടമയും, മനുഷ്യരുടെ ജീവൻ സംരക്ഷിക്കാനുള്ള കടമയും തമ്മിൽ നിയമപരവും നൈതികവുമായ ഏകോപനവും അനിവാര്യമാണ്.

തയ്യാറാക്കിയത്:

സലിൽ കുമാർ. പി
അഡ്വക്കേറ്റ്
കോഴിക്കോട്

Leave a Comment

More News