സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി നിരക്ക് ഇളവുകളുടെ സംസ്ഥാന വിജ്ഞാപനമായി

തിരുവനന്തപുരം: സെപ്റ്റംബർ 3 ന് നടന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരം, ജിഎസ്ടിക്ക് വിധേയമായ നിരവധി സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകൾ മാറ്റിക്കൊണ്ടുള്ള വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു.

നികുതി നിരക്കുകളിലെ ഈ മാറ്റങ്ങൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി അവശ്യ വസ്തുക്കളുടെയും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെയും നികുതി നിരക്കുകൾ കുറയ്ക്കുമെന്ന് കൗൺസിൽ വിലയിരുത്തുന്നു.

സെപ്റ്റംബർ 22 മുതൽ പുതുക്കിയ നികുതി നിരക്ക് അനുസരിച്ച് നികുതി ഇൻവോയ്‌സുകൾ നൽകുന്നതിന് വ്യാപാരികൾ/സേവന ദാതാക്കൾ ബില്ലിംഗ് സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. കൂടാതെ, നികുതി മാറ്റത്തിന് വിധേയമായ വിതരണവുമായി ബന്ധപ്പെട്ട് സ്റ്റോക്കിലുള്ള സാധനങ്ങൾ ഉണ്ടെങ്കിൽ, സെപ്റ്റംബർ 21 ലെ ക്ലോസിംഗ് സ്റ്റോക്ക് അവർ പ്രത്യേകം രേഖപ്പെടുത്തണം. നികുതി നിരക്കിലെ കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറണം. നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കിയ സാധനങ്ങളുടെയും സേവനങ്ങളുടെയും ഭാഗമായി സ്റ്റോക്കിന്മേലുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വ്യാപാരികൾ സ്വീകരിക്കണം.

സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻമസാല തുടങ്ങിയ ഉത്പന്നങ്ങളുടെ നികുതി നിരക്ക് 40% ലേക്ക് ഉയർത്തുവാൻ കൗൺസിൽ തീരുമാനം എടുത്തുവെങ്കിലും പ്രസ്തുത മാറ്റം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരില്ല. ആയത് പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ നടപ്പിലാവുകയുള്ളു. ആയതിനാൽ ഈ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് തൽസ്ഥിതി തുടരാം. നിരക്ക് മാറ്റം പിന്നീട് വിജ്ഞാപനം ചെയ്യും.

ഇതുമായി ബന്ധപ്പെട്ട്  വ്യാപാരികൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച  വിവരങ്ങൾ അടങ്ങിയ വിജ്ഞാപനങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റായ www.keralataxes.gov.in  ൽ  നൽകിയിട്ടുണ്ട്. വിശദ  വിവരങ്ങൾക്ക്  വകുപ്പ്  പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ കാണേണ്ടതാണ്.

നികുതി നിരക്കുകളിലെ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാപാരികൾ/സേവന ദാതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, നികുതി കുറയ്ക്കലിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാര സമൂഹം നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News