ചൈനയുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് മിസൈൽ ഉൽപ്പാദനം ഇരട്ടിയാക്കാനോ നാലിരട്ടിയാക്കാനോ ട്രംപ് ഉത്തരവിട്ടു. ഡപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീവ് ഫീൻബർഗാണ് ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ജൂലൈയിൽ, ആയുധക്ഷാമം കാരണം യുക്രെയ്നിലേക്കുള്ള സൈനിക വിതരണവും യുഎസ് നിർത്തി വെച്ചിരുന്നു. ഇപ്പോൾ, വാഷിംഗ്ടൺ സൈനിക തയ്യാറെടുപ്പിന് മുൻഗണന നൽകുന്നത് ഏഷ്യ-പസഫിക് മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കും.
റിപ്പോർട്ട് അനുസരിച്ച്, അമേരിക്ക ഇപ്പോൾ തങ്ങളുടെ സൈനിക ആയുധ ശേഖരത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. കൂടാതെ, മിസൈൽ ഉൽപ്പാദനം ഇരട്ടിയാക്കാനും നാലിരട്ടിയാക്കാനും കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചൈനയുമായുള്ള ഭാവിയിലെ സംഘർഷം മുൻകൂട്ടി കണ്ട് യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ മിസൈൽ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മിസൈലുകളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനായി പെന്റഗൺ ചില പ്രമുഖ യുഎസ് ആയുധ കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്നും, വരും വർഷങ്ങളിൽ ഏഷ്യ-പസഫിക് മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
യുഎസ് ഡപ്യൂട്ടി പ്രതിരോധ സെക്രട്ടറി സ്റ്റീവ് ഫീൻബർഗ് വ്യക്തിപരമായി ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. മിസൈൽ ഉൽപാദനത്തിനുള്ള തടസ്സങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി അദ്ദേഹം എല്ലാ ആഴ്ചയും ആയുധ നിർമ്മാണ കമ്പനികളിലെ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍, പെന്റഗണിൽ നിന്നോ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നോ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
മുമ്പ് 2025 ജൂലൈയിൽ, ആയുധശേഖരത്തിലെ കുറവ് കാരണം യുഎസ് ഉക്രെയ്‌നിനുള്ള ചില സൈനിക സഹായം നിർത്തിവച്ചിരുന്നു. “നമ്മുടെ ദേശീയ താൽപ്പര്യങ്ങൾക്ക് പ്രഥമ സ്ഥാനം നൽകുക” എന്ന നയത്തിന് അനുസൃതമായാണ് യുഎസ് ഈ നടപടി സ്വീകരിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയിൽ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ആയുധശേഖരത്തിൽ ആന്റി-എയർ മിസൈലുകൾ, ദീർഘദൂര മിസൈലുകൾ, 155 എംഎം പീരങ്കി ഷെല്ലുകൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടിട്ടുണ്ട്.
നിലവിൽ, ദക്ഷിണ ചൈനാ കടൽ, തായ്‌വാൻ, സാങ്കേതിക മേഖല എന്നിവയിൽ യുഎസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട്. ചൈനയുമായുള്ള ഏത് അപ്രതീക്ഷിത സാഹചര്യത്തിനും പ്രതികരിക്കാനുള്ള തന്ത്രപരമായ സംരംഭമായിട്ടാണ് പെന്റഗണിന്റെ തയ്യാറെടുപ്പുകളെ വിശകലന വിദഗ്ധർ കാണുന്നത്.
യുദ്ധ സാധ്യത യുഎസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആയുധ ഉൽപാദനത്തിന്റെ മുൻഗണന, സൈനിക അവലോകനങ്ങൾ, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തൽ എന്നിവ വാഷിംഗ്ടൺ ഇപ്പോൾ സമാധാനപരമായ നയതന്ത്രത്തോടൊപ്പം സൈനിക തയ്യാറെടുപ്പിനുള്ള ഓപ്ഷൻ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു.
