എടത്വ: പൊതു ഗതാഗതം സംവിധാനം പരമാവധി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസ് ഡിപ്പോകൾ മുന്തിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന ഗതാഗത വകുപ്പ് പ്രഖ്യാപിക്കുപ്പോഴും അമ്പലപ്പുഴയിൽ സ്കൂള്‍/കോളേജ് വിദ്യാർത്ഥികൾ ഉൾപ്പടെ യാത്രക്കാര്‍ പെരുവഴിയിൽ.
കെ സി വേണുഗോപാൽ എംപി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നിർമ്മിച്ച അമ്പലപ്പുഴ കെഎസ്ആർടിസി വിശ്രമ കേന്ദ്രവും കംഫോർട്ട് സ്റ്റേഷനും 2011 ഒക്ടോബർ 1ന് ആണ് ശിലാസ്ഥാപനം നടത്തിയത്. സൗജന്യ ഇന്റർനെറ്റ് സംവിധാനത്തോട് ആഘോഷകരമായി 2013 മാർച്ച് 9ന് ഉദ്ഘാടനം ചെയ്ത കെഎസ്ആർടിസി ബസ് ഷെൽറ്റർ ഇന്ന് കാട് കയറി മാലിന്യ കൂമ്പാരവുമായി നശിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളവും പകൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവുമായി മാറിയിരിക്കുന്നു.
കെഎസ്ആർടിസി അമ്പലപ്പുഴ ഡിപ്പോയിൽ കെഎസ്ആർടിസി ബസുകൾ കയറുകയോ യാത്രക്കാരെ കയറ്റുകയോ ചെയ്യുന്നില്ല. എന്നാൽ, ചുട്ടു പൊള്ളുന്ന വെയിലത്തും മഴയത്തും യാത്രക്കാരെ ഇറക്കി വിടുന്നത് വഴിയോരത്ത് ആണ്. മഴ വന്നാൽ കയറി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. എടത്വ തിരുവല്ല ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്നത് ഏറെ ക്ലേശകരമാണ്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച അമ്പലപ്പുഴ പൊടിയാടി റോഡിലെത്തിയാൽ ബസ് കാത്തുനില്‍ക്കുന്നത് കടത്തിണ്ണകളിലാണ്. ആലപ്പുഴ ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കും ഉള്ള ബസുകൾ ഉൾപ്പടെ അമ്പലപ്പുഴ കെഎസ്ആർടിസി ബസ് ഷെൽറ്ററിൽ കയറുന്നതിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രി, ഗതാഗത വകുപ്പ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, എംപി, എംഎല്‍എ, ജില്ലാ കളക്ടർ, കെഎസ്ആർടിസിടിസി എംഡി എന്നിവർക്ക് നിവേദനം നല്‍കി.
