ഡാളസ്: ചരിത്രത്തിലാദ്യമായി അതിരുകൾ കടന്ന് KCWFNA അന്തർദേശീയ തലത്തിൽ 5-ാം സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 23 മുതൽ 26 വരെ മെക്സിക്കോയിലെ കാൻകുൻ നഗരത്തിലെ മൂൺ പാലസ് റിസോർട്ടിൽ നടക്കാനിരിക്കുന്ന ഈ മഹാസമ്മേളനം വിശ്വാസം, സ്ത്രീശക്തീകരണം, ഐക്യം, സഹോദരിത്വം എന്നിവയുടെ ഉത്സവമായി മാറും.
ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (KCWFNA) യുടെ മുഖ്യ സമ്മേളനം ആദ്യമായി യു എസിന് പുറത്ത് സംഘടിപ്പിക്കപ്പെടുന്നതിലൂടെ സംഘടനയുടെ വളർച്ചയുടെയും ആഗോള ഐക്യത്തിന്റെയും പുതിയ അദ്ധ്യായം ആരംഭിക്കുന്നതായി KCWFNA എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം അറിയിച്ചു.
നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഈ സമ്മിറ്റിന് തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയും ഉദ്ഘാടന ചടങ്ങും ആദ്യ ദിനത്തിൽ നടക്കും.
പ്രധാന ഹൈലൈറ്റുകൾ:
- വിശുദ്ധ കുർബാനയും ഉദ്ഘാടനചടങ്ങും –വിശ്വാസത്തിൻ്റെയും സൗഹൃദത്തിൻ്റെയും സമന്വയം.
- ഫ്ലാഷ്‌മോബ് പ്രകടനങ്ങളും സാംസ്കാരിക അവതരണങ്ങളും – വൈവിധ്യത്തിന്റെ നിറചാർത്തുകൾ.
- നേതൃത്വവും സ്ത്രീശക്തീകരണ സെഷനുകളും – പ്രചോദനവും പ്രാവർത്തികമായ മാതൃകകളും.
- KCWFNA അവാർഡ് നൈറ്റ് – ഉന്നത വനിതാ നേതാക്കളെ ആദരിക്കൽ.
- സമാപന ബാങ്ക്വറ്റും ഗാലാ ആഘോഷവും
സന്തോഷത്തിൻ്റെയും ഐക്യത്തിൻ്റെയും അർപ്പണം. ഓരോ ദിവസവും “സഹോദരിത്വം, ഐക്യം, ശാക്തീകരണം, പാരമ്പര്യം” എന്ന പ്രമേയങ്ങളിലൊന്നിനെ ആസ്പദമാക്കിയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. KCWFNAയുടെ ലക്ഷ്യം സമൂഹത്തിൽ മാറ്റം സൃഷ്ടിക്കുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്.
“ഞങ്ങളുടെ ആദ്യ അന്തർദേശീയ സമ്മിറ്റ് ഒരു ലക്ഷ്യസ്ഥാന യാത്രയല്ല, അത് ലക്ഷ്യബോധത്താൽ ഏകീകൃതരായ സ്ത്രീകളുടെ പ്രസ്ഥാനം തന്നെയാണ്; ശക്തി, സംസ്കാരം, ബന്ധം എന്നിവ ആഘോഷിക്കാൻ അതിരുകൾ കടന്നൊരു പ്രചോദനാത്മക യാത്ര.”
വിശ്വാസം, കല, പ്രചോദനം, വിനോദം, സംസ്കാരം എന്നിവയുടെ അതുല്യ സമന്വയം കാൻകുൺ നഗരത്തിലെ നീല കടൽ തീരങ്ങളുടെയും സ്വർണ്ണ സന്ധ്യാസൂര്യന്റെയും പശ്ചാത്തലത്തിൽ ഈ സമ്മേളനം സ്ത്രീശക്തിയുടെ ചരിത്രത്തിലൊരു ഓർമയായി മാറുമെന്നും പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം പ്രസ്താവിച്ചു.
അമേരിക്കയിലും കാനഡയിലും നിന്നുമായി നാനൂറില്‍പരം അംഗങ്ങൾ ഒത്തുചേരുന്ന, ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കുന്ന ഈ മാമാങ്കത്തിനു തിരിതെളിയുവാൻ എനി വെറും 4 നാളുകൾ മാത്രം.
KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ KCCNA എക്സിക്യൂട്ടീവ് അംഗങ്ങളും സമ്മിറ്റിന്റെ ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കും.


