കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് ബുധനാഴ്ച ഉത്തർപ്രദേശിലെ വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വിമാനത്തിൽ 158 യാത്രക്കാരും 8 ജീവനക്കാരും ഉൾപ്പെടെ ആകെ 166 പേരുണ്ടായിരുന്നു.
“ലാൻഡിംഗ് പൂർണ്ണമായും സുരക്ഷിതമായിരുന്നു, എല്ലാ യാത്രക്കാരെയും പരിക്കുകളില്ലാതെ ഒഴിപ്പിച്ചു. സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന. സാങ്കേതിക പരിശോധനയ്ക്ക് ശേഷം, യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ശ്രീനഗറിലേക്ക് തിരിച്ചയക്കും,” ഇൻഡിഗോ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
വാരണാസി അതിർത്തിയിൽ പ്രവേശിച്ചപ്പോൾ, പൈലറ്റ് എ.ടി.സി (എയർ ട്രാഫിക് കൺട്രോൾ) യ്ക്ക് മെയ്ഡേ സന്ദേശം നൽകുകയും തുടർന്ന് ലാൻഡിംഗ് അഭ്യർത്ഥിക്കുകയും ചെയ്തു. വിമാനത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായതായും ഇന്ധന ചോർച്ച കാരണം എഞ്ചിൻ ചുവന്ന സിഗ്നൽ കാണിക്കുന്നുണ്ടെന്നും പൈലറ്റ് എ.ടി.സിയെ അറിയിച്ചു. എ.ടി.സി വേഗത്തിൽ 6E-6961 എന്ന ഫ്ലൈറ്റ് നമ്പർ പരിശോധിച്ച് അടുത്ത നാല് മിനിറ്റിനുള്ളിൽ വിമാനം സുരക്ഷിതമായി റൺവേയിൽ ഇറങ്ങാനുള്ള ഏര്‍പ്പാട് ചെയ്തു. തുടർന്ന് ഒരു അടിയന്തര സംഘത്തെ അയയ്ക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
ലാൻഡ് ചെയ്ത ഉടൻ തന്നെ വിമാനം ടാക്സിവേയിലേക്ക് മാറ്റിയതായും ഇന്ധന ചോർച്ചയെക്കുറിച്ച് എഞ്ചിനീയർമാരുടെ ഒരു സംഘം അന്വേഷണം ആരംഭിച്ചതായും എയർപോർട്ട് ഡയറക്ടർ ആർ.കെ. സിംഗ് പറഞ്ഞു. വലത് എഞ്ചിന് സമീപമുള്ള പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അത് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
