
പാലക്കാട് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ആശയമാണ് ഗ്രാമ സ്വരാജ്. ഗ്രാമങ്ങൾക്ക് സ്വന്തം നിലക്ക് വികസിക്കാനും ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്താനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടത്. അതിനാൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ കരുത്താർജിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും അടിത്തട്ടിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ ശ്രമിക്കേണ്ടത്.
വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികൾ കഴിഞ്ഞ അഞ്ചുവർഷം ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ജനങ്ങളുടെ എല്ലാ അവകാശങ്ങളും അവരിലേക്ക് എത്തിക്കുകയും വികസന ക്ഷേമ പ്രവർത്തനങ്ങൾ സജീവമായി നടത്തുകയും ചെയ്തു. കൂടുതൽ വാർഡുകളിൽ വിജയിച്ച് ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നത്.
പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മുൻസിപ്പാലിറ്റി ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുക എന്നതായിരിക്കണം മതേതര രാഷ്ട്രീയ പാർട്ടികളുടെ പ്രധാന അജണ്ട എന്നും റസാഖ് പാലേരി പറഞ്ഞു.
പാലക്കാട് മുൻസിപ്പാലിറ്റിയിലെ ആദ്യഘട്ട വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളായി മുപ്പത്തി രാണ്ടാം വാർഡിൽ ഷാഹി ഫൈസൽ, മുപ്പത്തി മൂന്നാം വാർഡിൽ എം.സുലൈമാൻ, മുപ്പത്തി മുന്നാം വാർഡിൽ ഷിഫാന ടീച്ചർ എന്നിവരെ പ്രഖ്യാപിച്ചു.
പാർട്ടി ജില്ലാ പ്രസിഡൻറ് കെ സി നാസർ, മണ്ഡലം പ്രസിഡൻറ് എം കാജാ ഹുസൈൻ , മണ്ഡലം സെക്രട്ടറി അബ്ദുൽ ഹക്കീം, ഇലക്ഷൻ മണ്ഡലം ജനറൽ കൺവീനർ ലുഖ്മാനുൽ ഹക്കീം, മുൻസിപ്പൽ പ്രസിഡൻറ് ഫൈസൽ എന്നിവർ സംസാരിച്ചു.
