ഝാർഖണ്ഡ് നിയമസഭാ സെക്രട്ടേറിയറ്റിലെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാൻ അനുമതി തേടിയുള്ള സിബിഐയുടെ ഹർജി ചീഫ് ജസ്റ്റിസ് ബിആർ ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. രാഷ്ട്രീയ പോരാട്ടങ്ങളിൽ ഏർപ്പെടാൻ സിബിഐ എന്തിനാണ് തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസി (സി.ബി.ഐ) എന്തിനാണ് “രാഷ്ട്രീയ പോരാട്ടത്തിൽ” തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതെന്ന് ഝാർഖണ്ഡ് കേസിൽ സുപ്രീം കോടതി ചോദിച്ചു .
ഝാർഖണ്ഡ് നിയമസഭാ സെക്രട്ടേറിയറ്റിലെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കാൻ അനുമതി തേടിയുള്ള സിബിഐയുടെ ഹർജിയാണ് ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
“നിങ്ങൾ എന്തിനാണ് രാഷ്ട്രീയ പോരാട്ടത്തിനായി നിങ്ങളുടെ മെഷിനറി ഉപയോഗിക്കുന്നത്? ഞങ്ങൾ ഇത് പലതവണ നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ലെ?” വാദം കേൾക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു.
സംസ്ഥാന നിയമസഭയിലെ നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയോട് നിർദ്ദേശിച്ച ഝാർഖണ്ഡ് ഹൈക്കോടതിയുടെ സെപ്റ്റംബർ 23 ലെ വിധി കഴിഞ്ഞ വർഷം നവംബർ 14 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് സിബിഐയുടെ ഇടക്കാല അപേക്ഷ പരിഗണിക്കുകയായിരുന്നു. വിഷയം പരിഗണിച്ച ശേഷം, സിബിഐയുടെ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ ഝാർഖണ്ഡ് നിയമസഭാ സെക്രട്ടേറിയറ്റിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഒരു കേസ് വരുമ്പോഴെല്ലാം സിബിഐയാണ് ആദ്യം കോടതിയിൽ ഹാജരാകുന്നത് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞു.
എന്നാല്, സിബിഐയെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇതിനോട് വിയോജിക്കുകയും ഒരു കുറ്റകൃത്യം നടക്കുമ്പോൾ സിബിഐ പ്രത്യക്ഷപ്പെടുമെന്ന് വാദിക്കുകയും ചെയ്തു, എന്നാൽ ബെഞ്ച് സമ്മതിച്ചില്ല.
നേരത്തെ, ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്തിരുന്നു. എന്നാൽ, 2024 സെപ്റ്റംബർ 23 ലെ ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് നിയമസഭാ സെക്രട്ടേറിയറ്റും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിക്കാൻ ബെഞ്ച് പിന്നീട് സമ്മതിച്ചു.
സിബിഐ, ഇഡി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ “ദുരുപയോഗ” ത്തെക്കുറിച്ച് പ്രതിപക്ഷം നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ് . തിരഞ്ഞെടുപ്പ് സമയത്ത് എതിരാളികളായ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കുമെതിരായ റെയ്ഡുകൾ, തിരച്ചിൽ, അറസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്, കമ്മീഷൻ പലപ്പോഴും ഈ വിഷയത്തിൽ മൗനം പാലിച്ചു.
2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷിച്ച അഴിമതിയുമായി ബന്ധപ്പെട്ട 6,900-ലധികം കേസുകൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നും, അതിൽ 361 കേസുകൾ 20 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും സെൻട്രൽ വിജിലൻസ് കമ്മീഷന്റെ (സിവിസി) കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തി.
റിപ്പോർട്ട് പ്രകാരം 658 അഴിമതി കേസുകൾ സിബിഐ അന്വേഷണം കാത്തുകിടക്കുന്നു, ഇതിൽ 48 കേസുകൾ അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നു.
2023 ഡിസംബർ 31 ലെ കണക്കനുസരിച്ച് സിബിഐയിൽ 1,610 ഒഴിവുകളുണ്ടെന്നും അനുവദനീയമായ എണ്ണം 7,295 ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 1,040 എണ്ണം എക്സിക്യൂട്ടീവ് റാങ്ക് തസ്തികകളാണെന്നും 84 എണ്ണം നിയമ ഓഫീസർമാരും 53 ടെക്നിക്കൽ ഓഫീസർമാരും 388 മിനിസ്റ്റീരിയൽ സ്റ്റാഫും 45 കാന്റീൻ ജീവനക്കാരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
.
