ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; മരണത്തിന് മുമ്പ് 25 യാത്രക്കാരെ രക്ഷിച്ചു

ഒഡീഷ: ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഡ്രൈവർക്ക് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ച് പിന്നീട് മരണത്തിന് കീഴടങ്ങി. എന്നാല്‍, ഓടുന്ന ബസ് റോഡരികിൽ സുരക്ഷിതമായി നിർത്തി ഡ്രൈവർ 25 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ഒഎസ്ആർടിസി ഡ്രൈവർ പി. സായ് കൃഷ്ണയാണ് അത്ഭുതകരമായി ബസിലെ യാത്രക്കാരെ മരണത്തിനു മുമ്പ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി 10:30 ന് പതിവുപോലെ OSRCT ബസ് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നിന്ന് മൽക്കാൻഗിരിയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആ സമയത്ത്, ഡ്രൈവർ പി. സായ് കൃഷ്ണയാണ് ബസ് ഓടിച്ചിരുന്നത്. വാഹനമോടിക്കുന്നതിനിടെ കുണ്ടുലിക്ക് സമീപം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെട്ടെങ്കിലും, അദ്ദേഹം ശ്രദ്ധാപൂർവ്വം ബസ് റോഡരികിൽ നിർത്തിയതുകൊണ്ട് വലിയൊരു അപകടം ഒഴിവാക്കി.

സായ് കൃഷ്ണ

പിന്നീട് സഹ-ഡ്രൈവർ പൂർണചന്ദ്ര റോയ് സ്റ്റിയറിംഗ് ഏറ്റെടുത്തു. സഹ-ഡ്രൈവർ കോരാപുട്ട് ജില്ലയിലെ കുണ്ഡ്ലിയിലേക്ക് ബസ് ഓടിച്ചെങ്കിലും, സായി കൃഷ്ണയുടെ ആരോഗ്യ നില വഷളായി. 108 ആംബുലൻസ് വിളിച്ചെങ്കിലും ഒരെണ്ണം ലഭ്യമായിരുന്നില്ല. തുടർന്ന് പൂർണ്ണചന്ദ്ര ബസ് കോരാപുട്ട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും സായി കൃഷ്ണ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. അദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

“ഞങ്ങൾ വിജയനഗരത്തിൽ നിന്ന് മൽക്കാൻഗിരിയിലേക്ക് വരികയായിരുന്നു. സായ് കൃഷ്ണയും ഞാനും ഡ്രൈവർമാരായിരുന്നു. അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് സൈഡിലേക്ക് ഒതുക്കി നിര്‍ത്തി എന്നോട് ബസ് ഓടിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ ഞങ്ങൾ ആംബുലൻസിനെ വിളിച്ചു. പക്ഷേ, വൈകിയതിനാൽ ഞാൻ കോരാപുട്ടിലേക്ക് കൊണ്ടുപോയി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, അദ്ദേഹം മരിച്ചുവെന്ന വാർത്ത ഡോക്ടര്‍ സ്ഥിരീകരിച്ചു,” സഹ-ഡ്രൈവർ പൂർണചന്ദ്ര റോയ് പറഞ്ഞു.

 

Leave a Comment

More News