തിരഞ്ഞെടുപ്പ് ഫലം: വംശീയ വിരുന്നൂട്ടിന് ജനം നൽകിയ തിരിച്ചടി – വെൽഫെയർ പാർട്ടി

മലപ്പുറം: സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ വിരുന്നൂട്ടിന് കേരളത്തിലെ ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. മുസ്‌ലിം  സംഘടനകളെ മുൻനിർത്തി വംശീയ പ്രചാരണങ്ങൾ അഴിച്ചുവിട്ട് മൃദുഹിന്ദുത്വ വോട്ടുകൾ സമാഹരിച്ച് വിജയിക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹമാണ് ഇവിടെ തകർന്നടിഞ്ഞത്.  ഇത്തരം എല്ലാ വ്യാജ പ്രചാരണങ്ങൾക്കിടയിലും വെൽഫെയർ പാർട്ടിക്ക് സീറ്റുകൾ വർധിപ്പിച്ച് നില മെച്ചപ്പെടുത്താൻ സാധിച്ചു. ഇനിയും ഇത്തരം വംശീയ പ്രചാരണങ്ങളുമായി മുന്നോട്ടു പോകുവാനാണ് സിപിഎം തീരുമാനിക്കുന്നതെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നിലം തൊടില്ലെന്നും വെൽഫെയർ പാർട്ടി എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.
ജില്ലാ പ്രസിഡണ്ട് ഷഫീർഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, സിസി ജാഫർ മാസ്റ്റർ, ഇബ്രാഹിംകുട്ടി മംഗലം, ശാക്കിർ മോങ്ങം, നസീറ ബാനു, സുഭദ്ര വണ്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News