തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവം ആരംഭിച്ചതോടെ തലസ്ഥാന നഗരം ഭക്തിസാന്ദ്രമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ക്ഷേത്രത്തിന് മുന്നിൽ തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി അഗ്നി പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 9.45 ന് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നു. ഉച്ചയ്ക്ക് 2.15 ന് നിവേദ്യ സമര്‍പ്പണം നടത്തും.
ചന്ദ്രഗ്രഹണം കാരണം, ഉച്ചകഴിഞ്ഞ് 3.10 മുതൽ വൈകുന്നേരം 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. കുത്തിയോട്ട ആൺകുട്ടികളെ രാത്രി 8.30 ന് ചൂരല്‍ക്കുത്ത് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ ഘോഷയാത്ര പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവം സമാപിക്കും.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആണ്. പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
