നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്ന് വിയർപ്പൊഴുക്കുന്നവർ പറയാറുണ്ട്. കേരളത്തിലെ നിയമനിർമ്മാണസഭ നിലവിൽ വരുന്നത് 1957 മാർച്ച് 16-ന് ആണ്. ജനാധിപത്യത്തിൽ നിയമനിർമ്മാണ സഭകൾക്ക് വലിയ പങ്കുള്ളത് വോട്ട് കൊടുക്കുന്നവർ മറക്കുന്നു. അധികാരത്തെക്കാൾ ആദർശങ്ങളെ നെഞ്ചോട് ചേർത്ത് ജീവിച്ച എഴുത്തുകാരായ മുൻ മുഖ്യ മന്ത്രിമാർ നമുക്കുണ്ട്. (ഇന്ന് ചിലർ അധികാരത്തിലിരുന്ന് എഴുത്തുകാരായി അറിയപ്പെടുന്നു). ഇ.എം.എസ് നമ്പുതിരിപ്പാട് (1957), സി. അച്യുതമേനോൻ (1969), പി.കെ.വാസുദേവൻ നായർ (1978), സി.എച്ച്. മുഹമ്മദ് കോയ (1979), ഇ.കെ.നായനാർ (1980). ഇവരിൽ ആർക്കും തന്നെ ‘നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക്’ എന്ന ചിന്തയോ പൊളി പറഞ്ഞു വാണവരോ, വർഗ്ഗീയ പാർട്ടികളുടെ വോട്ട് വേണ്ടായെന്ന് പറയുകയും ഗൂഢാലോചന നടത്തി വോട്ട് വാങ്ങിയവരോ, ജനങ്ങളുടെ നികുതി പണമെടുത്തു് ധൂർത്തു് നടത്തിയവരോ, എന്തെങ്കിലും വികസന പ്രവർത്തി ചെയ്താൽ അത് പെരുപ്പിച്ചു് ബോർഡുകൾ എഴുതിയവരോ അല്ലായിരുന്നു. ആര് ഭരിച്ചാലും വികസനമുണ്ടാക്കും. അതിനല്ലേ തെരെഞ്ഞെടുത്തത്. തികഞ്ഞ ആഭിജാത്യം തുളുമ്പുന്ന എഴുത്തുകാരായിട്ടുള്ള ജോസഫ് മുണ്ടശേരി അടക്കമുള്ള മന്ത്രിമാരെയെടുത്താൽ അവരുടെ വാക്കുകൾക്ക് സന്ധ്യാകാശത്തിന്റെ ഒരു ചാരുതയും അവരുടെ ഹൃദയത്തിന് ചുറ്റും വട്ടമിട്ട് നിൽക്കാൻ പൗരഷമുള്ള ദേശ സ്‌നേഹികളുണ്ടായിരുന്നു. ഇന്നോ വട്ടമിട്ട് നില്ക്കാൻ വാടകക്കെടുത്ത വടക്കേ ഇന്ത്യക്കാരും വർഗ്ഗീയവാദികളും പിൻവാതിൽ നിയമനം ലഭിച്ചവരുമാണ്. നമ്മുടെ വഴിപിഴച്ച ജനാധിപത്യം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?
ഇന്നത്തെ ജനാധിപത്യത്തിൽ ഒരാൾക്ക് അധികാരം കിട്ടിയാൽ അതിൽ വളഞ്ഞു പുളയുക മാത്രമല്ല ജനജീവിതം അസഹ്യമായ അരാജകത്വത്തിലേക്ക് തള്ളിവിടുന്നു. അതിന് ഏറ്റവും വലിയ തെളിവായി കാണാൻ സാധിക്കുന്നത് ഇന്ന് നടക്കുന്ന ഗൾഫ് യുദ്ധമാണ്. ഒരു ഭാഗത്തു് അധികാര ഭ്രാന്ത് മറുഭാഗത്തു് മതഭ്രാന്ത്. പാവങ്ങളുടെ, സാധാരണക്കാരുടെ ജീവിതം വർഷക്കാലത്തെ ഇരുണ്ട ആകാശംപോലെ ദുഃഖദുരിതത്തിൽ പിടയുകയാണ്. സത്യധർമത്തിന്റെ അവതാരങ്ങളായി നക്ഷത്രത്തിളക്കമുള്ള തെരെഞ്ഞെടുപ്പ് വേദികളിൽ പരസ്പരം ഗാഢമായ ആലിംഗനം നടത്തിയും, ഓരോ പാർട്ടിയുടെ തലപ്പാവും വേഷഭൂഷകളണിഞ്ഞു കാതിൽ മധുരമൂറുന്ന വാഗ്ദാന അഭിനിവേശമുണർത്തി എല്ലാം തെരഞ്ഞെടുപ്പിലും ജനക്കൂ ട്ടത്തെ ഐശര്യപൂർണ്ണമാക്കുന്ന ജനാധിപത്യം. മനുഷ്യരുടെ ദാരിദ്ര്യം, പട്ടിണി, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, നികുതി വർദ്ധനവ്, വിലക്കയറ്റം തുടങ്ങി പല മേഖലകളിലും ജനങ്ങളെ വീർപ്പുമുട്ടിക്കുന്ന ഏകാധിപത്യം. ഇതിനൊന്നും പരിഹാരം കാണാൻ നമ്മുടെ ഭരണാധികാരികൾക്ക് സാധിച്ചിട്ടില്ല. ഇവരൊക്കെ എന്തിനാണ് വീണ്ടും അധികാരത്തിൽ വരുന്നത്?
നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ശാസ്ത്ര കലാ സാഹിത്യ വിദ്യാഭ്യാസ, നീതിന്യായ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരെ തെരെഞ്ഞെടുപ്പിൽ നിർത്തി വിജയിപ്പിച്ചാൽ കേരള ജനത രക്ഷ പ്പെടും ഇല്ലെങ്കിൽ രാഷ്ട്രീയ മുതലാളിമാർ വിദേശത്തു് കച്ചവടം നടത്തി നാട് ഭരിച്ചുമു ടിക്കുമെന്നത് മറക്കരുത്. എന്റെ അറിവിൽ കലാ സാഹിത്യ രംഗത്തുള്ള മുൻ മന്ത്രി ജീ.സുധാ കരൻ (സ്വതന്ത്രൻ), അഡ്വ. ചാർളി പോൾ (ബിജെപി), ആലങ്കോട് ലീലാകൃഷ്ണൻ (സിപിഎം), രമേഷ് പിഷാരടി (കോൺഗ്രസ്) യെപ്പോലു ള്ളവരെ രാഷ്ട്രീയ നിറം നോക്കാതെ വിജയിപ്പിക്കയാണ് വേണ്ടത്.
അധികാര കസേരയിലെത്തിയാൽ അധികാരത്തിലെത്തിച്ചവർ ദാസന്മാരും ജന സേവകൻ യജമാനനുമായി മാറുന്നു. നീതി അനീതിയാക്കുന്നു. ജാതി മത രാഷ്ട്രീയ നിറം നോക്കി പാവങ്ങളുടെ കണ്ണിൽ പൊടിയിട്ട് സമ്പന്നരാകുന്ന ഈ കൂട്ടരേ ഇപ്പോഴും ജനം തിരി ച്ചറിയുന്നില്ല. ജാതി രാഷ്ട്രീയം വിളമ്പി എത്രയോ തെരെഞ്ഞെടുപ്പിൽ ഇവരെ കബളിപ്പിക്കുന്നു. ദരിദ്രരെ നിലനിറുത്തേണ്ടത് ഇവരുടെ ആവശ്യമാണ്. വികസിത രാജ്യങ്ങളിൽ ഒരാളുടെ വിദ്യാഭ്യാസം മറ്റ് യോഗ്യതകൾ നോക്കിയാണ് ഒരാളെ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. കേരളത്തിൽ ഏത് സ്ത്രീപീഡകനും തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നു. വളർന്നുവരുന്ന യുവതി യുവാക്കൾക്ക് വഴിമാറി കൊടുക്കാറില്ല. ഈ കൂട്ടർ ജാതിക്കാർഡ് ഇറക്കി എന്നും ജയിക്കുന്നു, മന്ദബുദ്ധികളായ ജനം തോൽക്കുന്നു. സത്യം നീതി പുലർത്തുന്ന, അഴിമതി നടത്താത്ത, സ്വഭാവശുദ്ധിയുള്ള, സ്വജ നപക്ഷപാതമില്ലാത്ത ജനസേവകരെയാണ് കേരളത്തിന് വേണ്ടത്.വോട്ട് ചെയ്യുന്നവരോട് പറയാനുള്ളത് കണ്ണുണ്ടായാൽ പോരാ കാണണം. ഈ തെരെഞ്ഞെടുപ്പിൽ കണ്ണ് കഴുകി വോട്ട് ചെയ്യുക.
തെരെഞ്ഞെടുപ്പിൽ മറ്റൊരു വിവേചനം കാണുന്നത് സ്ത്രീകൾക്ക് 33% അർഹമായ സംവരണമുണ്ടെങ്കിലും അത് ലഭിക്കുന്നില്ല. ഇന്ത്യയിലെ പുരുഷമേധാവിത്വം സ്ത്രീകളെ അടിമകളായി കാണുന്നതിന്റെ തെളിവാണിത്. പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ആദിവാസി-ദളിത് വംശജരുടെ അവസ്ഥയും വ്യത്യസ്തമല്ല. അവരുടെ പുരോഗതിക്കായി കൊടുക്കുന്ന ഫണ്ട് വരെ അടിച്ചുമാറ്റുന്നവരെ ഇന്നുവരെ തുറുങ്കിലടക്കാൻ സാധിക്കാത്ത സർക്കാരുകൾ ആർക്ക് വേണ്ടിയാണ്? ബി ജെ പി സർക്കാർ ഇന്ത്യയുടെ പ്രഥമ വനിതയെ രാഷ്ട്രപതിയായി കണ്ടെത്തിയത് ദളിത് വിഭാഗത്തിൽ നിന്നാണ്. ഇത് മറ്റുള്ളവർക്ക് മാതൃകയാക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ സ്വതന്ത്രരും സംരക്ഷണമുള്ളവരുമാണ്. അതിനാൽ സ്ത്രീ പീഡനങ്ങൾ കുറവാണ്.
സാമൂഹ്യ അർപ്പിതത്വത്തിന്റെ സത്തയുള്ള എഴുത്തുകാരും മുൻ മന്ത്രിമാരായിരുന്ന സഖാവ് എം.എ.ബേബി, ബിനോയ് വിശ്വം, സി.ദിവാകരൻ തുടങ്ങിയവർ മത്സരിക്കണമായിരിന്നു. മുൻമുഖ്യമന്ത്രിമാരായിട്ടുള്ള എ.കെ.ആന്റണി, കെ.കരുണാകരൻ, വി.എസ്.അച്യുതാന ന്ദൻ, ജനങ്ങളുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടിയെപ്പോലെ അഴിമതി പുരളാത്ത ജനസേവകരെ യാണ് കേരളത്തിനാവശ്യം. ഇനിയും തല്ലുകൊള്ളുന്ന ചെണ്ടകളായി വോട്ടർമാർ മാറാതിരിക്കുക.
