സാധാരണക്കാരന്റെ ഭാഷയില്‍ എഴുതി വിസ്മയം സൃഷ്ടിച്ച എഴുത്തുകാരനാണ് ബഷീര്‍: ആര്‍.ജെ.രതീഷ്

ദോഹ: മലയാളത്തില്‍ സാധാരണക്കാരന്റെ ഭാഷയില്‍ എഴുതി വിസ്മയം സൃഷ്ടിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് ഖത്തറിലെ റേഡിയോ മലയാളം 98.6 എഫ്.എം. പ്രോഗ്രാം ഡയറക്ടര്‍ ആര്‍.ജെ.രതീഷ് അഭിപ്രായപ്പെട്ടു.പ്രവാസി ദോഹ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഷീറിയന്‍ ഭാഷയും വാക്കുകളും പ്രയോഗങ്ങളുമൊക്കെ സവിശേഷമാണ്. ഈയര്‍ഥത്തില്‍ മലയാള സാഹിത്യത്തില്‍ പകരക്കാരനില്ലാത്ത എഴുത്തുകാരനാണ് ബഷീര്‍.

സഹജീവികലോടും ജീവജാലങ്ങളോടുമൊക്കെ അദമ്യമായ സ്‌നേഹം പ്രകടിപ്പിച്ച ബഷീര്‍ ജീവിതാനുഭാവങ്ങളുടെ വെളിച്ചത്തില്‍ വായനയുടെ വസന്തം സമ്മാനിക്കുകയായിരുന്നു. മാതൃ സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയും ബഷീര്‍ രചനകളുടെ സവിശേഷതയാണ്.

ബഷീറിന്റെ അപൂര്‍വ്വ ശബ്ദരേഖകള്‍ കോര്‍ത്തിണക്കി നടത്തിയ അനുസ്മരണ പ്രഭാഷണം സദസ്സില്‍ ‘ബഷീറിയന്‍ മാന്ത്രികത’ നിറച്ചു.ബഷീര്‍ സാഹിത്യത്തിലെ സംഭാഷണങ്ങളും അനുഭവങ്ങളും സദസ്സുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവതരിപ്പിച്ച പ്രഭാഷണം ഹൃദ്യവും പുതുമ നിറഞ്ഞതുമായ അനുഭവമായി മാറി.

പ്രവാസി ദോഹയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും 29-ാമത്പ്രവാസി ദോഹ ബഷീര്‍ അവാര്‍ഡിന് അര്‍ഹനായ ഒ.എല്‍. തോമസിനെക്കുറിച്ചും പ്രവാസി ദോഹ മുന്‍ ചെയര്‍മാന്‍ സി.വി. റപ്പായി വിശദീകരിച്ചു.

പ്രവാസി ദോഹ ചെയര്‍മാന്‍ കെ.എം. വര്‍ഗീസ്,അഡ്ഹോക്ക് കമ്മിറ്റി അംഗം ഇക്ബാല്‍ ചേറ്റുവ സംസാരിച്ചു. ആര്‍ ജെ രതീഷിന് പ്രവാസി ദോഹസ്ഥാപക അംഗം ബഷീര്‍ ഉപഹാരം നല്‍കി.

Leave a Comment

More News