ദോഹ (ഖത്തര്‍): മാനവരാശിയെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ കലകൊണ്ട് പ്രതിരോധം തീര്‍ത്ത് ദോഹയിലെ മലയാളി അധ്യാപികമാര്‍. പോഡാര്‍ പേള്‍ സ്‌കൂള്‍ ചിത്ര കലാ അധ്യാപികയും ലൈവ് ആര്‍ട് പെര്‍ഫോര്‍മറുമായ രോഷ്‌നി കൃഷ്ണനും ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സംഗീത അധ്യാപികയായ രചന ബിനോയിയുമാണ് സംഗീതമാണ് ലഹരി പരിപാടിയില്‍ ലഹരി വിരുദ്ധ പെയിന്റിംഗുകളിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ചത്.
തുമാമ മാളിലെ നിറഞ്ഞ സദസ്സിന് മുന്നില്‍ ബ്രഷും പെയിന്റും സമര്‍ഥമായി ഉപയോഗിച്ച് കേവലം 5 മിനിറ്റിനുള്ളില്‍ സന്ദേശ പ്രധാനമായൊരു ചിത്രം വരച്ച് സംഗീതമാണ് ലഹരി പരിപാടിയുടെ മുഖ്യ സംഘാടകനായ മുഹ് സിന്‍ തളിക്കുളത്തിന് സമ്മാനിച്ചാണ് കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തി രോഷ്‌നി കൃഷ്ണന്‍ ശ്രദ്ധേയയായത്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെടാതെ കലയുടേയും സംഗീതത്തിന്റേയും മനോഹരമായ പശ്ചാത്തലത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതായിരുന്നു അറനിറഞ്ഞ കലാകാരിയായ രോഷ്‌നിയുടെ ചിത്രം.
“Stolen Dreams – The Silent Victims” എന്ന ശീര്‍ഷകത്തില്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ സംഗീതാദ്ധ്യാപികയും ഗായികയും ചിത്രകാരിയുമായ രചന ബിനോയിയുടെ പെയിന്റിംഗ് ഏറെ വൈകാരിക തലങ്ങളുള്ളതായിരുന്നു.
ചിത്രത്തെക്കുറിച്ച രചന ബിനോയിയുടെ വാക്കുകള്‍ ഇങ്ങനെ
ഈ ചിത്രത്തിന് പിന്നില്‍ ഒരു യഥാര്‍ത്ഥ കഥയുണ്ട്…
എനിക്ക് പരിചയമുള്ള ഒരു കുട്ടിയുടെ കഥ.
സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒരു ജീവിതം…
പക്ഷേ, മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ ആ സ്വപ്നങ്ങള്‍ പതിയെ തകര്‍ന്നു.
നഷ്ടമായത് അവന്റെ ഭാവി മാത്രം ആയിരുന്നില്ല…
ഒരു അമ്മയുടെ പുഞ്ചിരിയും, ഒരു അച്ഛന്റെ പ്രതീക്ഷകളും, ഒരു കുടുംബത്തിന്റെ സന്തോഷവും കൂടിയായിരുന്നു.
തെറ്റായ ഒരു വഴിയിലേക്ക് തിരിയുമ്പോള്‍ തകരുന്നത് ഒരു ജീവിതം മാത്രമല്ല, അതിനൊപ്പം ചേരുന്ന അനേകം ഹൃദയങ്ങളുമാണ്.
ഈ ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണ്
ലഹരി ജീവിതത്തെ നശിപ്പിക്കും… സ്വപ്നങ്ങളെ കവര്‍ന്നെടുക്കും… കുടുംബങ്ങളെ വേദനിപ്പിക്കും.
”Choose life. Choose dreams. Say No to Drugs.”
ടീച്ചറുടെ വാക്കുകള്‍ കേള്‍ക്കുകയും ചിത്രം കാണുകയും ചെയ്യുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും.

