ബിജെപി വിടാനൊരുങ്ങി പത്മിനി തോമസ്; കോൺഗ്രസിലേക്ക് മടങ്ങിയേക്കും; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടാനൊരുങ്ങുന്നു. പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളും അർഹമായ പരിഗണന ലഭിക്കാത്തതുമാണ് ബിജെപി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിലാണ് പത്മിനിയെന്നും സൂചനയുണ്ട്. https://www.malayalamdailynews.com/784356/

 

2024ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മിനി തോമസ് നിലവിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി അവർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ബിജെപിയിൽ ചേർന്നത് തന്റെ എടുത്തുചാട്ടത്തിന്റെ ഫലമായിരുന്നുവെന്നും ആ തീരുമാനത്തിൽ ഇപ്പോൾ പശ്ചാത്താപമുണ്ടെന്നും പത്മിനി തോമസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക മേഖലയ്ക്ക് നൽകുന്ന പ്രാധാന്യവും താൽപര്യവുമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത്. എന്നാൽ, പാർട്ടിയിൽ ചേർന്നശേഷം കേരളത്തിലോ ദേശീയ തലത്തിലോ കായിക മേഖലയുടെ വികസനത്തിനായി പ്രവർത്തിക്കാൻ ഒരവസരവും ലഭിച്ചില്ലെന്ന് അവർ കുറ്റപ്പെടുത്തി.

പാർട്ടിയിലേക്ക് ക്ഷണിച്ചപ്പോഴുണ്ടായിരുന്ന ആവേശവും താൽപര്യവും പിന്നീട് ബിജെപി നേതൃത്വം പ്രകടിപ്പിച്ചില്ലെന്നും പത്മിനി വിമർശിച്ചു. പ്രത്യേക പദവികളോ അധികാരസ്ഥാനങ്ങളോ ആവശ്യപ്പെട്ടല്ല താൻ ബിജെപിയിൽ ചേർന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരിഗണിക്കുമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും ആ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പിൽ പാളയം വാർഡിൽ മത്സരിക്കാൻ അവസരം നൽകുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

അന്താരാഷ്ട്ര കായികരംഗത്തും കായിക ഭരണരംഗത്തുമുള്ള തന്റെ ദീർഘകാല അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും കായിക വികസനത്തിനായി പ്രയോജനപ്പെടുത്താമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം. അഞ്ചുവർഷം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി പ്രവർത്തിച്ച പരിചയസമ്പത്തുണ്ടായിട്ടും അത് ഫലപ്രദമായി വിനിയോഗിക്കാൻ പാർട്ടി തയ്യാറായില്ലെന്നും പത്മിനി ആരോപിച്ചു.

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽപ്പോലും തനിക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നും സുപ്രധാന പാർട്ടി യോഗങ്ങളിൽനിന്ന് തന്നെ ഒഴിവാക്കിയെന്നും അവർ വിമർശിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തന്നോട് കാര്യമായ കൂടിയാലോചനകൾ നടത്തിയിരുന്നില്ലെന്നും ഇത്തരം അവഗണനകൾ തുടർന്ന സാഹചര്യത്തിലാണ് ബിജെപിയിൽ തുടരുന്നതിൽ അർഥമില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പത്മിനി പറഞ്ഞു.

ബിജെപി വിടാനുള്ള തീരുമാനം പാർട്ടി നേതാക്കളെ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് തന്നോട് യാതൊരു കൂടിയാലോചനയും നടത്താതിരുന്ന നേതൃത്വത്തെ രാജിക്കാര്യം മുൻകൂട്ടി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്.

രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര കായിക വേദികളിൽ നേട്ടങ്ങൾ കൈവരിക്കുകയും അർജുന പുരസ്‌കാരം നേടുകയും ചെയ്ത പത്മിനി തോമസിന്റെ ബിജെപി വിടാനുള്ള തീരുമാനം കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്. നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മിനി വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. കെപിസിസി അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Comment

More News