പാകിസ്ഥാനിൽ പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; സിന്ധിനെ വിഭജിച്ചാൽ കറാച്ചിയിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ബിലാവൽ ഭൂട്ടോ

ഇസ്ലാമാബാദ്: പാക്കിസ്താനിൽ പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള നിർദേശം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. സിന്ധ് പ്രവിശ്യയെ ബലപ്രയോഗത്തിലൂടെ വിഭജിക്കാൻ ശ്രമിച്ചാൽ കറാച്ചിയിലെ തെരുവുകളിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ പാക്കിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകി. പുതിയ പ്രവിശ്യകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഭരണസഖ്യത്തിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് ബിലാവലിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.

പാക്കിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രാജ്യത്ത് പുതിയ പ്രവിശ്യകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിതപരിശോധന നടത്തണമെന്ന് നവംബർ 12ന് നഖ്‌വി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഭരണസംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും മികച്ച ഭരണനിർവഹണത്തിനായി ചെറിയ പ്രവിശ്യകൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഇതിന് പിന്നാലെ ആസൂത്രണ മന്ത്രി അഹ്‌സാൻ ഇഖ്ബാലും പ്രവിശ്യാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കംകൂട്ടി. നിലവിലുള്ള നാല് പ്രവിശ്യകളെ 14 പ്രവിശ്യകളായി പുനഃസംഘടിപ്പിക്കുന്ന നിർദേശം പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദേശപ്രകാരം പഞ്ചാബിനെയും സിന്ധിനെയും നാല് പ്രവിശ്യകളായും ഖൈബർ പഖ്തൂൺഖ്വയെയും ബലൂചിസ്ഥാനെയും മൂന്ന് പ്രവിശ്യകളായും വിഭജിക്കാനാണ് ആലോചന. ഇതോടൊപ്പം തലസ്ഥാനമായ ഇസ്ലാമാബാദിന് പ്രത്യേക പ്രവിശ്യാ പദവി നൽകുന്നതും പരിഗണനയിലുണ്ട്. 2027 മാർച്ചിൽ നടക്കാനിരിക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പിന് മുമ്പായി പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഭരണസഖ്യത്തെ പിന്തുണയ്ക്കുന്ന പാക്കിസ്താൻ പീപ്പിൾസ് പാർട്ടി ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ദേശീയ അസംബ്ലിയിൽ 74 സീറ്റുകളുള്ള പിപിപി, പ്രവിശ്യാ വിഭജനവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തങ്ങളുമായി ആലോചിക്കാതെയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ആരോപിക്കുന്നു. വിഷയത്തിൽ തന്നോടോ പാക്കിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയോടോ സർക്കാർ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് ബിലാവൽ ഭൂട്ടോ കുറ്റപ്പെടുത്തി. വിവാദ പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാരെ നിയന്ത്രിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിന്ധിനെ നിർബന്ധിതമായി വിഭജിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷവും സംഘർഷവും വർധിപ്പിക്കുമെന്ന് ബിലാവൽ മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യമുണ്ടായാൽ കറാച്ചിയിൽ മാത്രമായി അക്രമസംഭവങ്ങൾ ഒതുങ്ങില്ലെന്നും ഹൈദരാബാദ്, മിർപുർഖാസ്, നവാബ്ഷാ തുടങ്ങിയ നഗരങ്ങളിലേക്കും സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രാഷ്ട്രീയ തടവുകാരനെന്ന് വിശേഷിപ്പിച്ച ബിലാവൽ, രാഷ്ട്രീയ നേതാക്കൾക്കെതിരായ പീഡനനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 2008 മുതൽ സിന്ധ് പ്രവിശ്യയിൽ അധികാരം നിലനിർത്തുന്ന പാക്കിസ്താൻ പീപ്പിൾസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പുതിയ പ്രവിശ്യകളുടെ രൂപീകരണം വലിയ രാഷ്ട്രീയ വെല്ലുവിളിയാണ്. സിന്ധിന്റെ വിഭജനം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തികേന്ദ്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നാണ് പാർട്ടിയുടെ ആശങ്ക.

പ്രത്യേകിച്ച് കറാച്ചിയുടെ ഭാവിയാണ് പിപിപിയെ ആശങ്കപ്പെടുത്തുന്നത്. പാക്കിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 20 ശതമാനം സംഭാവന നൽകുന്ന നഗരമാണ്. വ്യവസായം, വ്യാപാരം, തുറമുഖ പ്രവർത്തനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ നിർണായക സ്ഥാനമുള്ള കറാച്ചി സിന്ധിൽനിന്ന് വേർപെടുത്തിയാൽ പിപിപിയുടെ രാഷ്ട്രീയ സ്വാധീനത്തിനൊപ്പം സാമ്പത്തിക ശക്തിയും ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.

എന്നാൽ കറാച്ചിയിൽ ശക്തമായ സ്വാധീനമുള്ള മുത്തഹിദ ഖൗമി മൂവ്‌മെന്റ്–പാകിസ്ഥാൻ (എംക്യുഎം-പി) പുതിയ പ്രവിശ്യകളുടെ രൂപീകരണത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രാദേശിക വികസനം ഉറപ്പാക്കുന്നതിനും ചെറിയ പ്രവിശ്യകൾ സഹായിക്കുമെന്നാണ് പാർട്ടിയുടെ വാദം.

ഇരുവിഭാഗങ്ങളുടെയും വിരുദ്ധ നിലപാടുകൾ സിന്ധിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്. 1980കളിലും 1990കളിലും കറാച്ചിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ വംശീയ സംഘർഷങ്ങൾ ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പുതിയ പ്രവിശ്യകളുടെ രൂപീകരണം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയുണ്ട്. നിലവിൽ കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന രാജ്യത്ത് 14 പ്രവിശ്യകൾക്കാവശ്യമായ ഭരണസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചേക്കും.

പാക്കിസ്താനിൽ പ്രവിശ്യകളുടെ പുനഃസംഘടന രാഷ്ട്രീയമായും ചരിത്രപരമായും ഏറെ വൈകാരികത നിറഞ്ഞ വിഷയമാണ്. രാജ്യത്തിന്റെ രൂപീകരണത്തിനുശേഷം കറാച്ചിയെ സിന്ധിൽനിന്ന് വേർതിരിച്ച് പ്രത്യേക ഭരണപ്രദേശമാക്കിയിരുന്നു. തുടർന്ന് 1955ൽ നടപ്പാക്കിയ ‘വൺ യൂണിറ്റ്’ പദ്ധതിയിലൂടെ പശ്ചിമ പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളെ ഒറ്റ ഭരണഘടകമായി സംയോജിപ്പിച്ചു.

എന്നാൽ ഈ നടപടിക്കെതിരെ സിന്ധികൾ, ബലൂചുകൾ, പഷ്തൂണുകൾ തുടങ്ങിയ വിഭാഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പുയർന്നു. പ്രാദേശിക സ്വത്വവും സാംസ്കാരിക പ്രത്യേകതകളും രാഷ്ട്രീയ അവകാശങ്ങളും ഇല്ലാതാക്കാനുള്ള ശ്രമമായാണ് പല വിഭാഗങ്ങളും ഈ നീക്കത്തെ കണ്ടത്. വ്യാപകമായ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സമ്മർദങ്ങൾക്കും പിന്നാലെ 1970ൽ വൺ യൂണിറ്റ് സംവിധാനം അവസാനിപ്പിക്കുകയും പ്രവിശ്യകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനുശേഷം 1971ൽ കിഴക്കൻ പാക്കിസ്താൻ സ്വതന്ത്രമായി ബംഗ്ലാദേശ് രൂപീകരിച്ചതും രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക സംഭവമായി.

ഈ ചരിത്രാനുഭവങ്ങളാണ് ഇന്നും പ്രവിശ്യാ വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളെ സങ്കീർണമാക്കുന്നത്. പ്രത്യേകിച്ച് സിന്ധിൽ പ്രവിശ്യയെ വിഭജിക്കാനുള്ള ഏതൊരു നീക്കവും പ്രാദേശിക സ്വത്വത്തിനും രാഷ്ട്രീയ അവകാശങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമായാണ് ഒരു വിഭാഗം ജനങ്ങൾ കാണുന്നത്.

അതുകൊണ്ടുതന്നെ പുതിയ പ്രവിശ്യകൾ രൂപീകരിക്കാനുള്ള നിർദേശം ഭരണപരമായ പരിഷ്കരണം എന്നതിലുപരി പാകിസ്ഥാനിലെ രാഷ്ട്രീയ സ്ഥിരതയെയും ഭരണസഖ്യത്തിന്റെ ഐക്യത്തെയും ബാധിക്കുന്ന വിഷയമായി മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്നതിനിടെ പ്രവിശ്യാ വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമായാൽ രാജ്യത്ത് പുതിയ സംഘർഷങ്ങൾക്ക് വഴിയൊരുങ്ങുമെന്ന ആശങ്കയും ശക്തമാണ്.

Leave a Comment

More News