കൊച്ചി: സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങളുടെയും അംഗത്വങ്ങളുടെയും വിഭജനം അനിശ്ചിതമായി നീളുന്നതിനെച്ചൊല്ലി യുഡിഎഫിൽ അതൃപ്തി പുകയുന്നു. അധികാരത്തിലെത്തിയാൽ അർഹമായ പരിഗണന നൽകാമെന്ന തെരഞ്ഞെടുപ്പുകാല വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കാലതാമസം നേരിടുന്നതാണ് ഘടകകക്ഷികളെയും അസോസിയേറ്റ് അംഗങ്ങളെയും അസ്വസ്ഥരാക്കുന്നത്. പി.വി. അൻവറിനും പാലാ എംഎൽഎ മാണി സി. കാപ്പനും പിന്നാലെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) നേതാവ് സി.കെ. ജാനുവും ആവശ്യങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണി നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ് സ്ഥാനവിതരണം.
യുഡിഎഫിലെ അസോസിയേറ്റ് അംഗമായ സി.കെ. ജാനു ഒരു സർക്കാർ ബോർഡിന്റെയോ കോർപ്പറേഷന്റെയോ അധ്യക്ഷസ്ഥാനവും അഞ്ച് അംഗത്വങ്ങളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സ്ഥാപനത്തിന്റെ പേര് പരസ്യമായി ഉന്നയിച്ചിട്ടില്ലെങ്കിലും ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന ബോർഡിന്റെയോ കോർപ്പറേഷന്റെയോ അധ്യക്ഷസ്ഥാനമാണ് ജാനു ലക്ഷ്യമിടുന്നതെന്നാണ് സൂചന. ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ദീർഘകാലമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ജാനു, തന്റെ പാർട്ടിക്ക് ഭരണസംവിധാനത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന നിലപാടിലാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് മത്സരിക്കാൻ സീറ്റ് അനുവദിക്കാതിരുന്ന സാഹചര്യത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉചിതമായ രാഷ്ട്രീയ പരിഗണന നൽകുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകിയിരുന്നതായാണ് ജാനുവിന്റെ നിലപാട്. എന്നാൽ സർക്കാർ അധികാരത്തിലെത്തിയിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വ്യക്തതയില്ലാത്തതാണ് അതൃപ്തിക്ക് കാരണം. ഇക്കാര്യം ഓർമിപ്പിക്കുന്നതിനും പാർട്ടിയുടെ ആവശ്യങ്ങൾ നേരിട്ട് അറിയിക്കുന്നതിനുമായി ജാനു ഇതിനകം രണ്ടുതവണ മുഖ്യമന്ത്രിയെ കണ്ടതായാണ് വിവരം. മുന്നണിയുടെ വിജയത്തിനായി സഹകരിച്ച ചെറുകക്ഷികളെ അവഗണിക്കുന്നത് ശരിയായ സമീപനമല്ലെന്ന വികാരവും ജെആർഎസ് നേതൃത്വത്തിനുണ്ട്.
അതേസമയം, തനിക്ക് വാഗ്ദാനം ചെയ്തതായി പറയുന്ന കാബിനറ്റ് റാങ്കോടുകൂടിയ നോർക്ക വൈസ് ചെയർമാൻ സ്ഥാനത്തിൽ തീരുമാനമാകാത്തതാണ് മാണി സി. കാപ്പന്റെ അതൃപ്തിക്ക് കാരണം. ഈ വിഷയത്തിൽ കാപ്പനും മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിയമസഭയിൽ ഒരംഗം മാത്രമുള്ള സിഎംപിക്ക് മന്ത്രിസ്ഥാനം അനുവദിച്ചിട്ടും തന്നെ പരിഗണിക്കാതിരുന്നതിൽ കാപ്പൻ നേരത്തേതന്നെ അസ്വസ്ഥനായിരുന്നു. ഫോർവേഡ് ബ്ലോക്കിന് പോലും കാബിനറ്റ് പദവി നൽകിയ സാഹചര്യത്തിൽ തന്റെ കാര്യത്തിൽ മാത്രം തീരുമാനം വൈകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുന്നതായാണ് വിവരം.
മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ കക്ഷികളോടും നേതാക്കളോടും ഒരേ സമീപനം സ്വീകരിക്കണമെന്നാണ് കാപ്പന്റെ ആവശ്യം. രാഷ്ട്രീയ പ്രാധാന്യത്തിന്റെയോ അംഗബലത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നത് മുന്നണിയിലെ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പാലാ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുന്നണിക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും പരിഗണിക്കണമെന്ന നിലപാടിലാണ് കാപ്പൻ.
ഇതിനിടെ, ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾക്കായി ശക്തമായ സമ്മർദവുമായി പി.വി. അൻവറും രംഗത്തുണ്ട്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാൻ സ്ഥാനം ഉൾപ്പെടെ നാല് അധ്യക്ഷസ്ഥാനങ്ങളാണ് അൻവർ ആവശ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയത്തിൽ തന്റെ നേതൃത്വത്തിൽ നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾക്കും നിർണായക പങ്കുണ്ടെന്ന വാദമാണ് അൻവർ ഉയർത്തുന്നത്. മുന്നണിയുടെ വിജയത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടുതവണ കത്തുനൽകിയതായും വിവരമുണ്ട്.
അൻവറിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുന്നണിയിലേക്ക് എത്തിയ നേതാക്കൾക്ക് തെരഞ്ഞെടുപ്പിനു മുമ്പ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന അഭിപ്രായം ഒരുവിഭാഗം ഉയർത്തുമ്പോൾ, നിലവിലെ ഘടകകക്ഷികളുടെയും കോൺഗ്രസ് നേതാക്കളുടെയും ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. അസോസിയേറ്റ് അംഗങ്ങൾക്ക് കൂടുതൽ പദവികൾ അനുവദിക്കുന്നത് മുന്നണിയിലെ സ്ഥാനവിതരണത്തിൽ പുതിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പിനു മുമ്പ് മതിയായ കൂടിയാലോചനകളില്ലാതെ വിവിധ നേതാക്കൾക്ക് പദവികൾ വാഗ്ദാനം ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന വിലയിരുത്തലും കോൺഗ്രസിൽ ശക്തമാണ്. അധികാരത്തിലെത്തിയശേഷം എല്ലാ വാഗ്ദാനങ്ങളും ഒരേസമയം നടപ്പാക്കാൻ കഴിയാത്ത സാഹചര്യം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട ചെക്ക് കേസ് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് കാബിനറ്റ് പദവി നൽകുന്നതിനെ എതിർക്കുന്നവരും പാർട്ടിയിലുണ്ടെന്നാണ് സൂചന.
കോൺഗ്രസിലെയും ഔദ്യോഗിക ഘടകകക്ഷികളിലെയും നേതാക്കളുടെ സ്ഥാനവിതരണം പൂർത്തിയാക്കിയശേഷം മാത്രം അസോസിയേറ്റ് അംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാൽ മതിയെന്ന വാദത്തിനും പാർട്ടിയിൽ പിന്തുണയുണ്ട്. എന്നാൽ ഈ സമീപനം സ്വീകരിച്ചാൽ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിനൊപ്പം നിന്ന ചെറുകക്ഷികളുടെയും സ്വതന്ത്ര രാഷ്ട്രീയ നേതാക്കളുടെയും അതൃപ്തി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
ബോർഡ്, കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങൾക്കൊപ്പം കാബിനറ്റ് റാങ്കുള്ള പദവികൾക്കായുള്ള ആവശ്യങ്ങളും വർധിക്കുന്നതോടെ സ്ഥാനവിതരണം കൂടുതൽ സങ്കീർണമാകുകയാണ്. ഒരു നേതാവിന്റെ ആവശ്യം അംഗീകരിച്ചാൽ സമാന പരിഗണന ആവശ്യപ്പെട്ട് മറ്റുള്ളവരും രംഗത്തെത്തുമെന്നതാണ് മുന്നണി നേതൃത്വത്തിന്റെ പ്രധാന ആശങ്ക.
തെരഞ്ഞെടുപ്പുകാലത്ത് നൽകിയ രാഷ്ട്രീയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനൊപ്പം മുന്നണിയിലെ വിവിധ കക്ഷികൾക്കിടയിൽ തുല്യപരിഗണന ഉറപ്പാക്കുക എന്ന ഇരട്ട വെല്ലുവിളിയാണ് ഇപ്പോൾ യുഡിഎഫ് നേതൃത്വത്തിന് മുന്നിലുള്ളത്. സ്ഥാനവിതരണത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ നിലവിലെ അതൃപ്തി പരസ്യമായ രാഷ്ട്രീയ സമ്മർദത്തിലേക്കും മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതകളിലേക്കും വളരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
