തിരുവനന്തപുരം: വോട്ടെണ്ണൽ അവസാനിക്കുന്നതുവരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ വോട്ടെണ്ണൽ മുറികൾ തുറക്കരുതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കര്‍ നിര്‍ദ്ദേശിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്യാത്ത മുറികളും ഒരു കാരണവശാലും തുറക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രോംഗ് റൂം തുറന്നെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
മുറികൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരണം തേടിയിട്ടുണ്ട്. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ മെറ്റീരിയൽ റൂം തുറന്നത് വിവാദമായിരുന്നു. എന്നാൽ, ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നുവെന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചിരുന്നു.
ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്നും ഏപ്രിൽ 20 ന് രാവിലെ 11.15 ന് തുറന്ന മുറി സീൽ ചെയ്തിരുന്നില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, സ്ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണങ്ങളിൽ യുഡിഎഫ് ഉറച്ചുനിൽക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറന്ന് അതില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മറന്നുവെച്ച ഡയറി വീണ്ടെടുക്കാൻ തീരുമാനിച്ചിരുന്നു. നെന്മാറ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ആ മുറിയും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട കണക്കുകൾ അപ്‌ഡേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ, അത് വോട്ടെണ്ണൽ പൂർത്തിയായ ശേഷം നടത്തിയാല്‍ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരക്കിട്ട് മുറികൾ തുറക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഖേൽക്കർ കൂട്ടിച്ചേർത്തു.
ഇതിനിടെ, പാലക്കാട് ജില്ലയിലെ മെറ്റീരിയൽ സ്‌ട്രോങ്ങ് റൂം തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം എസ് മാധവികുട്ടി അറിയിച്ചു. സ്ഥലത്ത് അസ്വാഭാവിക സാഹചര്യം ഒന്നും നിലവിലില്ലെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
