കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം/സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന വ്യാജേന യുവതി ചെയ്തിരുന്നത് പുതുതലമുറയെ ലഹരിയുടെ കെണിയിലേക്ക് തള്ളിവിടുന്ന എംഡിഎം വില്പന. ഇൻസ്റ്റാഗ്രാമിൽ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള കോഴിക്കോട് അടിവാരം സ്വദേശിനി ഫാത്തിമ നസ്ലിമും സുഹൃത്ത് കൊണ്ടോട്ടി സ്വദേശി ഷെഫീഖും 3.2 കിലോഗ്രാം എംഡിഎംഎയുമായി കോഴിക്കോട് എക്സൈസിന്റെ പിടിയിലായി.
തൊണ്ടയാട് ബൈപാസിൽ നിന്ന് രാമനാട്ടുകരയിലേക്ക് പോകുകയായിരുന്ന കെഎൽ 01 സിആർ 3031 നമ്പര്‍ പ്ലേറ്റുള്ള കാര്‍ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് മാരകമായ ലഹരി വസ്തു കണ്ടെത്തിയത്. ഫാത്തിമയും കൊണ്ടോട്ടി സ്വദേശിയായ സുഹൃത്ത് ഷെഫീക്കും കാറിലുണ്ടായിരുന്നു. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള മയക്കുമരുന്ന് അഞ്ച് കവറുകളിലായി കാറിന്റെ ബോണറ്റിനുള്ളിലെ മഴവെള്ള റാക്കിനുള്ളിൽ സൂക്ഷിച്ചിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 96 ലക്ഷം രൂപ വിലവരും.
ഇരുവരും വളരെക്കാലമായി എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. കർണാടകയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി കോഴിക്കോട്ട് വൻ തുകയ്ക്ക് വിൽക്കുക എന്നതായിരുന്നു ഇവരുടെ രീതി. സോഷ്യൽ മീഡിയയിലെ സ്വാധീനം ഉപയോഗിച്ച് യുവാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് ഇടപാടുകൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ ശരത്, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി-നാർക്കോട്ടിക്സ് വിഭാഗം സംയുക്തമായാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടത്തിയത്.
കാറിനുള്ളിൽ ഇത്രയധികം മയക്കുമരുന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പരിശോധനയിൽ കണ്ടെത്തിയ വലിയ അളവിൽ മയക്കുമരുന്ന് ഒരു വലിയ മാഫിയയുടെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഫാത്തിമ നസ്ലിമിനെയും ഷെഫീക്കിനെയും ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും.
