‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ കാമ്പയിൻ ജൂൺ 25 ന് ആരംഭിക്കും

എറണാകുളം: ലഹരി മരുന്നുകളുടെ ഉപയോഗം, വിൽപ്പന, വ്യാപനം എന്നിവയ്‌ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍ ദി നാർക്കോ ഹണ്ടിന്റെ രണ്ടാം ഘട്ടം ജൂൺ 25 ന് രാവിലെ 11 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നടന്ന കാർട്ടൂൺ മത്സരത്തിന്റെയും റീൽസ് മത്സരത്തിന്റെയും സമ്മാന വിതരണം ഹൈബി ഈഡൻ എംപി നിർവഹിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് – സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ മിനിമോൾ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ അനു ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശ്വതി ജി ജി ആശംസകൾ നേരും.

ഉദ്ഘാടനത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദ്യാർത്ഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രത്യേകം തെരെഞ്ഞെടുത്ത മൂന്ന് വിദ്യാർത്ഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജുകളും സമ്മാനിക്കും. വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും തൂഫാൻ വാരിയർ ബാഡ്ജുകൾ ആഭ്യന്തരമന്ത്രി സമ്മാനിക്കും.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 2 ന് തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് ഓരോ നിയോജകമണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പ്രചാരണപരിപാടികൾ നടക്കുന്നത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News