എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക; എടത്വ വികസന സമിതി ഒപ്പ് ശേഖരണം ആരംഭിച്ചു

എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണയജ്ഞത്തിന് തുടക്കമായി. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, സാബു മാത്യു കളത്തൂർ, പി.സി ജോസഫ്, ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോൻ പഴയമഠം, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് അപ്പർ കുട്ടനാട് താലൂക്ക് സമ്പാദക സമിതി രൂപികരിച്ചു. അഡ്വ. ഐസക്ക് രാജു (ചെയർമാൻ ), ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം (വൈസ് ചെയര്‍മാന്‍ ) ഡോ. ജോൺസൺ വാലയിൽ ഇടിക്കുള (ജനറൽ കൺവീനർ), ഷാജി മാധവൻ, പി.സി. ജോസഫ് (കൺവീനര്‍മാര്‍) എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റി രൂപികരിച്ചു.

എടത്വ ഉൾപ്പെടുന്ന റവന്യൂ താലൂക്ക് നിലവിൽ കുട്ടനാട് ആണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിന്റെ കീഴിലുള്ള ഒരു പ്രധാന ഗ്രാമമാണ് എടത്വ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആരാധനാലയം എന്നിവ സ്ഥിതി ചെയ്യുന്ന ഇവിടം കുട്ടനാടിന്റെ വ്യാവസായിക-വിദ്യാഭ്യാസ തലസ്ഥാനം എന്നറിയപ്പെടുന്നു.

കുട്ടനാട് താലൂക്കിലെ മുട്ടാർ, തലവടി, എടത്വ, തകഴി, വില്ലേജുകളും ഇവയോട് ചേർന്ന് കിടക്കുന്നതും ഭൂമിശാസ്ത്രപരമായും, പാരിസ്ഥിതികമായും താദാത്മ്യം ഉള്ളതുമായ പ്രദേശങ്ങളെ ഉൾപ്പെടുത്തി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്നതാണ് എടത്വ വികസന സമിതി മുന്നോട്ടു വയ്ക്കുന്ന നിർദേശം.

Leave a Comment

More News