ആഗോള ബഹുമതിയിൽ നിന്ന് സാംസ്കാരിക കേന്ദ്രത്തിലേക്ക്; ഷാർജയുടെ ‘ഹൗസ് ഓഫ് വിസ്ഡം’ ശ്രദ്ധേയമാകുന്നു

ഷാർജ: യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമെന്ന ആഗോള ബഹുമതിയിൽ നിന്ന് രൂപംകൊണ്ട ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’, മേഖലയിലെ പ്രധാന സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറുന്നു. കേവലമൊരു ലൈബ്രറി എന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും വായനക്കാരുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. രൂപകൽപ്പന, ലൈബ്രറി, വിജ്ഞാനകേന്ദ്രം തുടങ്ങി നിരവധി മേഖലകളിലെ അം​ഗീകാരങ്ങളും തേടിയെത്തി.

2019ലായിരുന്നു ഷാർജയ്ക്ക് ലോക പുസ്തക തലസ്ഥാനം എന്ന രാജ്യാന്തര അം​ഗീകാരം ലഭിച്ചത്. വിജ്ഞാന ലോകത്തെ തിളങ്ങുന്ന ഈ നേട്ടത്തെ, വെറും പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ എങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന ഭരണനേതൃത്വത്തിന്റെ ചിന്തയിൽ ‌നിന്നാണ് ‘ഹൗസ് ഓഫ് വിസ്ഡം’ എന്ന വിപ്ലവകരമായ ആശയം ജനിച്ചത്. ‘ദി സ്ക്രോൾ’ സ്മാരകത്തിന്റെ പ്രതീകാത്മകതയോടൊപ്പം, അതിന് പ്രായോഗികമായ അർത്ഥം നൽകുന്ന ഒരു സ്ഥിര സാംസ്കാരിക സ്ഥാപനമായിട്ടാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ഹൗസ് ഓഫ് വിസ്ഡം വിഭാവനം ചെയ്തത്. 2020 ഡിസംബറിൽ ജനങ്ങൾക്കായി വാതിൽ തുറന്ന ഹൗസ് ഓഫ് വിസ്ഡത്തിൽ, ദേശഭാഷാ ഭേദമന്യേ ഇന്ന് സന്ദർശകരെത്തുന്നു.

“യുനെസ്കോയുടെ അം​ഗീകാരത്തെ പുതിയൊരു തുടക്കമായാണ് ഞങ്ങൾ വിലയിരുത്തിയത്. ഒരു ലൈബ്രറി കെട്ടിടം രൂപകൽപ്പന ചെയ്യുകയെന്നതിനപ്പുറം, ആധുനിക കാലത്ത് അറിവ് എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു, അവ എങ്ങനെ പങ്കുവെക്കപ്പെടുന്നു എന്ന് നിർവചിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അതിൽ ഞങ്ങൾ വിജയം കണ്ടു.” സാംസ്കാരിക പദ്ധതി രൂപപ്പെട്ടതിനെക്കുറിച്ച് ഷൂറൂഖ് ചീഫ് പ്രോജക്ട്സ് ഓഫീസർ ഖൗല അൽ ഹാഷിമി പറയുന്നു.

അഞ്ചര ലക്ഷത്തിലധികം പുസ്തകങ്ങളുടെ ഡിജിറ്റൽ-ഭൗതിക ശേഖരമുള്ള ഇവിടെ വായനശാലകൾക്കൊപ്പം ലക്ചർ ഹാളുകൾ, ചർച്ചാ മുറികൾ, എക്സിബിഷൻ സ്പേസുകൾ, പ്രോട്ടോടൈപ്പിംഗ് ലാബുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സംവാദങ്ങൾക്കായി തുറന്ന ഇടങ്ങളും ശാന്തമായ പഠനത്തിനായി പ്രത്യേക കോണുകളും ഇവിടെയുണ്ട്. വനിതകൾക്കായി പ്രത്യേക ‘ലേഡീസ് ലോഞ്ചും’ കുട്ടികളുടെ പ്രത്യേക റീഡിങ് ഏരിയയും കാഴ്ചപരിമിതിുള്ളവർക്കായി ബ്രെയിലി പുസ്തകങ്ങളുമുണ്ട്.

വാസ്തുവിദ്യയിൽ തികഞ്ഞ അച്ചടക്കവും മിതത്വവും പുലർത്തുന്ന ഡിസൈൻ ശൈലിയാണ് ഹൗസ് ഓഫ് വിസ്ഡത്തിന്റേത്. സന്തുലിതാവസ്ഥയും കൃത്യമായ അളവുകളും ഉൾക്കൊണ്ട്, രണ്ട് നിലകളിലായി നാല് പ്രധാന തൂണുകളിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. സ്ഥിതി ചെയ്യുന്ന പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലാണ് ലൈബ്രറിയുടെ ഘടന. വേനൽച്ചൂടിൽ നിന്ന് സംരക്ഷണം നൽകി കെട്ടിടത്തിന് മുകളിലായി 15 മീറ്റർ നീളമുള്ള കൂറ്റൻ മേൽക്കൂര തണലൊരുക്കുന്നു. പകൽ സമയത്ത് വെളിച്ചം നിയന്ത്രിക്കാൻ മുളകൊണ്ടുള്ള മൂവേബിൾ സ്ക്രീനുകളാണ് ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. “ഒരു ലാൻഡ്‌മാർക്ക് നിർമ്മിക്കുക എളുപ്പമാണ്, എന്നാൽ ആളുകൾ വീണ്ടും വീണ്ടും വരാൻ ആഗ്രഹിക്കുന്ന, അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്ന ഒരിടം സൃഷ്ടിക്കുകയാണ് ബുദ്ധിമുട്ട്” ഖൗല അൽ ഹാഷിമി കൂട്ടിച്ചേർക്കുന്നു. ലോകപ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ ‘ഫോസ്റ്റർ + പാർട്ണേഴ്സ്’ആയിരുന്നു പദ്ധതിയുടെ ഡിസൈൻ പങ്കാളികൾ.

“21-ാം നൂറ്റാണ്ടിലെ വായനശാലകൾ എങ്ങനെയായിരിക്കണം എന്നതിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഉദാഹരണമാണിത്. ഡിജിറ്റൽ ഭാവിയെ ഉൾക്കൊള്ളുന്നതോടൊപ്പം, സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും അടിസ്ഥാനത്തിൽ ഇതൊരു കമ്മ്യൂണിറ്റി ഹബ്ബ് കൂടിയാണ്. കൂടുതൽ ഗവേഷണങ്ങൾക്കും സാംസ്കാരികവിനിമയങ്ങൾക്കും വഴിതുറക്കുക വഴി പ്രാദേശിക സമൂഹത്തിന് അറിവിന്റെ മരുപ്പച്ചയായി ഹൗസ് ഓഫ് വിസ്ഡം മാറുന്നു, അത്തരമൊരു യാത്രയിൽ പങ്കാളികളാവാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്.” ഫോസ്റ്റർ + പാർട്ണേഴ്സ് സ്റ്റുഡിയോ മേധാവി ജെറാർഡ് എവെൻഡൻ പറഞ്ഞു.

കേന്ദ്രത്തിൽ ഇം​ഗ്ലീഷ്, അറബിക് ഭാഷകളിലെ ലോകപ്രശസ്ത മാസികകളും വാരികകളും ലഭ്യമാണ്. അവിടെയിരുന്ന് വായിക്കുന്നതോടൊപ്പം സ്ഥിരം സന്ദർശകർക്ക് അം​ഗത്വമെടുത്ത് പുസ്തകങ്ങളെടുക്കാനുള്ള സൗകര്യമുണ്ട്. അപൂർവ കലാസാഹിത്യ പ്രദർശനങ്ങൾക്കും വേദിയാകാറുള്ള ഹൗസ് ഓഫ് വിസ്ഡം, കലാ-സാഹിത്യ ശിൽപ്പശാലകളും സം​ഘടിപ്പിക്കാറുണ്ട്. കേവലം ഒരു സ്മാരകത്തിനപ്പുറം സാംസ്കാരിക വികസനത്തെ എങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് എത്തിക്കാമെന്നും അത് വൈവിധ്യമാർന്ന പ്രാദേശിക സമൂഹത്തിന് എങ്ങനെ ഉപകാരപ്രദമാക്കാമെന്നും തെളിയിക്കുകയാണ്  ഷൂറൂഖ് ഹൗസ് ഓഫ് വിസ്ഡത്തിലൂടെ ചെയ്യുന്നത്.

Leave a Comment

More News