യു.എസ് സെനറ്റിലേക്ക് മിഷിഗണ്‍ ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ അല്‍ സഈദ് നേടിയ വിജയം അമേരിക്കയിലെ തീവ്ര വലതുപക്ഷ സയണിസ്റ്റ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. മുന്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥനായ അബ്ദുല്‍ അല്‍ സഈദ്, മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയില്‍ യു.എസ് പ്രതിനിധി ഹാലി സ്റ്റീവന്‍സിനെയാണ് പരാജയപ്പെടുത്തിയത്. ഏറെ ശ്രദ്ധേയമായ വിജയം, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ ശക്തമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 65 മില്യണ്‍ ഡോളറോളം പുറത്തുനിന്നുള്ള പ്രചാരണ ചെലവ് സ്റ്റീവന്‍സിനെ പിന്തുണയ്ക്കുന്നതിനായി ചെലവഴിച്ച സാഹചര്യത്തിലും അല്‍ സഈദ് വിജയിച്ചു. ഇസ്രാഈലിലേക്കുള്ള സൈനിക സഹായം അവസാനിപ്പിക്കുക, അമേരിക്കന്‍ രാഷ്ട്രീയത്തിലെ കോര്‍പ്പറേറ്റ് പണത്തിന്റെ സ്വാധീനം കുറയ്ക്കുക, കാമ്പയിന് ഫിനാന്‍സ് പരിഷ്കരിക്കുക, സാധാരണക്കാരായ നികുതിദായകരുടെയും മധ്യവര്‍ഗത്തിന്റെയും ജീവിതച്ചെലവ് കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളാണ് അല്‍ സഈദ് തന്റെ പ്രചാരണത്തില്‍ മുന്നോട്ടു വെച്ചത്. അമേരിക്കയുടെ വിദേശ നയം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. മറുവശത്ത്, സ്റ്റീവന്‍സിന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖരുടെയും വലിയ തോതിലുള്ള പുറത്തുനിന്നുള്ള സാമ്പത്തിക പിന്തുണയും ലഭിച്ചു. എന്നിരുന്നാലും ആ ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് അല്‍ സഈദ് വിജയം നേടിയത്.
നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ അല്‍ സഈദ് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്സിനെ നേരിടും. യു.എസ് സെനറ്റിന്റെ നിയന്ത്രണം ഏത് പാര്‍ട്ടിക്കായിരിക്കും എന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള മത്സരമാണിത്. മിഷിഗണ്‍ പോലുള്ള നിര്‍ണായക സ്വിംഗ് സ്റ്റേറ്റില്‍ ഒരു പുരോഗമന സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകുമോ എന്നതിന്റെ പരീക്ഷണം കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് സൊഹ്റാന് മംദാനി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, മിഷിഗണില്‍ അബ്ദുല്‍ അല്‍ സഈദ് നേടിയ വിജയം അമേരിക്കന്‍ പുരോഗമന രാഷ്ട്രീയത്തിലെ മറ്റൊരു ശ്രദ്ധേയമായ മുന്നേറ്റമായി മാറിയിരിക്കുകയാണ്. ഇരുവരുടെയും രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും, സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ്, ആരോഗ്യപരിരക്ഷ, കോര്‍പറേറ്റ് പണത്തിന്റെ രാഷ്ട്രീയ സ്വാധീനം, വിദേശനയം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിരയില്‍ കൊണ്ടുവരുന്ന രാഷ്ട്രീയ സമീപനമാണ് ഇരുവരുടെയും ആശയങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. മേയര്‍ മംദാനി മികച്ച ഭരണവും കാഴ്ച വെക്കുന്നുണ്ട്. അബ്ദുല്‍ അല്‍ സഈദിന്റെ വിജയത്തോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധിത്വം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ മുസ്ലിം യു.എസ് സെനറ്ററായി അദ്ദേഹം മാറും.
ആരാണ് അബ്ദുല്‍ അബ്ദുല്‍ അല്‍ സഈദ് എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം. 1984 ഒക്ടോബര്‍ 31 ന് മിഷിഗണിലെ ഡിട്രോയിറ്റില്‍ ഈജിപ്തില്‍നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി ജനിച്ച അബ്ദുല്‍ അല്‍ സഈദ് തെക്കുകിഴക്കന്‍ മിഷിഗണിലാണ് വളര്‍ന്നത്. 2007 ല്‍ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണില്‍ നിന്ന് ബയോളജിയിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദങ്ങള്‍ നേടി. തുടര്‍ന്ന് ബില്‍ ക്ലിന്റന്, ബോബി ജിന്‍ഡാല്‍ എന്നിവരെപ്പോലെ പ്രശസ്തമായ റോഡ്സ് സ്കോളര്‍ നേടി ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഓറിയല്‍ കോളജില്‍ പഠിച്ചു. അവിടെ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ പി എച്ച്ഡി നേടി. പിന്നീട് കൊളംബിയ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും നേടി. 2015 ല്‍ 30ാം വയസില്‍ ഡിട്രോയിറ്റ് നഗരത്തിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതല ഏറ്റെടുത്തു.
2018 ല്‍ മിഷിഗണ്‍ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിച്ചുകൊണ്ടാണ് അദ്ദേഹം യു.എസ് സംസ്ഥാനതല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. അന്ന് ഗ്രെച്ചന്‍ വിറ്റ്മറിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 2026 ലെ മിഷിഗണ്‍ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിലെ അബ്ദുല്‍ അല്‍ സഈദിന്റെ വിജയം ഒരു സാധാരണ സ്ഥാനാര്‍ത്ഥിയുടെ വിജയമായി മാത്രം കാണാനാവില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സ്ഥാപിത നേതൃത്വത്തെയും വന്‍ സാമ്പത്തിക ശക്തികളെയും നേരിട്ടുകൊണ്ടാണ് അദ്ദേഹം ഈ വിജയം നേടിയത്.
മിഷിഗണ്‍ ഇരുപാര്‍ട്ടികള്‍ക്കും ശക്തമായ പിന്തുണയുള്ള ഒരു നിര്‍ണായക സ്വിംഗ് സ്റ്റേറ്റാണ്. അതുകൊണ്ടുതന്നെ നവംബറില്‍ അല്‍ സഈദും മൈക്ക് റോജേഴ്സും തമ്മിലുള്ള മത്സരം അന്താരാഷ്ട്ര ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. ന്യൂയോര്‍ക്കില്‍ മേയര്‍ സ്ഥാനത്തേക്ക് മംദാനിയെ എതിര്‍ക്കാന്‍ വിവിധ രാഷ്ട്രീയ സാമ്പത്തിക ശക്തികള്‍ ഒന്നിച്ചു നിന്നതു പോലെ, മിഷിഗണില്‍ അല്‍ സഈദിനെ പരാജയപ്പെടുത്താന്‍ ശക്തമായ സാമ്പത്തിക രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇസ്രാഈല്‍-ഫലസ്തീന് വിഷയങ്ങളിലെ നിലപാടുകള്‍ ദേശീയ തലത്തില്‍ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപബ്ലിക്കന്‍ ശക്തികളും വിവിധ പ്രോഇസ്രാഈല് രാഷ്ട്രീയ സാമ്പത്തിക വിഭാഗങ്ങളും അല്‍ സഈദിനെതിരായ പ്രചാരണം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇസ്രാഈല്‍ അനുകൂല ലോബികളുടെ സ്വാധീനം കുറഞ്ഞു വരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമീപകാലത്ത് കൂടുതല്‍ പ്രാധാന്യം ലഭിച്ചുവരികയാണ്. ഗസ്സയിലെ യുദ്ധവും അമേരിക്കയുടെ ഇസ്രാഈല്‍ നയവും സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായിട്ടുണ്ട്. ലോകതലത്തില്‍ ഫാസിസത്തിനും വംശീയതക്കും അധിനിവേശത്തിനും അക്രമങ്ങള്‍ക്കും എതിരായ ആശയങ്ങള്‍ക്ക് പുതിയ തലമുറയില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചുവരുന്നതായും കാണാം. മംദാനിയുടെയും അല്‍ സഈദിന്റെയും മുന്നേറ്റങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഉണ്ടായതാണെങ്കിലും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രീയ ഭാഷ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവയെ കാണേണ്ടത്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനാധിപത്യം, സമാധാനം, സുരക്ഷ, സാമൂഹിക നീതി എന്നിവ കൂടുതല്‍ ശക്തിപ്പെടുന്ന ശുഭകരമായ ഭാവിയുണ്ടാകട്ടെയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
