“കേരളത്തിൽ NDA നേരിടുന്ന രാഷ്ട്രീയ പരീക്ഷണം”
വികസന പദ്ധതികളുടെ കണക്കുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ദീർഘകാല ജനവിശ്വാസം ഉറപ്പാക്കാൻ കഴിയില്ല എന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്. വികസനം ജനജീവിതത്തെ എങ്ങനെ മാറ്റുന്നു എന്നതും, ഭരണകൂടം ജനങ്ങളോട് എത്രത്തോളം ഉത്തരവാദിത്തം പുലർത്തുന്നു എന്നതും, അഴിമതി ആരോപണങ്ങളിൽ രാഷ്ട്രീയ നേതൃത്വം എങ്ങനെ പ്രതികരിക്കുന്നു എന്നതും, ജനങ്ങളുടെ വിശ്വാസങ്ങളെയും അവകാശങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതും കേരളീയ വോട്ടറുടെ രാഷ്ട്രീയ മനസ്സിനെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങളാണ്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷവും,തെരഞ്ഞെടുപ്പ് വേളയിലും കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടായി. ഒരു ദശാബ്ദക്കാലത്തെ LDF ഭരണത്തിന് ശേഷം UDF അധികാരത്തിലെത്തുകയും, നിരവധി ചർച്ചകൾക്കും, ഉപാധികൾക്കും ഒടുവിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽകുകയും ചെയ്തു. അതിനാൽ NDAയുടെ ഇന്നത്തെ രാഷ്ട്രീയ ചുമതല പിണറായി വിജയൻ സർക്കാരിനെ മാത്രം വിമർശിക്കുക എന്നതിൽ ഒതുങ്ങുന്നില്ല. മുൻ LDF ഭരണകാലത്തെ ആരോപണങ്ങളിൽ വ്യക്തമായ അന്വേഷണം ആവശ്യപ്പെടുന്നതിനൊപ്പം, പുതിയ UDF സർക്കാരിന്റെ ഓരോ തീരുമാനത്തെയും ജനങ്ങളുടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും ആവശ്യമായിടത്ത് വിമർശിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തവും NDAയുടെ മുന്നിലുണ്ട്.
വികസനം മാത്രം മതിയോ?
കേരളത്തിലെ വോട്ടർ ഒരു ഏകമാന രാഷ്ട്രീയ വിഭാഗമല്ല. വിവിധ മതവിശ്വാസങ്ങളും സാമൂഹിക പശ്ചാത്തലങ്ങളും സാമ്പത്തിക താൽപര്യങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഉള്ള ജനങ്ങളാണ് കേരളത്തിലുള്ളത്. അതുകൊണ്ട് “വികസനം കൊണ്ടുവരും” എന്ന വാഗ്ദാനം പ്രധാനപ്പെട്ടതാണെങ്കിലും, അതിനൊപ്പം “ജനങ്ങളുടെ പ്രശ്നങ്ങളിൽ ഞങ്ങൾ ഉണ്ടാകും” എന്ന വിശ്വാസവും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സൃഷ്ടിക്കേണ്ടതുണ്ട്. കേന്ദ്രം ഭരിയ്ക്കുന്ന NDA സർക്കാർ നടപ്പിലാക്കുന്ന ജനകീയ പദ്ധതികൾ ഇടതു മുന്നണി ഭരണകാലത്തു എങ്ങിനെ മറ്റുപേരുകളിൽ അറിയപ്പെട്ടു എന്നും,സംസ്ഥാന സർക്കാർ അത് എങ്ങിനെ മുതലാക്കി എന്നും ജനങ്ങളെ ധരിപ്പിക്കുന്നതിൽ NDA യ്ക്ക് പൂണ്ണമായി കഴിഞ്ഞിട്ടില്ല എന്ന് വേണം വിലയിരുത്തുവാൻ. ആ പ്രക്രിയ വീണ്ടും തുടരുക തന്നെയാണ്.റോഡുകളും പാലങ്ങളും വ്യവസായങ്ങളും നിക്ഷേപങ്ങളും മാത്രമല്ല ഒരു നാടിന്റെ വികസനം. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടോ? കേരളത്തിൽ പഠിച്ചവർക്ക് ഇവിടെ തന്നെ അവസരങ്ങളുണ്ടോ? ചെറുകിട വ്യാപാരികളും സംരംഭകരും നേരിടുന്ന പ്രശ്നങ്ങൾ എന്താണ്? കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അവസ്ഥ എന്താണ്? സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവ് എങ്ങനെ മാറുന്നു? സർക്കാർ പദ്ധതികളിൽ സുതാര്യതയുണ്ടോ? ഇവയും വികസന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനാൽ വികസന രാഷ്ട്രീയവും ജനകീയ സമര,പ്രതിക്ഷേധ രാഷ്ട്രീയവും പരസ്പരവിരുദ്ധങ്ങളല്ല. യഥാർത്ഥത്തിൽ, വികസനത്തിന് വിശ്വാസ്യത നൽകുന്നത് സുതാര്യതയും ഉത്തരവാദിത്തവുമാണ്.
ശബരിമല സ്വർണ്ണ കൊള്ള
ശബരിമല സ്വർണ കൊള്ളക്കേസ് വിശ്വാസത്തിന്റെയും ഭരണസുതാര്യതയുടെയും ചോദ്യമായിരിയ്ക്കുമ്പോഴും, ദേശീയ വാദവും, വലതു പക്ഷ രാഷ്ട്രീയവും പിൻപറ്റുന്ന NDA ആ വിഷയം രാഷ്ട്രീയ ആയുധമാക്കി എന്നത് പ്രധാന ചോദ്യചിഹ്നമാണ്. തെരഞ്ഞെടുപ്പ് വേളയിൽ പോലും UDF ശബരിമല വിഷയത്തിൽ മേൽകൈ നേടുകയും,അതിനു ശേഷം അവർ ആ വിഷയത്തെ മനപൂർവം മറക്കുകയും ചെയ്തിരിയ്ക്കുന്നു. ശബരിമല സ്വർണക്കേസ് ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് എന്നതിലുപരി ക്ഷേത്രസ്വത്ത് സംരക്ഷണം, ദേവസ്വം ഭരണത്തിലെ ഉത്തരവാദിത്തം, വിശ്വാസികളുടെ സമർപ്പണങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ പൊതുചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഹൈന്ദവ വോട്ടുകൾ കേന്ദ്രീകൃതമായ NDA യുടെ മൗനം ഈ വിഷയതയിൽ വോട്ടർമാരെ ചോദ്യമുനയിൽ നിര്ത്തുകയാണുണ്ടായത്. അത് സ്ഥാനാർഥി നിർണ്ണയത്തിലെ പിഴവിലൂടെ വ്യക്തമാവുകയും ഉണ്ടായി.
2026 സെപ്റ്റംബറിലും അന്വേഷണം പൂർത്തിയായിട്ടില്ല എന്ന് മാത്രമല്ല,കേസിൽ സെപ്റ്റംബർ 25-നകം charge sheet സമർപ്പിക്കുമെന്ന് SIT ഹൈക്കോടതിയെ അറിയിക്കുകയും ശേഷിക്കുന്ന അന്വേഷണങ്ങൾ വേഗത്തിലാക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമരം “ആരാണ് കള്ളൻ?” എന്ന മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങേണ്ടതില്ല. “ക്ഷേത്രസ്വത്ത് സംരക്ഷിക്കുന്നതിൽ ഭരണപരമായ വീഴ്ച എവിടെയുണ്ടായി?”, “സ്വർണത്തിന്റെ കൈമാറ്റവും കണക്കെടുപ്പും എങ്ങനെയായിരുന്നു?”, “ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ ആരായിരുന്നു?”, “ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ എന്ത് സംവിധാനമാണ് വേണ്ടത്?” , പുതിയ സർക്കാർ തെരഞ്ഞെടുപ്പ് വേളയിൽ ആയുധമാക്കിയ ശബരിമല വിഷയത്തിൽ അവർ എന്ത് നടപടി സ്വീകരിച്ചു ” എന്നീ ചോദ്യങ്ങൾ ജനങ്ങൾക്കു മുന്നിൽ ഉയർത്തുകയാണ് കൂടുതൽ ഫലപ്രദമായ രാഷ്ട്രീയ ഇടപെടൽ. അതിൽ NDA നേതൃത്വവും, രാഷ്ട്രീയവും ഇരുട്ടിൽ തപ്പുകയാണ്. സ്വതന്ത്ര ഓഡിറ്റ്, ഡിജിറ്റൽ ഇൻവെന്ററി, ക്ഷേത്രസ്വത്തിന്റെ സ്ഥിരം പരിശോധന, പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന അക്കൗണ്ടിംഗ് സംവിധാനം തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുമ്പോഴാണ് പ്രതിഷേധം ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിൽ നിന്ന് നയപരമായ പ്രസ്ഥാനമായി മാറുന്നത്.
CMRL–Exalogic: ആരോപണങ്ങൾ, അന്വേഷണം, രാഷ്ട്രീയ ഉത്തരവാദിത്തം
മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളായ വീണ വിജയനും മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ളവരുടെ പേരുകൾ CMRL–Exalogic അന്വേഷണത്തിൽ വീണ്ടും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലായിട്ടുണ്ട്. 2026 സെപ്റ്റംബറിലെ റിപ്പോർട്ടുകൾ പ്രകാരം ED അന്വേഷണം തുടരുകയാണ്.
എന്നാൽ ഇവിടെ രാഷ്ട്രീയ പ്രവർത്തകർക്ക് വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമുണ്ട്. അന്വേഷണ ഏജൻസി ഉന്നയിക്കുന്ന ആരോപണങ്ങളിൽ കോടതിയുടെ തീരുമാനം വരെ കാത്തിരിയ്ക്കാതെ നിരന്തരം ജനകീയ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുക എന്നതാണ് രാഷ്ട്രീയ പാർട്ടികളെ നിലനിർത്തുന്നത്.അതിനാൽ “കുറ്റം തെളിഞ്ഞു” എന്ന ഭാഷയ്ക്കുപകരം “അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയത്?”, “എന്ത് രേഖകളാണ് അന്വേഷണ ഏജൻസിയുടെ കൈവശമുള്ളത്?”, “ആർക്കെതിരെ എന്ത് നിയമനടപടിയാണ് ആവശ്യപ്പെടുന്നത്?”, “അന്വേഷണം സ്വതന്ത്രവും നിയമാനുസൃതവുമാണോ?” , എന്തുകൊണ്ടാണ് പുതിയ സർക്കാർ മെല്ലപ്പോക്ക് നടത്തുന്നത് “”എന്നീ ചോദ്യങ്ങളാണ് രാഷ്ട്രീയമായി ഉയർതുകയും, പ്രതിക്ഷേധ സമരങ്ങൾ ഉയരുകയും വേണം. പത്ര സമ്മേളനം വിളിച്ചത് കൊണ്ട് സാധാരണ പൊതുജനങ്ങൾ ഉത്ബുദ്ധരാകും എന്ന് വിചാരിയ്ക്കുന്നതു ശുദ്ധമണ്ടത്തരമാണ്. അഴിമതി ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നതും ജനാധിപത്യപരമായ ഉത്തരവാദിത്തം പ്രതിക്ഷേധങ്ങളുടെ ആരവങ്ങളോടെ ആവശ്യപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്.
NDAയുടെ രാഷ്ട്രീയ ഇടപെടൽ, ശബ്ദമുണ്ടോ?, അതിനു തുടർച്ചയുണ്ടോ?
NDAയും BJPയും ശബരിമല സ്വർണക്കേസിലും CMRL–Exalogic വിഷയത്തിലും പ്രതികരിച്ചിട്ടുണ്ടെന്നതിന് സമീപകാല റിപ്പോർട്ടുകൾ ഉണ്ട്. പ്രത്യേകിച്ച് CMRL–Exalogic വിഷയത്തിൽ BJP നേതാവ് ഷോൺ ജോർജ് പിണറായി വിജയനോട് ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതായി സെപ്റ്റംബർ 16-ലെ റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് “NDA പൂർണ്ണമായും മൗനത്തിലാണ്” എന്ന് പറയുന്നത് കൃത്യമല്ല എങ്കിലും, രാഷ്ട്രീയമായി കൂടുതൽ പ്രസക്തമായ ചോദ്യം മറ്റൊന്നാണ്. ഈ പ്രതികരണങ്ങൾ വ്യക്തികളുടെ മാത്രം പ്രസ്താവനകളിൽ ഒതുങ്ങുന്നുണ്ടോ? , അതോ ഒരു തുടർച്ചയായ സംഘടനാപരമായ ജനകീയ പ്രസ്ഥാനമായി മാറുന്നുണ്ടോ? ഒരു പത്രസമ്മേളനം നടത്തുന്നത് ഒരു രാഷ്ട്രീയ പ്രതികരണമാണ്. എന്നാൽ രേഖകൾ ശേഖരിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക, വിദഗ്ധരുടെ അഭിപ്രായം തേടുക, നിയമപരമായ നടപടികൾ ആവശ്യപ്പെടുക, പൊതുയോഗങ്ങൾ നടത്തുക, ജനങ്ങളുടെ പരാതികൾ ശേഖരിക്കുക, നിയമസഭയിലും കോടതികളിലും വിഷയങ്ങൾ പിന്തുടരുക, അന്വേഷണത്തിന്റെ ഓരോ ഘട്ടവും ജനങ്ങളെ അറിയിക്കുക. ഇവയാണ് ഒരു വിഷയത്തെ ദീർഘകാല രാഷ്ട്രീയ പ്രസ്ഥാനമാക്കുന്നത്.
ഷോൺ ജോർജിന്റെ ഇടപെടൽ വ്യക്തിപരമോ? അതോ രാഷ്ട്രീയപരമോ ?
ഷോൺ ജോർജ് CMRL–Exalogic വിഷയത്തിൽ തുടർച്ചയായി ചോദ്യങ്ങൾ ഉയർത്തുന്നത് രാഷ്ട്രീയമായി ശ്രദ്ധേയമായ ഇടപെടലാണ്. എന്നാൽ ഒരു വ്യക്തിയുടെ പ്രതിഷേധത്തെ മുഴുവൻ NDAയുടെ സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനത്തിന് പകരമായി കാണാനാവില്ല. ഇവിടെ ഉയരുന്ന യഥാർത്ഥ ചോദ്യം വ്യക്തിയെക്കുറിച്ചല്ല. പ്രമുഖ രാഷ്ട്രീയ നേതാവായ ഒരു വ്യക്തി ഉയർത്തുന്ന ചോദ്യങ്ങളെ ഒരു വലിയ ജനകീയ രാഷ്ട്രീയ പ്രസ്ഥാനമാക്കി, പ്രതിക്ഷേധ സമരമാക്കി മാറ്റാനുള്ള സംഘടനാപരമായ ഉത്തരവാദിത്വം NDA മുന്നണി നിരന്തരമായി നടത്തുന്നുണ്ടോ എന്നതാണ് പൊതുജനങ്ങളുടെയും,പാർട്ടി അണികളുടെയും ചോദ്യം. ഒരു നേതാവിന്റെ ശബ്ദം ജനശ്രദ്ധ നേടാം, എന്നാൽ സംഘടനാപരമായ രാഷ്ട്രീയത്തിന് അതിനെ ജനകീയ ചർച്ചയാക്കി, രേഖാപരമായ അന്വേഷണമായി, നിയമപരമായ പോരാട്ടമായി, തുടർച്ചയായ പൊതുപ്രവർത്തനമായി മാറ്റാൻ കഴിയണം.
പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ മാതൃക
2026ലെ അധികാരമാറ്റത്തോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയ സാഹചര്യത്തിൽ NDAയ്ക്ക് പഴയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മാത്രം മതിയാകില്ല. മുൻ ഭരണകൂടത്തിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനൊപ്പം നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെയും ഒരേ മാനദണ്ഡത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഇതാണ് ഒരു വിശ്വാസ്യതയുള്ള പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വം.
ഭരണത്തിൽ ആരായാലും ചോദ്യം ചെയ്യുകയും,തെളിവുണ്ടെങ്കിൽ പുറത്തുകൊണ്ടുവരികയും,നിരന്തരമായി അന്വേഷണം ആവശ്യമായാൽ ആവശ്യപ്പെടുക.പ്രതിക്ഷേധ സമരങ്ങളിൽ യുവാക്കളടക്കം ഉള്ളവരെ മുൻ നിരയിൽ നിറുത്തി പോരാടുക ഇത്തരം സമീപനം സ്വീകരിക്കുമ്പോഴാണ് “രാഷ്ട്രീയ പ്രതികാരം” എന്ന ആരോപണത്തിൽ നിന്ന് ഒരു പ്രസ്ഥാനത്തിന് സ്വയം മാറിനിൽക്കാൻ കഴിയുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം വളരെ ശക്തമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഒരു സമരത്തിന് മുദ്രാവാക്യം മാത്രം പോരാ. ജനങ്ങൾക്ക് വസ്തുതകൾ വേണം. രേഖകൾ വേണം. കണക്കുകൾ വേണം. ഉത്തരവാദിത്തം ആരുടേതാണെന്ന് അറിയണം. പരിഹാരം എന്താണെന്നും അറിയണം. വികസന നയവും,ബ്ലൂപ്രിന്റുകൾക്കും, വികസന രാഷ്ട്രീയവും കൊണ്ട് കേരളം ജനതയുടെ ഉള്ളിൽ പതിഞ്ഞുപോയ ഇടതു വലതു രാഷ്ട്രീയ ചിന്തകൾക്ക് മാറ്റം വരികയില്ല. നിരന്തരമായ ജനകീയ സമരങ്ങളിലൂടെ ഉള്ള ഇടപെടലുകളിലൂടെ മാത്രമേ കേരള രാഷ്ട്രീയത്തിൽ NDA യ്ക്ക് നില ഉറപ്പിയ്ക്കുവാൻ കഴിയുകയുള്ളു. വികസനരാഷ്ട്രീയവും, ജനകീയ പ്രതിഷേധവും ഒരുമിച്ച് പോകുമ്പോൾ മാത്രമേ ജനവികാരം വോട്ടായി മാറുകയുള്ളൂ.കേരളത്തിൽ NDAയ്ക്ക് മുന്നിലുള്ള രാഷ്ട്രീയ ചോദ്യം “വികസനമോ സമരമോ?” എന്നതല്ല. യഥാർത്ഥ ചോദ്യം “വികസനത്തിനൊപ്പം ജനങ്ങളുടെ അവകാശങ്ങളും ഭരണത്തിലെ സുതാര്യതയും എങ്ങനെ ഉറപ്പാക്കാം?” എന്നതാണ്. ഒരു ഭാഗത്ത് പുതിയ വ്യവസായങ്ങൾ, നിക്ഷേപങ്ങൾ, തൊഴിൽ, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് സംസാരിക്കാം. മറുഭാഗത്ത് ക്ഷേത്രസ്വത്ത്, അഴിമതി ആരോപണങ്ങൾ, ഭരണപരമായ വീഴ്ചകൾ, വിലക്കയറ്റം, തൊഴിൽരഹിതത്വം, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ എന്നിവയിലും ശക്തമായി ഇടപെടാം. ഒപ്പം മതങ്ങളുടെ, വിശ്വാസങ്ങളുടെ പ്രശ്നങ്ങളോടുള്ള സമീപനങ്ങളിൽ ഏതളവു വരെ പ്രതികരിയ്ക്കാം എന്നതിന് എല്ലാ പാർട്ടി നേതൃത്വങ്ങൾക്കും ഒരു അളവുകോൽ/പരിധി നിരന്നയിക്കുന്നതും നന്നായിരിക്കും.
കേരളത്തിലെ രാഷ്ട്രീയത്തിൽ ജനവിശ്വാസം നേടാൻ വികസന പദ്ധതികളുടെ പട്ടിക മാത്രം മതിയാകില്ല. അതുപോലെ എല്ലാ വിഷയങ്ങളിലും പ്രതിഷേധിക്കുന്നതും മതിയാകില്ല. വികസനം, സുതാര്യത, ഉത്തരവാദിത്തം, അടിത്തട്ടുമുതലുള്ള ജനകീയ ഇടപെടൽ, തെളിവ് അധിഷ്ഠിതമായ വിമർശനം , ഇവ അഞ്ചു വിഷയങ്ങളും ഒരുമിച്ചാണ് വിശ്വസനീയമായ രാഷ്ട്രീയത്തിന്റെ അടിത്തറ.ശബരിമല സ്വർണക്കേസിൽ അന്വേഷണം പൂർത്തിയാക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കാം. CMRL–Exalogic വിഷയത്തിൽ അന്വേഷണ ഏജൻസികളുടെ ആരോപണങ്ങൾ നിയമപരമായി പരിശോധിക്കണമെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെടാം. മുട്ടിൽ മരം മുറി കേസിൽ പ്രക്ഷോഭവുമായി മുന്നോട്ടു പോകാം. അതിനെല്ലാമുപരി പിണറായി സർക്കാരിന്റെ കാലത്തു വിശ്വാസികൾ നടത്തിയ നാമജപ ശബരിമല സമരകാലത്തു ചാർത്തപ്പെട്ട ആയിരകണക്കിന് കേസുകൾ പിൻവലിയ്ക്കണം എന്ന് ആവശ്യപ്പെട്ടു സമരമുഖങ്ങൾ തുറക്കാം. NDA വോട്ടർമാർ ആഗ്രഹിക്കുന്ന പല കാര്യങ്ങളിൽ മൗനം പാലിച്ചുകൊണ്ട്, വികസന രാഷ്ട്രീയ ചർച്ച കൊണ്ട്, സമ്മേളനങ്ങൾ കൊണ്ട് മാത്രം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി എഴുതുവാൻ NDA യ്ക്ക് കഴിയും എന്നതു ഒരു നീണ്ടകാല സ്വപ്നമായി തുടർന്നേക്കാം. കേരളത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ NDAയ്ക്ക് മുന്നിലുള്ള യഥാർത്ഥ പരീക്ഷണം ആരെയെങ്കിലും പരാജയപ്പെടുത്തുക എന്നതല്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ സ്ഥിരമായി നിലകൊള്ളുന്ന, ഭരണത്തിലായാലും പ്രതിപക്ഷത്തിലായാലും ഒരേ മാനദണ്ഡം പാലിക്കുന്ന, തെളിവുകളോടെ സംസാരിക്കുന്ന, വികസനത്തിനൊപ്പം ജനകീയ സമരങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു രാഷ്ട്രീയ സംസ്കാരം സൃഷ്ടിക്കാനാകുമോ എന്നതാണ്. വികസന രാഷ്ട്രീയം ജനങ്ങൾക്ക് പ്രതീക്ഷ നൽകുകായും, സുതാര്യത വിശ്വാസവും, നിരന്തര ജനകീയ സമരങ്ങൾ ഉത്തരവാദിത്തം ഉറപ്പാക്കുകായും ചെയ്യുന്നു.
