- യുവാക്കൾക്ക് കൂടുതൽ പരിഗണന
- കണ്ണൂർ ഉൾപ്പെടെ നിർണായക ജില്ലകളിൽ പുനഃസംഘടനയ്ക്ക് സാധ്യത
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിയും സംഘടനയ്ക്കുള്ളിലെ ദൗർബല്യങ്ങളും വിശദമായി വിലയിരുത്തിയതിന് പിന്നാലെ ജില്ലാ ഘടകങ്ങളിൽ കാര്യമായ അഴിച്ചുപണിക്ക് സിപിഎം ഒരുങ്ങുന്നു. പ്രവർത്തനക്ഷമത കുറഞ്ഞ നേതൃത്വങ്ങളെ മാറ്റുന്നതിനൊപ്പം പുതുതലമുറയിലെ നേതാക്കളെ പ്രധാന ചുമതലകളിലേക്ക് കൊണ്ടുവരാനാണ് ആലോചന. ജില്ലാ സെക്രട്ടേറിയറ്റുകളുടെയും കമ്മിറ്റികളുടെയും ഘടനയിലും മാറ്റമുണ്ടായേക്കും.
സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച, നേതാക്കളുടെ പ്രവർത്തനത്തിലെ പോരായ്മ, വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള അകലം, പ്രാദേശിക വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയാതിരുന്നത് തുടങ്ങിയ പ്രശ്നങ്ങൾ പ്രകടമായ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ തിരുത്തൽ നടപടികൾക്ക് സാധ്യത. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശങ്ങളും സംസ്ഥാനതല അവലോകനത്തിലെ കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാകും തുടർനടപടികൾ.
യുവാക്കളെയും സജീവമായി പ്രവർത്തിക്കുന്ന പുതുമുഖങ്ങളെയും ജില്ലാ നേതൃത്വത്തിലേക്ക് കൂടുതലായി ഉയർത്തിക്കൊണ്ടുവരണമെന്ന നിർദേശം പാർട്ടിക്കുള്ളിൽ ശക്തമാണ്. വ്യക്തികളെ മാറ്റുന്നതിൽ മാത്രം ഒതുങ്ങാതെ സംഘടനയുടെ പ്രവർത്തനരീതിയിലും ജനങ്ങളുമായുള്ള ബന്ധത്തിലും മാറ്റം കൊണ്ടുവരണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ കണ്ണൂരിലാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാധ്യത കൽപ്പിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ സംഭവിച്ച വീഴ്ചകൾക്ക് ജില്ലാ നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ടെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഇതോടെയാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായത്. അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
നേതൃമാറ്റമുണ്ടായാൽ ടി.വി. രാജേഷ്, വൽസൻ പനോളി തുടങ്ങിയ പേരുകൾ പരിഗണനയിൽ വന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്നുള്ള സൂചന. എന്നാൽ ജില്ലാ നേതൃത്വത്തിലെ ഏതൊരു മാറ്റവും സംസ്ഥാന നേതൃത്വത്തിന്റെ വിശദമായ കൂടിയാലോചനയ്ക്കുശേഷമായിരിക്കും.
കണ്ണൂരിലെ പ്രശ്നങ്ങൾക്ക് വ്യക്തിമാറ്റംകൊണ്ട് മാത്രം പരിഹാരമാകില്ലെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകി സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം.
തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലും മാറ്റത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചകളിൽ എംഎൽഎ വി. ജോയ് ജില്ലാ സെക്രട്ടറിയായി തുടരുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.
എന്നാൽ വി. ശിവൻകുട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമായ സാഹചര്യത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഉടൻ മാറ്റം വേണമോയെന്ന കാര്യത്തിൽ നേതൃത്വത്തിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജോയിയെ മാറ്റുന്നത് നിലവിലുള്ള സംഘടനാ സമവാക്യങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം, ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിപുലീകരിച്ച് കൂടുതൽ യുവാക്കളെയും സജീവ പ്രവർത്തകരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യത ശക്തമാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും സംഘടനാപരമായ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ പരിശോധനയിലാണ്.
പരമ്പരാഗത ശക്തികേന്ദ്രമായ കൊല്ലത്തുണ്ടായ തിരിച്ചടി ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. സംഘടനയുടെ താഴെത്തട്ടിലെ ദൗർബല്യവും പ്രാദേശിക വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയാതിരുന്നതും തിരിച്ചടിക്ക് കാരണമായോ എന്നതാണ് പരിശോധിക്കുന്നത്.
കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് ഫലവും പാർട്ടിക്ക് കടുത്ത മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 12 എണ്ണത്തിലും നഷ്ടം നേരിട്ട സാഹചര്യത്തിൽ ജില്ലാ നേതൃത്വത്തിന്റെ പ്രവർത്തനം മുതൽ ബൂത്തുതല സംഘടനാ സംവിധാനംവരെ പരിശോധനയ്ക്ക് വിധേയമാകും.
പത്തനംതിട്ടയിൽ നേതാക്കൾക്കിടയിലെ വിഭാഗീയതയാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എല്ലാ സീറ്റുകളിലുമുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പരിശോധിച്ചപ്പോൾ ആഭ്യന്തര ഭിന്നതയും ഏകോപനക്കുറവും പ്രധാന ഘടകങ്ങളായി ഉയർന്നുവെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
നേതൃത്വങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം തിരഞ്ഞെടുപ്പ് പ്രവർത്തനത്തെയും താഴെത്തട്ടിലെ പ്രവർത്തകരുടെ ഏകോപനത്തെയും ബാധിച്ചതായും വിമർശനമുണ്ട്. ഭിന്നത അവസാനിപ്പിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്ന ജില്ലാ നേതൃത്വം രൂപപ്പെടുത്തുകയാകും പുനഃസംഘടനയുണ്ടായാൽ പ്രധാന ലക്ഷ്യം.
ചില മണ്ഡലങ്ങളിൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിൽ ഉണ്ടായ ചോർച്ചയും നേതൃത്വം ഗൗരവമായി പരിശോധിക്കുന്നുണ്ട്. കോട്ടയം, കാസർകോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ ചില മണ്ഡലങ്ങളിൽ സിപിഎം വോട്ടുകളുടെ ഒരു വിഭാഗം ബിജെപിയിലേക്ക് മാറിയെന്നാണ് പാർട്ടി അവലോകനത്തിൽ ഉയർന്ന വിലയിരുത്തൽ.
മഞ്ചേശ്വരം, കാസർകോട്, മലമ്പുഴ, പാലക്കാട്, തിരുവല്ല, ആറ്റിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടുമാറ്റത്തിന്റെ കാരണങ്ങളും പരിശോധിക്കുന്നുണ്ട്. സ്ഥാനാർത്ഥികളോടുള്ള അതൃപ്തി, പ്രാദേശിക വിഷയങ്ങൾ, സംഘടനാ പ്രവർത്തനത്തിലെ വീഴ്ച, പ്രവർത്തകരുമായുള്ള ബന്ധക്കുറവ് തുടങ്ങിയ ഘടകങ്ങൾ ഇതിനു പിന്നിലുണ്ടായിരുന്നോയെന്നാണ് പരിശോധന.
തിരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനത്തിൽ മാത്രം ഒതുങ്ങാതെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുന്ന സംഘടനയായി പാർട്ടിയെ കൂടുതൽ സജീവമാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പ്രാദേശിക വിഷയങ്ങൾ യഥാസമയം തിരിച്ചറിയുന്നതിലും അവയിൽ രാഷ്ട്രീയമായി ഇടപെടുന്നതിലും ചില ജില്ലാ നേതൃത്വങ്ങൾക്ക് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
താഴെത്തട്ടിലെ പ്രവർത്തകരുടെ അഭിപ്രായങ്ങൾ നേതൃത്വത്തിലെത്തിക്കുന്ന സംവിധാനം ശക്തിപ്പെടുത്തുക, യുവാക്കളുമായുള്ള ബന്ധം വർധിപ്പിക്കുക, പുതിയ സാമൂഹിക വിഭാഗങ്ങളിലേക്ക് സംഘടനയുടെ സ്വാധീനം വ്യാപിപ്പിക്കുക എന്നിവയും തിരുത്തൽ നടപടികളുടെ ഭാഗമാകും.
ജില്ലാ സെക്രട്ടറിമാരെ മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവിധ തലങ്ങളിലെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പുനഃസംഘടനയുടെ രൂപരേഖ വ്യക്തമാകുക.
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാ ദൗർബല്യങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള നീക്കമാണ് ഇതോടെ ജില്ലാതലത്തിലേക്കും വ്യാപിക്കുന്നത്. നേതൃത്വത്തിലെ തലമുറമാറ്റത്തിനൊപ്പം പ്രവർത്തനശൈലിയിലും ജനബന്ധത്തിലും മാറ്റം കൊണ്ടുവരാനുള്ള ശ്രമമായിരിക്കും വരാനിരിക്കുന്ന അഴിച്ചുപണിയുടെ കേന്ദ്രബിന്ദു.
