ശ്രീ നാരായണ ഗുരുവിനെ ഒരു സാമൂഹിക പരിഷ്കർത്താവായും, ആത്മീയ ഗുരുവായും മാത്രം കണ്ടാൽ,അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഒരു ഭാഗം മാത്രമേ നമ്മിലേക്ക് എത്തിക്കുകയുള്ളൂ. അദ്ദേഹം ആഴമേറിയ ദാർശനികനും, കവിയും, ഭാഷാപണ്ഡിതനും, ചിന്തകനും, പരിഷ്കർത്താവുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾഎണ്ണത്തിൽ വളരെ വലുതല്ലെങ്കിലും ആശയ ഗാംഭീര്യത്തിലും ഭാഷയുടെ ലാളിത്യത്തിലും മനുഷ്യകേന്ദ്രിതമായ സന്ദേശത്തിലും അതുല്യമായ സ്ഥാനമാണ് വഹിക്കുന്നത്. ഗുരുവിന്റെ രചനകൾ ഒരു പ്രത്യേക മതവിഭാഗത്തിനു വേണ്ടി മാത്രം എഴുതപ്പെട്ടവയല്ല. ആത്മജ്ഞാനം, ധർമ്മം, കരുണ, അഹിംസ, സമത്വം, ജാതിനിരാകരണം, ആത്മനിയന്ത്രണം, മനുഷ്യസ്നേഹം, ദൈവ ബോധം എന്നിവയെ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായി അവതരിപ്പിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികളെ ഒരു കാലഘട്ടത്തിന്റെ സാഹിത്യ സൃഷ്ടികളായി മാത്രം കാണാതെ മനുഷ്യരാശിയോടുള്ള നിരന്തരവും, അന്തമില്ലാത്തതുമായ ദാർശനിക സംഭാഷണമായി വായിക്കേണ്ടതാണ്.
ഗുരുവിന്റെ പ്രധാന രചനാഭാഷ മലയാളവും സംസ്കൃതവുമായിരുന്നു. അതോടൊപ്പം തമിഴിലും അദ്ദേഹം ആഴത്തിലുള്ള പാണ്ഡിത്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികളുടെ പട്ടിക പരിശോധിക്കുമ്പോൾ മലയാളത്തിൽ മുപ്പതിലധികം രചനകൾ ഉണ്ടായിരുന്നുവെന്നും, സംസ്കൃതത്തിൽ നിരവധി ദാർശനിക-സ്തോത്ര കൃതികൾ രചിച്ചിരുന്നുവെന്നും, തമിഴിൽ ശാസ്ത്രീയമായ ഭാഷാപരിചയത്തോടെ കൃതികൾ സൃഷ്ടിച്ചിരുന്നുവെന്നും കാണാം. തമിഴിൽ രചിക്കപ്പെട്ട കൃതികളിൽ ഇന്ന് ലഭ്യമായ പ്രധാനപ്പെട്ട കൃതിയായി തേവാരപ്പതികങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവിന്റെ തമിഴ് പാണ്ഡിത്യം വെറും ഭാഷാപരിചയത്തിൽ ഒതുങ്ങിയിരുന്നില്ല, തമിഴ് ദാർശനിക സാഹിത്യത്തിന്റെ ആന്തരിക ആശയങ്ങളെ മനസ്സിലാക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഗുരുവിന്റെ ഭാഷാപാണ്ഡിത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവുകളിലൊന്നാണ് തിരുക്കുറൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രമം. തിരുവള്ളുവരുടെ മഹത്തായ തമിഴ് കൃതിയായ തിരുക്കുറൾ 1894-ൽ ഗുരു വിവർത്തനം ചെയ്യാൻ ആരംഭിച്ചെങ്കിലും അത് പൂർണ്ണമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മൂന്നു ഭാഗങ്ങളിൽ ചില ഭാഗങ്ങൾ മാത്രമാണ് വിവർത്തനം ചെയ്തത്. എന്നിരുന്നാലും, തമിഴ് ദാർശനിക സാഹിത്യത്തിന്റെ ആഴം ഗുരു എത്രത്തോളം ഉൾക്കൊണ്ടിരുന്നു എന്നതിന്റെ പ്രധാന തെളിവാണ് ഈ ശ്രമം. അതുപോലെ സംസ്കൃതത്തിലെ ഗംഗാഷ്ടകം എന്ന കൃതിയിലെ ആദ്യ ശ്ലോകം അദ്ദേഹം തമിഴിലേക്ക് വിവർത്തനം ചെയ്തതും അദ്ദേഹത്തിന്റെ തമിഴിലുള്ള ആത്മവിശ്വാസത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗുരുവിന്റെ രചനകളുടെ പ്രത്യേകത അവയുടെ ഭാഷയും ലക്ഷ്യവും തമ്മിലുള്ള അസാധാരണമായ ബന്ധമാണ്. പണ്ഡിതന്മാർക്ക് മാത്രം മനസ്സിലാകുന്ന സങ്കീർണ്ണമായ ഭാഷയിൽ എഴുതാൻ അദ്ദേഹത്തിന് കഴിയുമായിരുന്നെങ്കിലും സാധാരണ മനുഷ്യന് ആത്മീയതയും ധാർമ്മികതയും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലും അദ്ദേഹം എഴുതി. അതേസമയം, സംസ്കൃതത്തിൽ രചിച്ച ദർശനമാല പോലുള്ള കൃതികളിൽ അത്യന്തം ഗൗരവമുള്ള അദ്വൈത ദർശനവും വേദാന്ത ചിന്തയും അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ ഗുരുവിന്റെ രചനകളിൽ ഒരുവശത്ത് സാധാരണ മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുന്ന ലാളിത്യവും മറുവശത്ത് ആഴത്തിലുള്ള തത്വചിന്തയും ഒരുമിച്ച് കാണാം.
മലയാളത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദാർശനിക കൃതികളിലൊന്നാണ് ആത്മോപദേശശതകം. ആത്മാവിനെയും അറിവിനെയും മനുഷ്യന്റെ യഥാർത്ഥ സ്വരൂപത്തെയും കുറിച്ചുള്ള ഗുരുവിന്റെ ഗൗരവമായ ചിന്തകളാണ് നൂറ് ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മനുഷ്യൻ പുറത്തുള്ള ലോകത്തെ മാത്രം അന്വേഷിക്കുന്നതിനു പകരം സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞ് ആത്മസ്വരൂപത്തെ തിരിച്ചറിയണമെന്നാണ് ഇതിന്റെ അടിസ്ഥാന സന്ദേശം. അദ്വൈത ദർശനത്തെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഗുരു അവതരിപ്പിക്കുന്ന കൃതിയാണിത്. അരുവിപ്പുറത്ത് താമസിച്ചിരുന്ന കാലത്ത് ശിഷ്യന്മാർക്ക് അദ്ദേഹം ഈ കൃതി ഉപദേശ രൂപത്തിൽ പറഞ്ഞുകൊടുത്തതായും പിന്നീട് അത് സംഗ്രഹിച്ച് രൂപപ്പെടുത്തിയതായും രേഖകൾ വ്യക്തമാക്കുന്നു.
ദൈവദശകം ഗുരുവിന്റെ മറ്റൊരു മഹത്തായ സൃഷ്ടിയാണ്. കുട്ടികൾക്ക് പോലും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഈ പ്രാർത്ഥനയുടെ ഉള്ളിൽ അതീവ ആഴമുള്ള ആത്മീയ ദർശനം ഒളിഞ്ഞിരിക്കുന്നു. ദൈവം ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ മാത്രം സ്വന്തമല്ലെന്നും, മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമായ സത്യത്തിലേക്കാണ് ദൈവാന്വേഷണം നയിക്കേണ്ടതെന്നും ഈ കൃതി ഓർമ്മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദൈവദശകം ഒരു മതവിഭാഗത്തിന്റെ പ്രാർത്ഥനയായി മാത്രം വായിക്കേണ്ടതില്ല, മനുഷ്യന്റെ ഉള്ളിലെ നന്മ, ജ്ഞാനം, സമാധാനം, സ്നേഹം എന്നിവയെ ഉണർത്തുന്ന ഒരു സർവമാനവ പ്രാർത്ഥനയായി നമുക്കതിനെ നിത്യവും വായിക്കാം.
ജാതിനിർണയം, ജാതിലക്ഷണം തുടങ്ങിയ കൃതികളിൽ ഗുരുവിന്റെ സാമൂഹിക ചിന്ത കൂടുതൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നു. ജാതി ജന്മത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ഒരു സ്വാഭാവിക സത്യമല്ലെന്നും, മനുഷ്യന്റെ സ്വഭാവവും പ്രവൃത്തിയും തന്നെയാണ് അവന്റെ യഥാർത്ഥ മൂല്യത്തിന്റെ മാനദണ്ഡമെന്നും ഗുരു ചൂണ്ടിക്കാട്ടി. സാമൂഹിക പരിഷ്കർത്താവിന്റെ നിലപാട് മാത്രമല്ല, മനുഷ്യന്റെ ആത്മീയ ഏകത്വത്തെ അടിസ്ഥാനമാക്കിയുള്ള ദാർശനിക വാദമാണ് ഇവിടെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. “ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിന്റെ ആശയപരമായ അടിത്തറ ഈ രചനകളിൽ കൂടുതൽ വ്യക്തമായി കാണാം.
അനുകമ്പാദശകം, ജീവകാരുണ്യപഞ്ചകം,അഹിംസ തുടങ്ങിയ കൃതികളിൽ മനുഷ്യനോടും ജീവജാലങ്ങളോടുമുള്ള കരുണ ഗുരുവിന്റെ ആത്മീയ ദർശനത്തിന്റെ അവിഭാജ്യഘടകമായി മാറുന്നു. ആത്മീയത എന്നത് ധ്യാനത്തിലും പൂജയിലും മാത്രം ഒതുങ്ങുന്നതല്ല. മറ്റൊരു ജീവിയുടെ വേദന തിരിച്ചറിയുകയും അതിനെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ആത്മീയത എന്ന സന്ദേശമാണ് ഈ രചനകളിലൂടെ ഉയരുന്നത്. അതുകൊണ്ടുതന്നെ ഗുരുവിന്റെ ദർശനം മനുഷ്യകേന്ദ്രിതമെന്നതിലുപരി ജീവകാരുണ്യത്തെ ഉൾക്കൊള്ളുന്ന ഒരു വിശാലമായ നൈതിക ദർശനമാണ്.
കുണ്ഡലിനിപ്പാട്ട്, സ്വാനുഭവഗീതി,ആത്മവിലാസം, അദ്വൈതദീപിക തുടങ്ങിയ കൃതികളിൽ ആത്മീയാനുഭവത്തിന്റെയും ആത്മാന്വേഷണത്തിന്റെയും വ്യത്യസ്ത തലങ്ങൾകാണാം. യോഗം, ആത്മബോധം, അദ്വൈതം, സ്വാനുഭവം എന്നിവയെ വെറും സിദ്ധാന്തങ്ങളായി അവതരിപ്പിക്കാതെ ജീവിതാനുഭവവുമായി ബന്ധിപ്പിക്കുന്നതാണ് ഗുരുവിന്റെ രചനാശൈലി. ആത്മീയത ലോക ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള മാർഗമല്ലെന്നും മറിച്ച് ജീവിതത്തെ കൂടുതൽ ശുദ്ധവും ജ്ഞാനപൂർണ്ണവും കരുണാപൂർണ്ണവുമാക്കാനുള്ള മാർഗമാണെന്നും ഈ രചനകൾ വ്യക്തമാക്കുന്നു.
സംസ്കൃതത്തിലെ ഗുരുവിന്റെ കൃതികൾഅദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മറ്റൊരു മുഖംതുറന്നുകാട്ടുന്നു. ദർശനമാല, ബ്രഹ്മവിദ്യാപഞ്ചകം, നിർവൃതിപഞ്ചകം, മുനിചര്യാപഞ്ചകം, വിനായകാഷ്ടകം, ഗുഹാഷ്ടകം, ശ്രീ വാസുദേവാഷ്ടകം, ചിദംബരാഷ്ടകം, വേദാന്തസൂത്രം തുടങ്ങിയകൃതികൾ സംസ്കൃതത്തിലുള്ള അദ്ദേഹത്തിന്റെപ്രധാന രചനകളിൽപ്പെടുന്നു. പ്രത്യേകിച്ച്ദർശനമാല ഗുരുവിന്റെ പക്വമായ സംസ്കൃതദാർശനിക കൃതികളിലൊന്നായികണക്കാക്കപ്പെടുന്നു. ബ്രഹ്മവിദ്യ, ജ്ഞാനം, ഭക്തി, യോഗം, നിർവാണം തുടങ്ങിയ ആത്മീയആശയങ്ങളെ ക്രമബദ്ധമായി അവതരിപ്പിക്കുന്നഈ കൃതി ഗുരുവിന്റെ അദ്വൈതചിന്തയുടെ ആഴംമനസ്സിലാക്കാൻ സഹായിക്കുന്നു.
ഗുരുവിന്റെ കൃതികളുടെ മറ്റൊരു വലിയപ്രത്യേകത അവ എഴുതപ്പെട്ട സാഹചര്യങ്ങളാണ്. ഓരോ രചനയും ഒരേ തരത്തിലുള്ളസാഹിത്യസൃഷ്ടിയല്ല. ചിലത് പ്രത്യേകആരാധനാ സാഹചര്യങ്ങളിൽ രചിച്ചസ്തോത്രങ്ങളാണ്. ചിലത് ശിഷ്യന്മാർക്കുംസാധാരണ ജനങ്ങൾക്കും ആത്മീയ ഉപദേശംനൽകുന്നതിനുള്ളവയാണ്. ചിലത് സാമൂഹികഅനീതികളെ ചോദ്യം ചെയ്യുന്നവയാണ്. ചിലത്അദ്വൈതവേദാന്തത്തിന്റെ ആഴത്തിലുള്ളദാർശനിക വിശദീകരണങ്ങളാണ്. ചിലത്കുട്ടികൾക്കും സാധാരണ ജനങ്ങൾക്കുംപ്രാർത്ഥനയിലൂടെ നന്മയും ആത്മബോധവുംവളർത്തുന്നതിനുള്ളവയാണ്. അതുകൊണ്ടുതന്നെ ഗുരുവിന്റെ രചനകൾസാഹചര്യാനുസൃതമായപ്രതികരണങ്ങളായിരുന്നെങ്കിലും അവയുടെഅന്തിമലക്ഷ്യം ഒരേ ഒന്നായിരുന്നു—മനുഷ്യന്റെബോധത്തെ ഉയർത്തുക.
ഇവിടെയാണ് ഗുരുവിന്റെ സാഹിത്യപ്രതിഭയുടെയഥാർത്ഥ പ്രത്യേകത. ഒരു വശത്ത് ദൈവദശകംപോലുള്ള ലളിതമായ പ്രാർത്ഥന, മറ്റൊരു വശത്ത്ദർശനമാല പോലുള്ള ഗൗരവമേറിയ തത്ത്വചിന്ത; ഒരു വശത്ത് ജാതിനിർണയം പോലുള്ളസാമൂഹിക വിമർശനം, മറ്റൊരു വശത്ത്ആത്മോപദേശശതകം പോലുള്ള ആത്മദർശനം. രൂപത്തിലും ഭാഷയിലും വിഷയത്തിലുംവ്യത്യാസമുള്ള ഈ രചനകളെല്ലാം മനുഷ്യന്റെഅന്തസ്സിനെ ഉയർത്തുക എന്ന ഒരൊറ്റലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു.
അതിനാൽ ശ്രീ നാരായണ ഗുരുവിന്റെ കൃതികളെവെറും മലയാള സാഹിത്യത്തിന്റെ ഭാഗമായോസംസ്കൃത ദാർശനിക സാഹിത്യത്തിന്റെഭാഗമായോ തമിഴ് ഭാഷാപാരമ്പര്യവുമായിബന്ധപ്പെട്ട സൃഷ്ടികളായോ മാത്രം കാണാൻകഴിയില്ല. അവ ഭാഷകളെ അതിജീവിക്കുന്നമനുഷ്യസന്ദേശങ്ങളാണ്. മലയാളത്തിൽഅദ്ദേഹം സാധാരണ മനുഷ്യനോട് സംസാരിച്ചു; സംസ്കൃതത്തിൽ ദാർശനിക ലോകവുമായിസംവദിച്ചു; തമിഴിലൂടെ ദക്ഷിണേന്ത്യൻജ്ഞാനപാരമ്പര്യവുമായി ആശയവിനിമയംനടത്തി. ഈ ഭാഷാവൈവിധ്യം അദ്ദേഹത്തിന്റെചിന്തയുടെ വിശാലതയുടെ തെളിവാണ്.
ഗുരുവിന്റെ രചനകളുടെ ലക്ഷ്യം വായനക്കാരനെവെറും അറിവുള്ളവനാക്കുക എന്നതായിരുന്നില്ല. അറിവിനെ ആത്മബോധമാക്കുകയുംആത്മബോധത്തെ ധാർമ്മിക ജീവിതമാക്കുകയും ധാർമ്മിക ജീവിതത്തെ മനുഷ്യ സ്നേഹമാക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം. മനുഷ്യൻ മറ്റൊരാളെ ജാതിയാലോ മതത്താലോ വർണ്ണത്താലോ സമ്പത്തിനാലോ വേർതിരിച്ചു കാണാതെ ഇരിയ്ക്കുകയും, അറിവ് കൊണ്ട് അജ്ഞാനത്തെയും, ആത്മീയത അഹങ്കാരത്തെയും ഇല്ലാതെയാക്കണം. കരുണ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനവും, സ്വാതന്ദ്രം ജന്മാവകാശവുമാണ് എന്ന ആശയമാണ് ഗുരുവിന്റെ വ്യത്യസ്ത കൃതികളിലൂടെ നിരന്തരം ആവർത്തിച്ചിട്ടുള്ളത്.
ശ്രീ നാരായണ ഗുരുവിന്റെ കൃതികൾ ഒരു കാലഘട്ടത്തിന്റെ പ്രതികരണങ്ങലായി കാണാതെ കാലത്തെ അതിജീവിക്കുന്ന മനുഷ്യപ്രമാണങ്ങളാണ്. ഭാഷയോ,ദേശമോ,വർണ്ണമോ മാറിയാലും മനുഷ്യന്റെ അടിസ്ഥാന തത്വങ്ങൾ ഒന്നാണ്, “ഞാൻ ആരാണ്?”, “മറ്റൊരാൾ ആരാണ്?”, “ദൈവം എവിടെയാണ്?”, “മനുഷ്യർ എന്തുകൊണ്ട് വേർതിരിക്കപ്പെടുന്നു?”, “നന്മയുള്ള ഒരു സമൂഹം എങ്ങനെ സൃഷ്ടിക്കാം?”. ഈ ചോദ്യങ്ങൾക്ക് ഗുരുവിന്റെ രചനകൾ ആത്മീയവും സാമൂഹികവും ദാർശനികവുമായ ഉത്തരങ്ങൾ നൽകുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നത് ഒരു കവിയെയോ ദാർശനികനെയോ പരിചയപ്പെടുന്നത്തിലും ഉപരി,മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച ഒരു വിശ്വമാനവ ഗുരുവിന്റെ ചിന്താലോകത്തിലേക്കുള്ള യാത്രയാണ്.
അറിവ് കൊണ്ട് പ്രബുദ്ധനാകുക, ആത്മീയത കൊണ്ട് വിനയമുള്ളവനാകുക, കരുണ കൊണ്ട് സഹജീവി,പ്രകൃതി സ്നേഹം വളർത്തുക, ആ മനുഷ്യബോധം സമൂഹത്തെ സമത്വത്തിലേക്ക് നയിക്കും. ഈ ലക്ഷ്യമാണ് അദ്ദേഹത്തിന്റെ കൃതികളെ ഇന്നും പ്രസക്തമാക്കുന്നതും, അവ ഒരു പ്രദേശത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ പരിധി കടന്ന് മനുഷ്യരാശിയുടെ പൊതുസമ്പത്തായി എന്നും എക്കാലവും നിലകൊള്ളുന്നതും.
(…തുടരും)
